ദുബായ് : മാതൃരാജ്യത്തെ അഴിമതിയുടെ കഥകള്‍ വാര്‍ത്തകളിലൂടെ കേട്ട് മനം മടുത്ത പ്രവാസി ഇന്ത്യാക്കാര്‍ അഴിമതിയ്ക്കെതിരെ കര്‍ശന നിയമ നിര്‍മ്മാണം ആവശ്യപ്പെട്ട് മരണം വരെ നിരാഹാര സമരം നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തകനും ഗാന്ധിയനുമായ അണ്ണാ ഹസാരേയ്ക്ക് ഇന്നലെ ദുബായില്‍ മെഴുകു തിരികള്‍ തെളിയിച്ചു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.
ഇതിനു മുന്‍പ് ഒരിക്കലും യു.എ.ഇ. കണ്ടിട്ടില്ലാത്ത വിധം രാജ്യസ്നേഹ ത്തിന്റെയും കൂട്ടായ്മയുടെയും രംഗങ്ങള്‍ക്കാണ് ഇന്നലെ വൈകീട്ട് 6 മണി മുതല്‍ 8 മണി വരെ ജുമൈറ കടല്‍ തീരം സാക്ഷിയായത്.
ഫേസ്ബുക്ക് വഴിയും ട്വിറ്റര്‍ വഴിയും ബ്ലാക്ക്‌ബെറി മെസഞ്ചര്‍ വഴിയും പെട്ടെന്ന് പടര്‍ന്ന ആശയമാണ് മെഴുകുതിരി കത്തിച്ച് ഹസാരേയ്ക്ക് പിന്തുണ പ്രഖ്യാപിക്കാം എന്നത്. യു. എ. ഇ. യിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഒരു സമ്പൂര്‍ണ്ണ പരിച്ഛേദം തന്നെ വൈകീട്ട് 6 മണിയോടെ ജുമൈറ യില്‍ എത്തിച്ചേര്‍ന്നു. വിവിധ ഭാഷക്കാര്‍ ഒറ്റ മനസോടെ ഒറ്റ ലക്ഷ്യത്തോടെ രാജ്യ സ്നേഹം എന്ന ഒറ്റ ആദര്‍ശത്തോടെ ഒത്തു ചേര്‍ന്നത് അഭൂതപൂര്‍വ്വമായ ഒരു അനുഭവമായിരുന്നു.
കടല്‍ തീരത്ത് വൃത്താകൃതിയില്‍ മണലില്‍ ഇരുന്ന്, ഇന്ത്യാക്കാര്‍ക്ക് മുഴുവനും വേണ്ടി ഉപവാസം അനുഷ്ഠിക്കുന്ന അണ്ണാ ഹസാരെയുടെ ആരോഗ്യത്തിനായി ഒരു നിമിഷം മൌനം ആചരിച്ചു കൊണ്ടാണ് കൂട്ടായ്മ ആരംഭിച്ചത്.
തുടര്‍ന്ന് എല്ലാവരും മെഴുകുതിരികള്‍ കൊളുത്തി മൌനമായി നിന്നു. മുന്‍പൊന്നും ഇത്തരമൊരു കൂട്ടായ്മ കണ്ടിട്ടില്ലാത്ത കൌതുകത്തില്‍ നിയമപാലകര്‍ അടക്കം ഒട്ടേറെ കാണികള്‍ കാഴ്ച കാണാന്‍ എത്തി. നിയമ പാലകരുടെ സാന്നിദ്ധ്യം തുടക്കത്തില്‍ ആശങ്കയ്ക്ക് കാരണം ആയെങ്കിലും സമാധാന പരമായി ഇത്തരമൊരു കാര്യത്തിനായി നടത്തുന്ന കൂട്ടായ്മയ്ക്ക് തങ്ങള്‍ എതിരല്ല എന്ന് നിയമപാലകര്‍ അറിയിച്ചത് ഏറെ സ്വാഗതാര്‍ഹമായി.
