അബുദാബി : കലാ സാംസ്കാരിക കൂട്ടായ്മയായ അബുദാബി സാംസ്‌കാരിക വേദിയുടെ മൂന്നാമത് പത്മരാജൻ പുരസ്കാരം, പ്രശസ്ത തിരക്കഥാ കൃത്തും നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ക്കു സമ്മാനിക്കും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മലയാള സിനിമക്കു നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ചു കൊണ്ടാണ് പുരസ്കാരം. 2023 ഡിസംബർ ഒൻപതിന് ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ വെച്ച് നടക്കുന്ന ‘ദൃശ്യം-3’ എന്ന അബുദാബി സാംസ്‌കാരിക വേദിയുടെ പരിപാടി യിൽ വെച്ച് അവാർഡ് ദാനം നിര്‍വ്വഹിക്കും എന്നും ഭാരവാഹികൾ പറഞ്ഞു.
എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരുമായ കെ. എഫ്. ജോർജ്ജ്, പി. വി. ഷാജി കുമാർ, ഷജിൽ കുമാർ എന്നിവര്‍ അടങ്ങിയ ജൂറിയാണ് രഞ്ജി പണിക്കരെ തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പത്മരാജൻ പുരസ്കാരം. ഗന്ധർവ്വ സംവിധായകൻ പി. പത്മരാജന്‍റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അവാർഡിന് സിനിമ യുടെ സമഗ്ര മേഖലകളിലും തിളങ്ങി നിൽക്കുന്ന രഞ്ജി പണിക്കർ എന്ത് കൊണ്ടും അർഹന്‍ ആണെന്നു ജൂറി വിലയിരുത്തി.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അബുദാബിയിലെ കലാ സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറ സാന്നിദ്ധ്യമാണ് അബുദാബി സാംസ്‌കാരിക വേദി. പി. പത്മരാജന്‍റെ പേരിൽ 2015 മുതലാണ് അവാർഡ് ഏർപ്പെടുത്തിയത്. ഓരോ നാലു വര്‍ഷം കൂടുമ്പോഴാണ് അവാർഡ് നല്‍കി വരുന്നത്.
പി. പത്മരാജന്‍ കൂടെവിടെ എന്ന സിനിമയിലൂടെ പരിചയപ്പെടുത്തിയ നടന്‍ റഹ്മാന്‍ ആദ്യ പുരസ്കാരം 2015 ൽ ഏറ്റു വാങ്ങി. തുടര്‍ന്ന്, നടി സുരഭി ലക്ഷ്മി 2019 ൽ രണ്ടാമത്തെ പുരസ്കാരം സ്വീകരിച്ചു.
സാംസ്‌കാരിക വേദി രക്ഷാധികാരി കേശവൻ ലാലി, ദൃശ്യം-3 കൺവീനർ അനൂപ് നമ്പ്യാർ, സാംസ്‌കാരിക വേദി പ്രസിഡണ്ട് ടി. വി. സുരേഷ് കുമാർ, ജനറൽ സെക്രട്ടറി ബിമൽ കുമാർ, ട്രഷറർ മുജീബ് അബ്ദുൽ സലാം, വർക്കിംഗ് പ്രസിഡണ്ട് സാബു അഗസ്റ്റിൻ, പ്രോഗ്രാം ഡയറക്ടർ എം. കെ. ഫിറോസ്, പ്രോഗ്രാം കൺവീനർ സലിം നൗഷാദ്, ആർട്സ് സെക്രട്ടറിമാരായ റാഫി പെരിഞ്ഞനം, മുഹമ്മദ് ഷഹാൽ, കോഡിനേറ്റർ സഗീർ, ഹിഷാം എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
മുൻ വർഷങ്ങളിലെ പോലെ തന്നെ വേറിട്ട കലാ സാംസ്കാരിക പരിപാടികൾ ‘ദൃശ്യം-3’ ൻ്റെ ഭാഗമായി അരങ്ങേറും എന്നും സംഘാടകർ അറിയിച്ചു.
- പി. പത്മരാജന്‍ പുരസ്‌കാര ദാനം
- പത്മരാജൻ അവാർഡ് റഹ്മാന്‍ സമ്മാനിച്ചു
- സുരഭി ലക്ഷ്മിക്ക് പത്മരാജൻ പുരസ്കാരം സമ്മാനിച്ചു
- ഗാനോത്സവ് ശ്രദ്ധേയമായി
- ‘പെരുന്നാൾ ചേല്’ ഹിറ്റ് ചാര്‍ട്ടിലേക്ക്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, ആഘോഷം, കല, നൃത്തം, പ്രവാസി, ബഹുമതി, സംഗീതം, സാംസ്കാരികം, സിനിമ