അബുദാബി : ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ സമകാലിക സംഭവങ്ങള്‍, രാജ്യം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്ക് കടക വിരുദ്ധമാണ് എന്നും ന്യൂനപക്ഷങ്ങളെ അപരവത്ക്കരിക്കുന്നത് മൂലം രാജ്യം അരക്ഷിതമാവും എന്നും ഷാർജ മസ്ജിദുൽ അസീസ് ഇമാമും പ്രഗത്ഭ പണ്ഡിതനുമായ ശൈഖ് ഹുസൈൻ സലഫി അഭിപ്രായപ്പെട്ടു,
ചില മതാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുണ്ടായ ന്യൂനപക്ഷ വിരുദ്ധ അക്രമങ്ങൾ അപമാനമാണ്. രാജ്യത്തെ പൗരന്മാരുടെ വീടും ജീവിതോപാധികളും സ്റ്റേറ്റിന്‍റെ തന്നെ നേതൃത്വത്തിൽ ബുൾ ഡോസർ ഉപയോഗിച്ച് നിരപ്പാക്കുന്ന കിരാത നടപടികളെ മതേതര സമൂഹം ഒറ്റക്കെട്ടായി ചെറുക്കണം. അബുദാബി ഇന്ത്യൻ ഇസ്ലാഹി സെന്‍റർ സംഘടിപ്പിച്ച റമളാന്‍ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മുഴുവൻ പൗരന്മാരുടെയും ക്ഷേമവും പുരോഗതിയുമാണ് രാജ്യത്തിന്‍റെ പുരോഗതി എന്നും വർഗ്ഗീയ സംഘർഷങ്ങൾ ആധുനിക സമൂഹത്തിനു ഒട്ടും ഭൂഷണമല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ പോലെയുള്ള രാജ്യത്ത് വ്യത്യസ്ത ജനങ്ങളുടെ വിശ്വാസ ത്തെയും സംസകാരത്തെയും മാനിച്ചും ബഹുമാനിച്ചും മുന്നോട്ട് പോയാൽ മാത്രമേ രാജ്യത്ത് പുരോഗതി സാദ്ധ്യമാവുകയുള്ളു. സകല വിഭാഗീയത ചിന്തകളെയും നിരാകരിച്ച വിശുദ്ധ ഖുആനിന്‍റെ അധ്യാപനങ്ങൾ ഇക്കാലത്ത് വളരെ പ്രസക്തമാണ്.
ഇരുനൂറിൽ പരം വ്യത്യസ്ഥ രാജ്യക്കാർ താമസിക്കുന്ന യു. എ. ഇ. സൗഹാർദ്ദത്തിലും സഹോദര്യത്തിലും സഹിഷ്ണുതയിലും ലോകത്തിനു തന്നെ മാതൃക ആയി മാറിയതില്‍ ഭരണാധികാരികളെ അദ്ദേഹം പ്രശംസിച്ചു .
സമൂഹത്തിലെ പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ട വിഭാഗ ങ്ങളുടെ ഉന്നമനവും വിമോചനവും സമൂഹം ബാധ്യതയായി കാണണം. സമൂഹത്തിന്‍റെ അടിസ്ഥാന ആവശ്യമായ പാര്‍പ്പിടം, ഭക്ഷണം, വസ്ത്രം, തൊഴില്‍ എന്നിവ ലഭ്യമാ ക്കുന്നതില്‍ കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാവണം.
യു. എ. ഇ. ഇസ്ലാഹി സെന്‍റർ ജനറൽ സെക്രട്ടറി ശംസുദ്ധീൻ അജ്‌മാൻ അദ്ധ്യക്ഷത വഹിച്ചു. അൽ റാഷിദ് ഖുർആൻ സ്റ്റഡി സെന്‍റർ പ്രസിഡണ്ട് അബ്ദുസ്സലാം അലപ്പുഴ പരിപാടി ഉൽഘാടനം ചെയ്ത. അബുദാബി ഇസ്ലാമിക് സെന്‍റർ ജനറൽ സെക്രട്ടറി ടി. കെ. അബ്ദുൽ സലാം, അബ്ദുല്ലാ ഫാറൂഖി, ഷുക്കൂറലി കല്ലിങ്ങൽ (കെ. എം. സി. സി.), സലീം ചിറക്കൽ (മലയാളി സമാജം), സഈദ് ചാലിശ്ശേരി (ഇസ്‌ലാഹി സെൻറർ) തുടങ്ങിയവര്‍ സംബന്ധിച്ചു.