ബഹറൈൻ : അവധിക്ക് നാട്ടിൽ പോകുന്നതിന്റെ മുന്നോടിയായി പാസ്പോർട്ട് ആവശ്യപ്പെട്ട മലയാളിക്ക് സ്പോൺസറുടെ കുത്തേറ്റു. 35 കാരനായ രാധാകൃഷ്ണൻ തങ്കപ്പൻ നായർക്കാണ് ഈ ദുര്യോഗം. ഇടത് കൈയ്ക്കും തോളത്തും ഗുരുതരമായ പരുക്കുകളോടെ ഇയാൾ ഇപ്പോൾ സൽമാനിയ മെഡിക്കൽ കോമ്പ്ളക്സിന്റെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.
അവധിക്ക് പോകാനായി പാസ്പോർട്ട് ചോദിച്ച് സ്പോൺസറുടെ ഓഫീസിൽ എത്തിയ തങ്കപ്പൻ നായരോട് ഒരു വെള്ളക്കടലാസിൽ ഒപ്പിടാൻ സ്പോൺസർ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതിനേ തുടർന്നാണ് തന്നെ സ്പോൺസർ കുത്തിയത് എന്ന് വാർത്ത റിപ്പോർട്ട് ചെയ്ത ഗൾഫ് ഡെയ്ലി ന്യൂസ് അറിയിച്ചു.
അഭ്യന്തര മന്ത്രാലയവും ഇന്ത്യൻ എംബസിയും സംഭവം അന്വേഷിക്കുന്നുണ്ട്.