ദുബായ് : മികച്ച മലയാളി ആര്‍ക്കിടെക്ടുമാര്‍ക്കുള്ള പുരസ്കാരങ്ങള്‍ ഇന്റര്‍നാഷ്ണല്‍ ആര്‍ക്കിടെക്ട്ചര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള എന്ന ചടങ്ങില്‍ വച്ച് വിതരണം ചെയ്തു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സിന്റെ കേരള ചാപ്റ്ററും യു. എ. ഇ. യിലെ മലയാളി ആര്‍ക്കിടെക്ട്സിന്റെ കൂട്ടായ്മയായ കേരള ആര്‍ക്കിടെക്ട്സ് ഫോറം – എമിറേറ്റ്സ് (കഫേ) എന്ന സംഘടനയും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. ജുമൈറ എമിറേറ്റ്സ് ടവേഴ്സില്‍ വച്ചു നടന്ന ചടങ്ങില്‍ കേരത്തിനകത്തും പുറത്തു നിന്നുമായി ഇരുനൂറ്റമ്പതിലധികം ആര്‍ക്കിടെക്ടുകള്‍ പങ്കെടുത്തു.
കേരളത്തിലെ ആര്‍ക്കിടെക്ടുകള്‍ ഡിസൈന്‍ ചെയ്ത് പൂര്‍ത്തിയാക്കിയ പ്രോജക്ടുകള്‍ ആയിരുന്നു മത്സരത്തിനായി പരിഗണിച്ചിരുന്നത്. വിവിധ വിഭാഗങ്ങളിലായി മൊത്തം 43 എന്‍ട്രികള്‍ ആണ് മത്സരത്തിനായി സമര്‍പ്പിക്കപ്പെട്ടത്. സഞ്ജയ് മോഹെ, യതിന്‍ പാണ്ഡ്യ, ക്വൈദ് ഡൂന്‍ഗര്‍ വാല എന്നിവര്‍ അടങ്ങിയ ജഡ്ജിങ്ങ് പാനലാണ് പ്രോജക്ടുള്‍ വിലയിരുത്തി വിജയികളെ നിശ്ചയിച്ചത്. ഇന്‍ഡിപെന്റന്റ് റസിഡന്‍ഷ്യല്‍ വിഭാഗത്തില്‍ “ഋതു” എന്ന വീട് ഡിസൈന്‍ ചെയ്ത ആര്‍ക്കിടെക്ട് ജയദേവിന് ഗോള്‍ഡന്‍ ലീഫ് പുരസ്കാരം ലഭിച്ചു. ആര്‍ക്കിടെക്ട് പുന്നന്‍ സി. മാത്യുവിനാണ് സില്‍വര്‍ ലീഫ് പുരസ്കാരം ലഭിച്ചത്. മാസ് ഹൌസിങ്ങില്‍ ഗോള്‍ഡന്‍ ലീഫ് വിനോദ് സിറിയക്കിനും, പാലക്കാട്ട് ശ്രീപദ ഡാന്‍സ് കളരിയുടെ ഡിസൈനിങ്ങിന് ആര്‍ക്കിടെക്ട് വിനോദ് കുമാറിന് പബ്ലിക് & സെമി പബ്ലിക്ക് വിഭാഗത്തിലും ഗോള്‍ഡന്‍ ലീഫ് ലഭിച്ചു.
ആര്‍ക്കിടെക്ട് അരുണ്‍ വിദ്യാസാഗര്‍ രണ്ടര സെന്റില്‍ ചെയ്ത ഓഫീസ് കെട്ടിടത്തിനാണ് കൊമേഴ്സ്യല്‍ കെട്ടിടങ്ങളുടെ വിഭാഗത്തില്‍ ഗോള്‍ഡന്‍ ലീഫ് പുരസ്കാരം. ഈ വിഭാഗത്തില്‍ ഭവാനി കണ്‍സള്‍ട്ടന്‍സിയുടെ ഓഫീസ് ഡിസൈന്‍ ചെയ്ത ആര്‍ക്കിടെക്ട് സെബാസ്റ്റ്യന്‍ ജോസിനാണ് സില്‍വര്‍ ലീഫ് ലഭിച്ചത്. മദ്രാസിലെ കുടുമ്പം കേരള ബ്യൂട്ടിക് റെസ്റ്റോറന്റിന്റെ ഡിസൈനിന് ആര്‍ക്കിടെക്ട് എം. എം. ജോസിന് ഗോള്‍ഡന്‍ ലീഫ് ലഭിച്ചു.
മികച്ച ഇന്റീരിയര്‍ ഡിസൈനിങ്ങിനുള്ള ഗോള്‍ഡന്‍ ലീഫ് പുരസ്കാരം ആര്‍ക്കിടെക്ട് അനൂജ് ഗോപകുമാര്‍ സ്വന്തമാക്കി. ആര്‍ക്കിടെക്ട് ബ്രിജേഷ് ഷൈജലിനാണ് ഈ വിഭാഗത്തില്‍ സില്‍വര്‍ ലീഫ് ലഭിച്ചത്.
ആദ്യമായാണ് ഐ. ഐ. എ. കേരള ചാപ്റ്റര്‍ ഒരു വിദേശ രാജ്യത്ത് വച്ച് ഇപ്രകാരം ഒരു ചടങ്ങ് സംഘടിപ്പിക്കുന്നത്. ലോക പ്രശസ്ത ആര്‍ക്കിടെക്ടുമാരായ നീല്‍ ഫിഷര്‍, ക്രിസ്റ്റഫര്‍ ബെന്നിന്‍ജര്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യയില്‍ നിന്നുള്ള സഞ്ചയ് മോഹെ, ശശികല ഭൂഷന്‍, ദുബായില്‍ നിന്നും മനോജ് ക്ലീറ്റസ് തുടങ്ങിയവര്‍ ആര്‍ക്കിടെക്ചറുമായി ബന്ധപ്പെട്ട് വ്യത്യസ്ഥ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. വിവിധ രാജ്യങ്ങളിലായി പ്രാക്ടീസ് ചെയ്യുന്ന ആര്‍ക്കിടെക്ടുകള്‍ക്ക് പരസ്പരം പരിചയപ്പെടുവാനും പുതിയ അറിവുകള്‍ സ്വായത്തമാക്കുവാനും ഈ ചടങ്ങിലൂടെ സാധിച്ചുവെന്ന് സംഘാടകര്‍ e പത്രത്തോട് പറഞ്ഞു.
(ചിത്രം : പുരസ്കാര ജേതാക്കള്‍ ജൂറിയംഗം ആര്‍ക്കിടെക്ട് സഞ്ജയ് മോഹെയ്ക്കൊപ്പം)