തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട എയര്‍ ഇന്ത്യ വിമാനം യാതൊരു മുന്നറിയിപ്പുമില്ലാതെ തിരുവനന്തപുരം വിമാനത്താവളത്തില്‍ കൊണ്ടുപോയി ഇറക്കി. അബുദാബിയില്‍ നിന്ന് യാത്ര പുറപ്പെട്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ കരിപ്പൂരില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ രാവിലെ 6.30-ന് വിമാനം തിരുവനന്തപുരത്ത് ഇറക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥമൂലമാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയത് എന്നായിരുന്നു എയര്‍ ഇന്ത്യ അധികൃതര്‍ ആദ്യം പറഞ്ഞത്. എന്നാല്‍, ഉച്ചവരെ യാത്രക്കാരെ കോഴിക്കോട്ട് എത്തിക്കാന്‍ എയര്‍ ഇന്ത്യ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പൈലറ്റ് ഡ്യൂട്ടി കഴിഞ്ഞു പോയെന്നും അടുത്ത പൈലറ്റ് എത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം കൈക്കൊള്ളാനാവുകയുള്ളൂ വെന്നുമാണ് എയര്‍പോര്‍ട്ട് മാനേജര്‍ പറഞ്ഞതെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. ഇതെക്കുറിച്ച് അന്വേഷിച്ച സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറുകണത്തിന് യാത്രക്കാരോട് അധികൃതര്‍ മോശമായി പെരുമാറുകയും ചെയ്തു. വിമാനം ഇറങ്ങിയിട്ട് അഞ്ചു മണിക്കൂര്‍ കഴിഞ്ഞെങ്കിലും സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാര്‍ക്ക് ഭക്ഷണമോ വെള്ളമോ നല്‍കാനും എയര്‍ ഇന്ത്യ അധികൃതര്‍ തയ്യാറായിട്ടില്ലെന്നും പരാതിയുണ്ട്.