
അബുദാബി : വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്കും മറ്റ് നാശ നഷ്ടങ്ങള്‍ നേരിട്ടവർക്കും വി. പി. എസ്. ലേക് ഷോര്‍ ഗ്രൂപ്പ് ഒരു കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. വയനാട്ടില്‍ നടന്നു കൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുവാൻ അടിയന്തര ആവശ്യമുള്ള മരുന്നുകള്‍, മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയായാണ് ദുരിത ബാധിത മേഖലയില്‍ എത്തിക്കുക.
അണുബാധകള്‍ ചികിത്സിക്കുന്നതിനും അടിയന്തര പരിചരണം നല്‍കുന്നതിനും ദീര്‍ഘകാല രോഗ ചികിത്സക്കും ആവശ്യമായ മരുന്നുകള്‍, ഇന്‍സുലിന്‍ തുടങ്ങിയവ ദുരിതാശ്വാസ പാക്കേജില്‍ ഉണ്ടാകും. കൂടാതെ സാനിറ്ററി പാഡുകള്‍, ബെഡ് ഷീറ്റുകള്‍ എന്നീ അവശ്യ വസ്തുക്കളും പാക്കേജില്‍ ഉള്‍പ്പെടുന്നു. വിവിധ മേഖലകളില്‍ വര്‍ഷങ്ങളായി നടപ്പാക്കുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് വയനാടിന് കൈത്താങ്ങ് എത്താനുള്ള വി. പി. എസ്. ലേക് ഷോര്‍ ഗ്രൂപ്പിൻ്റെ ഇടപെടൽ.

































