അബുദാബി : പ്രവാസി കൂട്ടായ്മയായ വടകര എൻ. ആർ. ഐ. ഫോറം അബുദാബി ചാപ്റ്റർ ഇരുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘വടകര മഹോത്സവം’ ഒക്ടോബർ 20 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ അബുദാബി കേരള സോഷ്യൽ സെന്റർ അങ്കണത്തിൽ നടക്കും.
യു. എ ഇ യിലെ പ്രമുഖ കലാകാരൻമാർ അണി നിരക്കുന്ന കലാ സന്ധ്യ, നാടൻ രുചിക്കൂട്ടുകളുടെ ഭക്ഷണ ശാലകൾ, പ്രൊമോഷണൽ സ്റ്റാളുകൾ ഉൾപ്പെടെ നാട്ടിലെ ഉത്സവപ്പറമ്പിനെ അനുസ്മരിപ്പിക്കും വിധമായിരിക്കും വടകര മഹോത്സവം നടക്കുക.
വടകര പാർലിമെൻറ് മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളും മാഹിയുമാണ് വടകര എൻ. ആർ. ഐ. ഫോറം പ്രവർത്തന പരിധി.
ഇരുപതു വർഷം കൊണ്ട് നാട്ടിലും വിദേശത്തുമായി നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ ഈ കൂട്ടായ്മ നൂറ്റി അൻപതോളം യുവതീ യുവാക്കൾക്ക് മംഗല്യ സാഫല്യം, വിവിധ സ്പെഷ്യൽ സ്കൂളുകൾക്ക് കെട്ടിടവും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കി.
‘വടകര മഹോത്സവം’ അങ്കണത്തിലേക്ക് ഉള്ള പ്രവേശന കൂപ്പൺ നറുക്കിട്ട് എടുത്ത് വിജയികൾക്ക് ഇരുപതോളം ആകർഷക സമ്മാനങ്ങളും നൽകും എന്നും സംഘാടകർ അറിയിച്ചു.