അബുദാബി : പ്രവാസി ഇന്ത്യ ക്കാരുടെ പ്രശ്നങ്ങള്‍ നല്ല രീതി യില്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയ ങ്ങളും കേന്ദ്ര സര്‍ക്കാരും സന്നദ്ധരാണ് എന്ന് വിദേശ കാര്യ സഹ മന്ത്രി ഇ. അഹമദ് അബുദാബി യില്‍ പറഞ്ഞു.
അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച മുഖാമുഖ ത്തില്‍ ഇന്ത്യന്‍ സംഘടനാ പ്രതിനിധി കളോടും മാധ്യമ പ്രവര്‍ത്തക രോടും സംസാരിക്കുക യായിരുന്നു അദ്ദേഹം.
യു. എ. ഇ. സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ്, വിമാന യാത്രാ പ്രശ്നങ്ങള്‍, ദുബായിലെ ഇന്ത്യന്‍ വര്‍ക്കേഴ്സ് റിസോഴ്സ് സെന്റര്‍ വെല്‍ഫെയര്‍ ഫണ്ട് അടക്കം നിരവധി കാര്യങ്ങളെ കുറിച്ച് വിവിധ സംഘടനാ പ്രതിനിധികള്‍ അഭിപ്രായങ്ങള്‍ പറഞ്ഞു.
പൊതു മാപ്പിന്റെ കാലാവധി അവസാനിക്കാന്‍ ഇനി ദിവസ ങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുന്‍ കാലങ്ങളെ അപേക്ഷിച്ച് വളരെ കുറച്ചു പേര്‍ മാത്രമാണ് ഈ സൗകര്യം ഉപയോഗി ക്കാന്‍ മുന്നോട്ടു വന്നത് എന്ന് ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ് പറഞ്ഞു.
പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നതിനായി ഇത് വരെ രണ്ടായിരത്തി അഞ്ഞൂറ് പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായും അതില്‍ നാനൂറു പേര്‍ കേരള ത്തില്‍ നിന്നുള്ളവര്‍ ആണെന്നും ഒന്നും രണ്ടും സ്ഥാന ങ്ങളില്‍ ആന്ധ്ര യും തമിഴ് നാടും ആണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏഴ് ദിവസ ങ്ങളില്‍ എഴുപത്തി അഞ്ചു (75) പേര്‍ പൊതു മാപ്പില്‍ ഇന്ത്യയിലേക്ക് കയറി പോയത് എന്നും എം. കെ. ലോകേഷ് കൂട്ടി ചേര്‍ത്തു.
കോണ്‍സുല്‍ ജനറല്‍ സഞ്ജയ് വര്‍മ്മ, ഫസ്റ്റ് സെക്രട്ടറി ആനന്ദ് ബര്‍ദാന്‍ എന്നിവരും പങ്കെടുത്തു.