അബുദാബി : യു. എ. ഇ. യിലെ കൊവിഡ് മാനദണ്ഡ ങ്ങളില്‍ പുതിയ പരിഷ്കാരങ്ങള്‍ വരുത്തുന്നു. 2022 ജനുവരി 3 മുതല്‍ എല്ലാ മന്ത്രാലയങ്ങളിലും ഫെഡറൽ സ്ഥാപനങ്ങളിലും പ്രവേശിക്കുമ്പോൾ അൽ ഹൊസൻ ആപ്പ് ‘ഗ്രീൻ പാസ്സ്’ സാധുത കര്‍ശ്ശനമാക്കും.
മന്ത്രാലയങ്ങളിലെ ജീവനക്കാർക്കും ഇവിടങ്ങളിലെ സേവനങ്ങൾ ആവശ്യമുള്ള പൊതു ജനങ്ങൾക്കും ഈ വ്യവസ്ഥ ബാധകമാണ്. നിലവിലെ കൊവിഡ് നിയമം അനുസരിച്ച് 14 ദിവസം കൂടുമ്പോഴുള്ള പി. സി. ആര്‍. നെഗറ്റീവ് ഫലം ലഭിക്കുന്നവര്‍ക്കാണ് അൽ ഹൊസൻ ആപ്പ് ഗ്രീൻ പാസ്സ് അപ്ഡേറ്റ് ആവുന്നത്.
യു. എ. ഇ. അംഗീകൃത കൊവിഡ് വാക്സിന്‍ രണ്ടാം ഡോസ് എടുത്ത് ആറു മാസം പൂര്‍ത്തി ആയാല്‍ ബൂസ്റ്റർ ഡോസ് എടുക്കണം എന്നാണ് നിലവിലെ വ്യവസ്ഥ. ഇപ്രകാരം ബൂസ്റ്റര്‍ ഡോസ് എടുത്തവർക്ക് മാത്രമേ പി. സി. ആർ. നെഗറ്റീവ് ഫലം ലഭിച്ചാൽ അൽ ഹൊസൻ ആപ്പിൽ 14 ദിവസത്തെ ഗ്രീന്‍ പാസ്സ് സാധുത ഉണ്ടാവുക. അല്ലാത്തവർക്ക് പി. സി. ആർ. നെഗറ്റീവ് ഫലം ലഭിച്ചാൽ ആപ്പിൽ നാലു ദിവസത്തെ ഗ്രീൻ പാസ്സ് സാധുത ലഭിക്കും.
പൊതുജന സുരക്ഷ ഉറപ്പു വരുത്തുക, പ്രതി ദിന കൊവിഡ് കേസുകളിലെ വർദ്ധന നിയന്ത്രിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി (NCEMA) കൊവിഡ് മാനദണ്ഡങ്ങളില്‍ പുതിയ വ്യവസ്ഥകൾ ചേര്‍ത്തിരിക്കുന്നത്.
ഈ നിയമം പ്രാബല്ല്യത്തില്‍ വരുന്നതോടെ കൊവിഡ് വാക്സിന്‍ എടുക്കാത്തവര്‍ക്കും ഗ്രീൻ പാസ്സ് ഇല്ലാത്ത വർക്കും സർക്കാർ ഓഫീസുകളില്‍ പ്രവേശനം ലഭിക്കില്ല.