ഷാര്‍ജ : പ്രേരണ യു.എ.ഇ. യുടെ ആഭിമുഖ്യത്തില്‍ ഈ വരുന്ന ഏപ്രില്‍ 30-ന് വൈകുന്നേരം 3 മണി മുതല്‍ ഷാര്‍ജയിലെ ഇന്‍സ്റ്റിട്യൂറ്റ് ഓഫ് തിയറ്ററിക്കല്‍ ആര്‍ട്ട്‌സില്‍ വെച്ച് ഒരു ഏകദിന നാടകോത്സവം സംഘടിപ്പിക്കുന്നു. ‘എമിഗ്രന്റ് തിയറ്ററിക്കല്‍ എക്സ്പ്രഷന്‍സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ നാടകോ ത്സവത്തില്‍ മൂന്നു നാടകങ്ങളാണ് അവതരിപ്പിക്കുന്നത്.
ആദ്യ നാടകത്തിനു ശേഷം നാടക പ്രവര്‍ത്തകരെയും നാടക പ്രേമികളെയും ഉദ്ദേശിച്ച് ഓപ്പണ്‍ ഫോറവും ഉണ്ടായിരി ക്കുന്നതാണ്.
നാടകങ്ങളെയും നാടക ഗ്രൂപ്പുകളെയും കുറിച്ച് ഒരു വാക്ക്:
കണ്ണാടി – അവതരിപ്പിക്കുന്നത് പ്ലാറ്റ്ഫോം ഗ്രൂപ്പ് (രചന – ജയപ്രകാശ് കുളൂര്‍; സംവിധാനം – സഞ്ജീവ്)
ആധുനിക മലയാള നാടക വേദിയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു സാന്നിധ്യമാണ് ജയപ്രകാശ് കുളൂര്‍. ജയപ്രകാശിന്റെ ‘പതിനെട്ട് നാടകങ്ങള്‍’ എന്ന പുസ്തകത്തിന് 2008-ലെ സംഗീത നാടക അക്കാഡമി പുരസ്കാരം ലഭിച്ചു. കേരളത്തിനകത്തും പുറത്തും നിരവധി തവണ അവതരിപ്പി ക്കപ്പെടുകയും, ഗൌരവമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുള്ള നാടകങ്ങളാണ് ജയപ്രകാശിന്റേത്. ദുബായിലെ പ്ളാറ്റ്‌ഫോം തിയേറ്റര്‍ ഈ നാടകത്തിന് രംഗഭാഷ്യം നല്‍കുന്നു. രണ്ട് ദശകങ്ങളായി നാടക രംഗത്ത് പ്രവര്‍ത്തിക്കുന്ന സഞ്ജീവാണ് ഈ നാടകം സംവിധാനം ചെയ്തിരിക്കുന്നത്.
വണ്‍ ഫോര്‍ ദ് റോഡ് – അവതരിപ്പിക്കുന്നത് പ്രേരണ യു.എ.ഇ. (രചന – ഹാരോള്‍ഡ് പിന്റര്‍; സംവിധാന സഹായം – ജോളി ചിറയത്ത്)
2005-ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച ഹാരോള്‍ഡ് പിന്റര്‍ തിരക്കഥാ കൃത്ത്, സംവിധായകന്‍, നടന്‍, കവി, ആക്റ്റിവിസ്റ്റ് എന്നീ മേഖല കളിലെല്ലാം പ്രശസ്ത നായിരുന്നു. താന്‍ ജീവിച്ച കാലഘട്ടത്തെയും അതിന്റെ ചലനങ്ങളെയും തന്റെ രചനകളിലൂടെ സത്യസന്ധമായി അവതരിപ്പിക്കാന്‍ ജീവിതാവസാനം വരെ അദ്ദേഹം ജാഗരൂകത പാലിച്ചു.
എന്‍. യു. ഉണ്ണിക്കൃഷ്ണന്‍ പരിഭാഷ പ്പെടുത്തിയ ഈ നാടകത്തിന്റെ സംവിധാന സഹായം നിര്‍വ്വഹിച്ചിരിക്കുന്നത്, യു. എ. ഇ. യിലെ പ്രമുഖ തിയേറ്റര്‍ ആക്റ്റിവിസ്റ്റായ ജോളി ചിറയത്താണ്. പ്രേരണ യു. എ. ഇ. യുടെ പ്രഥമ ദൃശ്യാവിഷ്ക്കാര സംരംഭം കൂടിയാണ് ഈ നാടകം.
യെര്‍മ – അവതരിപ്പിക്കുന്നത് ദുബായ് തിയേറ്റര്‍ ഗ്രൂപ്പ് (രചന – ലോര്‍ക്ക ; സംവിധാനം – സുവീരന്‍)
സ്പാനിഷ് ആഭ്യന്തര യുദ്ധത്തിന്റെ ആരംഭ നാളുകളില്‍ നാഷണലിസ്റ്റുകളാല്‍ കൊല്ലപ്പെട്ടവരില്‍ പ്രമുഖനായിരുന്നു, പ്രശസ്ത സ്പാനിഷ് നാടക കൃത്തും, കവിയുമായിരുന്ന ഫ്രെഡറിക് ഗാര്‍ഷ്യ ലോര്‍ക്ക. നിരവധി കവിതകളും നാടകങ്ങളും ഹ്രസ്വ നാടകങ്ങളും രചിച്ച ലോര്‍ക്ക, നാടക രംഗത്ത് ശക്തവും നൂതനവുമായ പരീക്ഷണങ്ങളാണ് നടത്തിയത്. ജീവിച്ചി രിക്കുമ്പോള്‍ തന്നെ വിവാദ നായകനായിരുന്ന ലോര്‍ക്കയുടെ രചനയാണ് ‘യെര്‍മ’.
സുവീരന്‍ സംവിധാനം ചെയ്ത ഈ നാടകം ദുബായ് തിയേറ്റര്‍ ഗ്രൂപ്പ് രംഗത്ത് അവതരിപ്പിക്കുന്നു. തൃശ്ശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദമെടുത്ത സുവീരന്റെ ‘ഉടമ്പടി ക്കോലം‘, ‘അഗ്നിയും വര്‍ഷവും‘ എന്നീ നാടകങ്ങള്‍ക്ക് 1997-ലെയും 2002-ലെയും അമേച്വര്‍ നാടകത്തിനുള്ള സംഗീത നാടക അക്കാഡമി പുരസ്ക്കാരങ്ങള്‍ ലഭിക്കുക യുണ്ടായി.
അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച നാടകോത്സവം 2009ല്‍ മികച്ച നാടകമായി തിയ്യേറ്റര്‍ ദുബായ് അവതരിപ്പിച്ച യെര്‍മ യും, ഈ നാടകം സംവിധാനം ചെയ്ത സുവീരന്‍ മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.