ദുബായ് : ജനകീയ വിഷയങ്ങളിൽ ഇടപെടാൻ രാഷ്ട്രീയ നേതൃത്വങ്ങളിൽ ഫലപ്രദമായി സമ്മർദ്ദം ചെലുത്തി യു. എ. ഇ. യിലെ മാദ്ധ്യമ രംഗത്ത് തികച്ചും വ്യത്യസ്തമായ വ്യക്തി മുദ്ര പതിപ്പിച്ച ഷാബു കിളിത്തട്ടിൽ ഓൺലൈൻ മാദ്ധ്യമ രംഗത്തേയ്ക്കുള്ള ചുവടു വെപ്പ് കുറിച്ചു. ഷാബുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച വായനമുറി ഡോട്ട് കോം എന്ന ഓൺലൈൻ മാസിക ശനിയാഴ്ച്ച ഇന്ത്യൻ കോൺസുൽ ജനറൽ സഞ്ജയ് വർമ്മ പ്രൌഡ ഗംഭീരമായ സദസ്സിന്റെ സാന്നിദ്ധ്യത്തിൽ ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ഉദ്ഘാടനം ചെയ്തതോടെ നവീന മാദ്ധ്യമ സാദ്ധ്യതകൾ ദുബായിലെ മലയാളി സമൂഹത്തിന് ലഭ്യമാവും.
സൈബർ യുഗത്തിലെ ജീവിത വേഗത്തിനിടക്ക് പുതിയൊരു വായന സംസ്കാരം രൂപപ്പെടേണ്ടത് അത്യാവശ്യമാണെന്ന് മാസിക ഉദ്ഘാടനം ചെയ്തു കൊണ്ട് സഞ്ജയ് വർമ്മ അഭിപ്രായപ്പെട്ടു. നല്ല വായനയിലൂടെ മാത്രമേ നന്മയുടെ വിത്തുകൾ മുളപ്പിച്ചെടുക്കാൻ സാധിക്കൂ. എല്ലാ സമൂഹത്തിനും അവരുടെതായ സാംസ്കാരിക പൈതൃകം അവകാശപ്പെടാനുണ്ട്. സ്വന്തം സംസ്കാരം ആണ് മികച്ചത് എന്ന് വിചാരിക്കുമ്പോഴാണ് പരസ്പരം ശത്രുതയുണ്ടാകുന്നത്. അതിലുപരി സ്വന്തം സംസ്കാരത്തെ പാലിച്ചും മറ്റു സംസ്കാരങ്ങളെ അറിഞ്ഞും ബഹുമാനിച്ചും ജീവിക്കുമ്പോഴാണ് മനുഷ്യ ജീവിതം അർത്ഥ പൂർണ്ണമാകുന്നത്. ഇതിനു വായന കൊണ്ട് മാത്രമേ സാധിക്കൂ എന്നും അതിനു വായനമുറി ഡോട്ട് കോം പോലുള്ള പുതിയകാല വായനമുറികൾ ഉണ്ടാകേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വായനമുറി ഡോട്ട് കോം ഡിസൈൻ ചെയ്ത് നിർമ്മിച്ച ഗ്രെഡെൻസ ഇന്റർനാഷ്ണലിന്റെ ചീഫ് സിസ്റ്റംസ് അനലിസ്റ്റ് നിഷാദ് കൈപ്പള്ളി മാസികയെ വ്യത്യസ്തമാക്കുന്ന നൂതന സങ്കേതങ്ങൾ വിശദീകരിച്ചു.
ചടങ്ങിൽ കോൺസുൽ അശോക് ബാബു, ജെ. ആർ. ജി. സി. ഇ. ഓ. സജിത്ത് കുമാർ, മായ കർത്താ, കൃഷ്ണൻ കൂനിചേരിൽ, പി. മണികണ്ഠൻ, ഭാസ്കർ രാജ്, ലീൻ ജെസ്മാസ് എന്നിവർ പങ്കെടുത്തു. തുടർന്ന് ജതിൻ സുബ്രഹ്മണ്യം, ശ്രുതി സുബ്രഹ്മണ്യം എന്നിവരുടെ നൃത്തവും, ആത്മയിലെ കലാകാരന്മാർ അവതരിപ്പിച്ച ഗസൽ സന്ധ്യയും അരങ്ങേറി. റിയാസ് ചെന്ത്രാപ്പിന്നി, ശശികുമാർ, മചിങ്ങൾ രാധാകൃഷ്ണൻ എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.