ദുബായ് : പ്രസിദ്ധീകരണത്തിന്റെ വിജയകരമായ പത്ത് വർഷം പൂർത്തിയാക്കുന്ന ജീവരാഗം മാസികയുടെ ദശ വത്സര ആഘോഷങ്ങളുടെ ഭാഗമായി ഗ്ലോബൽ പേഴ്സണാലിറ്റി പുരസ്ക്കാരത്തിന് യു. എ. ഇ. എക്സ്ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വൈ. സുധീർ കുമാർ ഷെട്ടി തെരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക മേഖലയിൽ എന്ന പോലെ, സാമൂഹ്യ സാംസ്ക്കാരിക ജീവകാരുണ്യ രംഗങ്ങളിലും നല്കിയ മികച്ച സേവനങ്ങൾ പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്ക്കാരത്തിന് തെരഞ്ഞെടുത്തത്. ഇന്ന് വൈകീട്ട് 5 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ സ്പീക്കർ ജി. കാർത്തികേയന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വെച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽ നിന്ന് സുധീർ കുമാർ ഷെട്ടി പുരസ്ക്കാരം എറ്റുവാങ്ങും.
കാസർക്കോട് ജില്ലയിലെ അതിർത്തി ഗ്രാമമായ എൻമഗജെയിൽ ജനിച്ചു വളർന്ന സുധീർ ഷെട്ടി കഴിഞ്ഞ രണ്ട് ദശകത്തിൽ അധികമായി യു. എ. ഇ. എക്സ്ചേഞ്ചിന്റെ സാരഥി എന്ന നിലയിൽ ആഗോള ധന വിനിമയ മേഖലയിൽ സ്വന്തമായ കാഴ്ചപ്പാടും നിലപാടും ഉപയോഗപ്പെടുത്തി നൂതനമായ നിരവധി പരിഷ്ക്കാരങ്ങൾക്ക് നേതൃത്വം നല്കിയിട്ടുണ്ട്. യു. എ. ഇ. യിലെ അബുദാബിയിൽ ഒരു ശാഖയുമായി 1980ൽ പ്രവർത്തനം ആരംഭിച്ച യു. എ. ഇ. എക്സ്ചേഞ്ചിനെ 5 വൻ കരകളിലായി 30 രാഷ്ട്രങ്ങളിൽ 570ൽ പരം ശാഖകളുള്ള ഒരു വൻ ധന വിനിമയ സ്ഥാപനമായി വളർത്തിയത് ഷെട്ടിയുടെ നേതൃപാടവമാണ്.