അബുദാബി : ഓടുന്ന വാഹനത്തിൻ്റെ സൺ റൂഫ്, വിൻഡോകൾ എന്നിവയിലൂടെ തല പുറത്തിട്ടാൽ 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ചുമത്തും എന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം കുറ്റ കൃത്യം ചെയ്യുന്ന വാഹനം 60 ദിവസത്തേക്ക് കണ്ടു കെട്ടുകയും ചെയ്യും. വാഹനം വിട്ടു കിട്ടുവാൻ 50,000 ദിർഹം പിഴ അടക്കേണ്ടി വരും എന്നും പോലീസ് അറിയിച്ചു.
സൺറൂഫ്, വിൻഡോ എന്നിവകളിലൂടെ യാത്രക്കാർ തല പുറത്തിടുന്നില്ല എന്ന് വാഹനം ഓടിക്കുന്നവർ ഉറപ്പു വരുത്തണം. നിരുത്തരവാദപരമായ പെരു മാറ്റങ്ങൾ ഒഴിവാക്കണം. ഇത്തരം അപകടകരമായ പ്രവൃത്തികൾ മറ്റു യാത്രക്കാരുടെ ജീവനു ഭീഷണിയാകും എന്നും അധികൃതർ ഓർമ്മപ്പെടുത്തി.
സൺ റൂഫുകളിലൂടെ തല പുറത്തേക്ക് ഇട്ട് യാത്ര ചെയ്യുമ്പോൾ അപ്രതീക്ഷിതമായി വാഹനം നിർത്തുകയോ മറ്റു വാഹനങ്ങളുമായി കൂട്ടി ഇടിക്കുകയോ ചെയ്താൽ ഗുരുതര പരിക്കുകൾ ഉണ്ടാവും.
ഗതാഗത സുരക്ഷ വർദ്ധിപ്പിക്കു വാനും അപകടങ്ങൾ ഇല്ലാതാക്കുവാനും പോലീസും സമൂഹവും ഒന്നിച്ച് പരിശ്രമിക്കണം എന്നും അധികൃതർ പറഞ്ഞു.
* Image Credit: Twitter : AD Police – Dubai Police