ദുബായ് : ഏഷ്യാ വിഷനും റേഡിയോ ഏഷ്യയും ചേര്‍ന്ന് നടത്തിയ ആഗോള വോട്ടെടുപ്പിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും പ്രശസ്തനായ മലയാളിയായി മമ്മുട്ടിയും ലോകത്തിലെ ഏറ്റവും പ്രശസ്തനായ എന്‍. ആര്‍. ഐ. ആയി പദ്മശ്രീ എം. എ. യൂസഫലിയും തെരഞ്ഞെടുക്കപ്പെട്ടു. അവസാന റൌണ്ടില്‍ ശശി തരൂര്‍, വി. എസ്. അച്യുതാനന്ദന്‍, മോഹന്‍ലാല്‍, മാധവന്‍ നായര്‍, യേശുദാസ്, റസൂല്‍ പൂക്കുട്ടി എന്നിവരെ പിന്തള്ളിയാണ് മമ്മുട്ടിയെ തെരഞ്ഞെടുത്തത്. ലക്ഷ്മി മിത്തല്‍, മാധുരി ദീക്ഷിത് എന്നിവരെയാണ് എം.കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ പദ്മശ്രീ യൂസഫലി പരാജയപ്പെടുത്തിയത്.
മെയ് 14ന് ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലെ അന്താരാഷ്‌ട്ര വേദിയില്‍ നടക്കുന്ന രണ്ടാമത് ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡ് നൈറ്റില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. യു. എ. ഇ. സര്‍ക്കാരിന്റെ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും എന്ന് ഏഷ്യാ വിഷന്‍ മാനേജിംഗ് ഡയറക്ടര്‍ നിസ്സാര്‍ സയിദ് അറിയിച്ചു.
ദുബായ് ആസ്ഥാനമായുള്ള ഏഷ്യാ വിഷന്‍ അഡ്വര്‍ട്ടൈസിംഗ് ഗള്‍ഫിലെ ആദ്യത്തെ മലയാളം റേഡിയോ സ്റ്റേഷനായ റേഡിയോ ഏഷ്യയും, ലെന്‍സ്‌മാന്‍ പ്രോഡക്ഷന്‍സും ചേര്‍ന്നാണ് അവാര്‍ഡ് സംഘടിപ്പിക്കുന്നത്. ഏഷ്യാ വിഷന്‍ അഡ്വര്‍ട്ടൈസിംഗ് എല്ലാ വര്‍ഷവും മലയാള സിനിമാ അവാര്‍ഡ്, ബിസിനസ് അവാര്‍ഡ്, ടെലിവിഷന്‍ അവാര്‍ഡ് എന്നിവ സംഘടിപ്പിക്കാറുണ്ട്.
യു.എ.ഇ. കൂടാതെ ഇന്ത്യ സൗദി അറേബ്യ എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള ഏഷ്യാ വിഷന്‍,ടി.വി. ചാനല്‍ മാനേജ്മെന്റ്, റേഡിയോ മാനേജ്മെന്റ്, കണ്‍സള്‍ട്ടന്സി, അഡ്വര്‍ട്ടൈസിംഗ്, പ്രൊഡക്ഷന്‍, ഇവന്റ് മാനേജ്‌മെന്റ് എന്നീ മേഖലകളിലും സജീവമാണ്.