അബുദാബി : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രവാസികൾ അടക്കമുള്ള സാധാരണക്കാരായ ജനങ്ങള്‍ക്ക് കൂടെ സമൂഹ ഇഫ്താറിൽ പങ്കെടുത്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.
അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിൽ ഇഫ്താറിന് എത്തിയ അദ്ദേഹത്തിൻ്റെ കൂടെ വൈസ് പ്രസിഡണ്ട് ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാൻ, അബുദാബി കിരീട അവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ശൈഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ എന്നിവരും മറ്റു പ്രമുഖരും ഉണ്ടായിരുന്നു.
നൂറു കണക്കിന് പേര്‍ എത്തിയ സമൂഹ ഇഫ്താറിലേക്കു അദ്ദേഹം കടന്നു വന്നപ്പോൾ എല്ലാവരും എഴുന്നേറ്റ് ആദരവ് പ്രകടിപ്പിച്ചു. എന്നാല്‍ എല്ലാവരോടും ഇരിക്കാൻ അദ്ദേഹം പറയുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു.
പൊതു ജനങ്ങൾക്ക് നൽകുന്ന ഫ്രഷ് സാലഡ്, പഴം, ബിരിയാണി, ഹരീസ്, വെള്ളം, ലബൻ (യോഗട്ട്) എന്നിവ ഉൾപ്പെടുന്ന ഇഫ്താർ വിരുന്ന് കഴിച്ചു. തുടർന്ന് ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിലെ വിശ്വാസികളു മായും അദ്ദേഹം സംവദിച്ചു.
പ്രസിഡണ്ടും രാജ കുടുംബംഗങ്ങളും ഇരുന്നതിനു സമീപം ഉണ്ടായിരുന്നവരിൽ ഏറെയും മലയാളികൾ ആയിരുന്നു. ലൈവ് വീഡിയോ ഉടനെ ഹിറ്റ് ആവുകയും ചെയ്തു. പ്രവാസി തൊഴിലാളികളുമായി സംവദിക്കുന്ന യു. എ. ഇ. പ്രസിഡണ്ടിന്‍റെ വീഡിയോ കഴിഞ്ഞ വർഷം വൈറല്‍ ആയിരുന്നു. TikTok