
അബുദാബി : നിയമ ലംഘനങ്ങൾക്ക് എതിരെ മുന്നറിയിപ്പുമായി പോലീസ്. ഹെഡ് ലൈറ്റ് ഇടാതെ രാത്രിയിൽ വാഹനം ഓടിച്ചാൽ ശിക്ഷയായി വലിയ തുകയും ഡ്രൈവിംഗ് ലൈസൻസിൽ ബ്ളാക്ക് പോയിന്റുകളും നൽകും എന്നും അധികൃതർ.
രാത്രി മാത്രമല്ല മൂടൽ മഞ്ഞ്, ശക്തമായ പൊടി ക്കാറ്റ്, കനത്ത മഴ എന്നിവ മൂലം ദൂരക്കാഴ്ച കുറയുന്ന സന്ദർഭങ്ങളിലും വാഹനങ്ങളുടെ ഹെഡ് ലൈറ്റ് കത്തിക്കണം. ഇത്തരം സാഹചര്യങ്ങളിൽ ഹെഡ് ലൈറ്റ് ഇല്ലാതെ വാഹനം ഓടിച്ചാൽ നിലവിൽ 500 ദിർഹം പിഴയും ഡ്രൈവിംഗ് ലൈസൻസിന് നാല് ബ്ലാക്ക് പോയിന്റും ശിക്ഷ നൽകി വരുന്നുണ്ട്.
ഹെഡ് ലൈറ്റുകൾക്ക് തകരാർ ഉണ്ടെങ്കിൽ 400 ദിർഹവും 6 ബ്ലാക്ക് പോയിന്റുകളും പിഴയായി നൽകും. ഹെഡ് ലൈറ്റുകൾ കത്തുന്നില്ല എങ്കിൽ വാഹനം റോഡിൽ ഇറക്കരുത് എന്നാണു നിയമം അനുശാസിക്കുന്നത്.
ഹൈബീം ഹെഡ് ലൈറ്റുകൾ ഉപയോഗിക്കുന്നതിലും നിയമ പരമായി മുന്നറിയിപ്പ് നൽകുന്നുണ്ട്. വെളിച്ചം ഇല്ലാത്ത ഹൈവേകളിൽ ഹൈബീം ലൈറ്റുകൾ ഇടാൻ നിയമം അനുവദിക്കുന്നുണ്ട്.
വെളിച്ചം ഉള്ള ഇടങ്ങളിൽ ഇവ ഉപയോഗിക്കുന്നത് മറ്റ് ഡ്രൈവർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും വാഹന അപകടങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും എന്നും മുന്നറിയിപ്പിൽ പറയുന്നു.

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 























 
  
 
 
  
  
  
  
 