ദുബായ്:എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ബാഗേജ് അലവന്‍സ് കുറച്ചതില്‍ പ്രവാസ ലോകത്ത് കനത്ത പ്രതിഷേധം. തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്
നിരവധി പ്രവാസ സംഘടനകള്‍ രംഗത്തെത്തി.രണ്ടു വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ പോകുന്ന സാധാരണക്കാരായ പ്രവാസികളേയും കുടുമ്പവുമൊത്ത് പോകുന്നവരേയുമാണ് ഈ തീരുമാനം ഏറെ വലച്ചത്. മൂന്നുമുതല്‍ അഞ്ചുവരെ അംഗങ്ങള്‍ ഉള്ള പ്രവാസികുടുമ്പുങ്ങള്‍ ആശ്രയിക്കുന്നത് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് പോലെ ഉള്ള ബഡ്ജറ്റ് എയര്‍ ലൈനുകളെ ആണ്.സ്കൂള്‍ അവധിക്കാലത്ത് ടിക്കറ്റ് ചാര്‍ജ്ജ് കുതിച്ചുയരുന്നതും പോരാഞ്ഞ് ബാഗേജ് അലവന്‍സ് കുറച്ചത് കനത്ത ആഘതമായി മാറി. നാട്ടില്‍ തന്നെയും പ്രതീക്ഷിച്ചിരിക്കുന്ന കൊച്ചു കുട്ടികള്‍ക്ക് വാങ്ങുന്ന കളിപ്പാട്ടങ്ങള്‍ക്ക് കിലോക്ക് 40 ദിര്‍ഹം വച്ച് നല്‍കേണ്ടിവരുമ്പോള്‍ പിടയ്ക്കുന്ന ഹൃദയവുമായാണ് പലരും അത് എയര്‍പോര്‍ട്ടില്‍ ഉപേക്ഷിക്കുന്നത്. ഉപജീവനത്തിനായി ഉറ്റവരേയും ഉടയവരേയും വിട്ട് നില്‍ക്കുന്ന പ്രവാസികള്‍
രണ്ടും മൂന്നും വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ പോകുന്നത്. കഠിനമായ കാലാവസ്ഥയോട് മല്ലിട്ട് പരിമിതമായ സൌകര്യങ്ങളില്‍ കഴിയുന്ന അവരെ സംബന്ധിച്ച് അവധിക്ക് നാട്ടില്‍ പോകുമ്പോല്‍ ഉറ്റവര്‍ക്ക് നല്‍കുവാനുള്ള പാരിതോഷികങ്ങള്‍ ശേഖരിച്ചു വെക്കുക പതിവാണ്. മിക്ക ലേബര്‍ ക്യാമ്പുകളിലും ഇത്തരത്തില്‍ ഉള്ള ശേഖരങ്ങള്‍ കാണുവാന്‍ ആകും. എന്നാല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ പുതിയ നിലപാട് ഇത്തരക്കാര്‍ക്ക് കനത്ത വേദനയാണ് സമ്മാനിക്കുന്നത്.