ദുബായ് : ഇശൈ ജ്ഞാനി ഇളയരാജയുടെ ആദ്യ ചലച്ചിത്രേതര ആല്‍ബമായ “ഹൌ ടു നെയിം ഇറ്റ്” ദുബായില്‍ ഒരു സംഘം കലാകാരന്മാര്‍ ആവിഷ്കരിച്ചു. ദുബായ് ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന ദര്‍ശന യു.എ.ഇ. സംഗമം – 2010ലാണ് ഈ അപൂര്‍വ സംഗീതാനുഭവം യു.എ.ഇ. യിലെ സംഗീത പ്രേമികള്‍ക്ക് അനുഭവവേദ്യമായത്. കരോക്കെയുടെ സഹായമില്ലാതെ ലൈവ് ആയി ഇത്തരമൊരു സംഗീത പരിപാടി ഗള്‍ഫ് മേഖലയില്‍ തന്നെ ഇതാദ്യമായിട്ടാണ്.
ഇളയരാജ 1986ല്‍ സംവിധാനം ചെയ്ത “ഡു എനിതിംഗ്” എന്ന സൃഷ്ടിയാണ് യു.എ.ഇ. യിലെ ആറു കലാകാരന്മാര്‍ ചേര്‍ന്ന് ദുബായില്‍ പുനസൃഷ്ടിച്ചത്.
യു.എ.ഇ. യിലെ നിരവധി കലാകാരന്മാര്‍ക്ക് സംഗീതം അഭ്യസിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന സംഗീതജ്ഞന്‍ ജി. വിനീത് കുമാറിന്റെ നേതൃത്വത്തില്‍ പ്രശസ്ത വയലിനിസ്റ്റും കഥകളി സംഗീതം, കര്‍ണ്ണാടക സംഗീതം, മോഹിനിയാട്ടം, ഭരതനാട്യം, കഥകളി എന്നിവയില്‍ പ്രവീണയുമായ സപ്ന അനുരൂപ് (വയലിന്‍), യു.എ.ഇ. യിലെ അറിയപ്പെടുന്ന യുവ കീബോര്‍ഡ് കലാകാരിയും നര്‍ത്തകിയുമായ കാരോളിന്‍ സാവിയോ (കീബോര്‍ഡ്), പ്രശസ്ത ലീഡ് ഇലക്ട്രിക് ഗിറ്റാറിസ്റ്റ് സന്തോഷ് കുമാര്‍ (ഗിറ്റാര്‍), ജിഷി സാമുവല്‍ (പുല്ലാങ്കുഴല്‍), യു.എ.ഇ. യിലെ സംഗീത സദസ്സുകളിലൂടെ വളര്‍ന്നു വരുന്ന യുവ കലാകാരനായ ആനന്ദ് പ്രീത് (കീബോര്‍ഡ്), പെര്‍ക്കഷന്‍ രംഗത്ത് താള വിസ്മയം തീര്‍ക്കുന്ന പ്രശസ്ത ഡ്രമ്മര്‍ രഞ്ജിത്ത് പി. (ട്രിപ്പിള്‍ ഡ്രംസ്) എന്നിവര്‍ ചേര്‍ന്നാണ് ഈ സംഗീത വിരുന്നൊരുക്കിയത്. ഇവര്‍ ചേര്‍ന്ന് രൂപം നല്‍കിയ “ഡു എനിതിംഗ് – എ മ്യൂസിക്കല്‍ സാഗ – Do Anything – A Musical Saga – DAAMS” എന്ന ട്രൂപ്പിന്റെ ആദ്യ ലൈവ് പരിപാടി കൂടിയായിരുന്നു വെള്ളിയാഴ്ച ദുബായില്‍ നടന്നത്.
തമിഴ് നാടന്‍പാട്ടിന്റെ തനത് ശൈലി, പാശ്ചാത്യ സംഗീതവുമായി ഇണക്കി ചേര്‍ത്ത് ഇമ്പമാര്‍ന്ന ഈണങ്ങള്‍ ഒരുക്കുന്നതില്‍ അതുല്യനാണ് ഇളയരാജ. ദക്ഷിണേന്ത്യന്‍ സംഗീത സംവേദനക്ഷമതയില്‍ പാശ്ചാത്യ സംഗീതത്തിന്റെ അലയടികള്‍ ഇത്ര ജനപ്രിയമാക്കിയ ഇളയരാജയുടെ ആദ്യത്തെ ചലച്ചിത്രേതര ആല്‍ബമാണ് 1986ല്‍ പുറത്തിറങ്ങിയ ഹൌ ടു നെയിം ഇറ്റ്. കര്‍ണ്ണാടക സംഗീതവും രാഗങ്ങളും ജെ. എസ്. ബാച്ചിന്റെ ഫ്യൂഗുകളും ബരോഖുകളും സമന്വയിപ്പിച്ച ഈ സൃഷ്ടി കര്‍ണ്ണാടക സംഗീതത്തില്‍ അദ്വിതീയനായ ത്യാഗരാജ സ്വാമികളുടെയും പാശ്ചാത്യ സംഗീതാചാര്യനായ ജെ. എസ്. ബാചിന്റെയും പേരിലാണ് ഇളയരാജ സമര്‍പ്പിച്ചത്.
ഈ ആല്‍ബത്തില്‍ നിന്നുമുള്ള “ഡു എനിതിംഗ്” എന്ന കൃതിയാണ് ദുബായില്‍ അവതരിപ്പിച്ചത്. 50 പേര്‍ ചേര്‍ന്നൊരുക്കിയ ഒരു ഓര്‍ക്കെസ്ട്ര ആറു പേര്‍ ചേര്‍ന്ന് പുനസൃഷ്ടിക്കാന്‍ ശ്രമിച്ചത് ഒരു അപരാധം തന്നെയാണ് എന്നാണു ഈ കലാകാരന്മാര്‍ പറയുന്നത്. പക്ഷെ ഇളയരാജ എന്ന നമ്മുടെയെല്ലാം കാലത്തെ അസാമാന്യ പ്രതിഭയോടുള്ള ആദര സൂചകമായാണ് തങ്ങള്‍ ഈ അപരാധത്തിന് മുതിര്‍ന്നത്. പ്രവാസ ജീവിതത്തിനിടയ്ക്ക് ഇത്തരമൊരു സംഗീത കൂട്ടായ്മയ്ക്ക് രൂപം നല്‍കാനും അതിന്റെ ആദ്യ അരങ്ങേറ്റത്തില്‍ തന്നെ ഇളയരാജയെ പോലൊരു അതുല്യ പ്രതിഭയുടെ സൃഷ്ടി അവതരിപ്പിക്കാനും സാധിച്ചതില്‍ തങ്ങള്‍ക്കു ഏറെ സന്തോഷമുണ്ട്. കൂടുതല്‍ കലാകാരന്മാരെ കൂടി ഉള്‍പ്പെടുത്തുകയും, തുടര്‍ച്ചയായി പരിശീലനം നടത്തുകയും ചെയ്ത് ഈ കൂട്ടായ്മ വളര്‍ത്തിയെടുത്ത് പ്രവാസം സംഗീത സാന്ദ്രമാക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നത് എന്നും ഇവര്‍ പറയുന്നു.