ദുബായ് : മലയാള കവിതയെ അറബ് ലോകത്തിന് പരിചയപ്പെടുത്തിയ കവി ഡോ. ഷിഹാബ് അല്‍ ഗാനെം ടാഗോർ സമാധാന സമ്മാനത്തിന് അർഹനായി. ഈ ബഹുമതി ലഭിക്കുന്ന ആദ്യ അറബ് വംശജനാണ് അദ്ദേഹം. ടാഗോർ ഉദ്ബോധിപ്പിച്ചത് പോലെ കവിതയിലൂടെയും അതിന്റെ തർജ്ജമയിലൂടെയും മനുഷ്യത്വം, സ്നേഹം, സമാധാനം എന്നീ മൂല്യങ്ങൾ ഉയർത്തി പിടിച്ച് മാനുഷിക മൂല്യങ്ങളിലെ അവബോധം വികസിപ്പിക്കുകയും ചെയ്തതാണ് അദ്ദേഹത്തെ ഈ ബഹുമതിക്ക് അർഹനാക്കിയത്.
കുമാരനാശാന് മുതല്‍ മലയാള കവിതയിലെ ഇളം തലമുറയില്‍ പെട്ടവരെ വരെ അറബ് സാഹിത്യ ലോകത്തിന് പരിചയപ്പെടുത്തിയ ഗാനെം ഇന്ത്യൻ കവികളുമായി അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്.
മിര്‍സാ ഗാലിബും ടാഗോറും മുതല്‍ 1969-ല്‍ ജനിച്ച സല്‍മ വരെയുള്ള മുപ്പതോളം കവികളുടെ 77 കവിതകളുള്‍പ്പെടുന്ന ഒരു കവിതാ സമാഹാരം അദ്ദേഹം അറബിയിലേക്ക് പരിഭാഷപ്പെടുത്തി. ഈ ബൃഹദ്സമാഹാരത്തില്‍ മലയാളത്തിന്റെ സാന്നിദ്ധ്യവും ശ്രദ്ധേയമാണ്. കക്കാട്, അയ്യപ്പപ്പണിക്കര്‍, ആറ്റൂര്‍, കടമ്മനിട്ട, സച്ചിദാനന്ദന്, കെ. ജി. ശങ്കരപ്പിള്ള, ബാലചന്ദ്രന് ചുള്ളിക്കാട് എന്നിവരാണ് മലയാളത്തില്‍ നിന്നുള്ള കവികള്‍.
അലി സര്‍ദാര്‍ ജാഫ്രി, കൈഫി ആസ്മി, മുന്‍ പ്രധാനമന്ത്രി വാജ്പേയ് തുടങ്ങിയവരുടെ കവിതകളും ഈ സമാഹാരത്തിലുണ്ട്. വിവിധ ഭാരതീയ ഭാഷകളിൽ എഴുതപ്പെട്ടിട്ടുള്ള കവിതകളുടെ ഇംഗ്ലീഷ് പരിഭാഷകളെ അടിസ്ഥാനപ്പെടുത്തിയാണ് അദ്ദേഹം ഈ വിവര്‍ത്തനം നിര്‍വഹിച്ചത്.
അതേ സമയം ജയന്ത മഹാപത്ര, കമലാ സുരയ്യ (മാധവിക്കുട്ടി) തുടങ്ങിയവരുടെ ഇംഗ്ലീഷ് ഭാഷയിൽ എഴുതപ്പെട്ടിട്ടുള്ള കവിതകള്‍ നേരിട്ടു തന്നെ അറബിയിലേയ്ക്ക് പരിഭാഷപ്പെടുത്തിയതും ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ക്കാരങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങളല്ല സംഭാഷണങ്ങളാണ് നടക്കേണ്ടത് എന്ന അവബോധമാണ് ഇത്തരമൊരു സംരംഭത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് ഡോ. ഗാനെം പറയുന്നു. ഇതിനു മുമ്പ് മലയാളത്തില്‍ നിന്നുള്ള ഒരു കൂട്ടം കവിതകള്‍ അറബിയിലേയ്ക്ക് പരിഭാഷപ്പെടുത്തി ആനുകാലികങ്ങളിലും പുസ്തക രൂപത്തിലും പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ. ഗാനെമിന്റെ കവിതകളുടെ മലയാള വിവര്‍ത്തനം കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
റൂർക്കി സർവകലാശാലയിൽ നിന്നും വാട്ടർ റിസോഴ്സസ് എഞ്ജിനിയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹം പിന്നീട് സ്കോട്ട്ലൻഡ് സർവകലാശാലയിൽ നിന്നും ഇലക്ട്രിക്കൽ മെക്കാനിക്കൽ എന്നീ ഇരട്ട എഞ്ജിനിയറിങ്ങ് ബിരുദവും കരസ്ഥമാക്കി. 2003ൽ മുഹമ്മദ് ബിൻ റാഷിദ് ടെക്നോളജി പാർക്കിന്റെ മാനേജിങ്ങ് ഡയറക്ടറായി വിരമിച്ച ഡോ. ഗാനെം ഇപ്പോൾ പൂർണ്ണമായും പുസ്തകങ്ങളുടെ ലോകത്താണ്.
50 ഓളം പുസ്തകങ്ങളും നിരവധി കവിതകളും പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ. ഗാനെം 2013 മെയ് 6 ന് കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനം ഏറ്റുവാങ്ങും.