അശോക ചക്രം പച്ച കുത്തിയ ഒരു പെണ്‍കുട്ടി
ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യമായി അറിയപ്പെടുന്ന യു.എ.ഇ. യിലെ നിയമ വ്യവസ്ഥയോടും ഭരണ നേതൃത്വത്തോടും നന്ദി പ്രകാശിപ്പിച്ച കൂട്ടായ്മ അഴിമതി ഇല്ലാതെ കാര്യങ്ങള്‍ സുഗമമായി മുന്നോട്ട് പോവുന്ന ഈ രാജ്യത്തെ വ്യവസ്ഥയില്‍ നിന്നും എത്ര വ്യത്യസ്തവും പിന്നോക്കവുമാണ് തങ്ങളുടെ മാതൃ രാജ്യത്തെ സ്ഥിതിഗതികള്‍ എന്ന് പങ്കെടുത്തവര്‍ ചര്‍ച്ച ചെയ്തു. പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ മുതല്‍ സര്‍വകലാശാലയില്‍ നിന്നും മാര്‍ക്ക്‌ലിസ്റ്റ് ലഭിക്കാന്‍ വരെ കൈക്കൂലി കൊടുക്കേണ്ടി വന്ന അനുഭവങ്ങള്‍ ഓരോരുത്തരായി വിശദീകരിച്ചു. ഇന്ത്യയുടെ പ്രതിനിധിയായി വര്‍ത്തിക്കുന്ന നയതന്ത്ര കാര്യാലയങ്ങളിലും, ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിനായി ഇന്ത്യന്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കൊണ്സുലേറ്റിന്റെ നേതൃത്വത്തിലുള്ള ഐ. സി. ഡബ്ല്യു.സി. (ICWC – Indian Comminity Welfare Committee) പോലുള്ള സംഘടനകളില്‍ പോലും നിലനില്‍ക്കുന്ന അവസ്ഥയെ പറ്റിയും തങ്ങളുടെ അനുഭവങ്ങള്‍ അനുഭവസ്ഥര്‍ പങ്കു വെച്ചു. പലപ്പോഴും ഉപരി വര്‍ഗ്ഗത്തിന് മാത്രമാണ് ഇത്തരം സേവനങ്ങള്‍ ലഭ്യമാകുന്നത് എന്ന് കൂട്ടായ്മ നിരീക്ഷിച്ചു. അഴിമതിക്കാര്‍ക്ക് കര്‍ശനമായ ശിക്ഷാ വ്യവസ്ഥകള്‍ ബാധകമാക്കുന്ന ജന ലോക്പാല്‍ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവും എന്ന് പ്രവാസി കൂട്ടായ്മ പ്രത്യാശ പ്രകടിപ്പിച്ചു.
രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന അഴിമതി എന്ന അര്‍ബുദത്തെ സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ പ്രതിരോധിക്കാന്‍ കഴിയും എന്ന പ്രതീക്ഷയാണ് അണ്ണാ ഹസാരെ നടത്തുന്ന സമരം ഇന്ത്യാക്കാര്‍ക്ക് മുന്‍പില്‍ വെയ്ക്കുന്നത് എന്ന് ത്രിവര്‍ണ്ണ പതാകയെ അനുസ്മരിപ്പിക്കുന്ന വേഷവിധാനത്തില്‍ എത്തിച്ചേര്‍ന്ന സ്വാതി രണ്‍ ദേവ് വര്‍മ്മ e പത്രത്തോട് പറഞ്ഞു.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക് ചെയ്യുക
പതിനേഴ് വര്‍ഷമായി ദുബായില്‍ താമസിക്കുന്ന താന്‍ ഇത്തരമൊരു ആവേശ ജനകമായ കൂട്ടായ്മ ആദ്യമായാണ് കാണുന്നത് എന്ന് കാനഡ സ്വദേശി ജോണ്‍ മാക് നിക്കോളായ് e പത്രത്തോട് പറഞ്ഞു. ഇന്ത്യാക്കാരിയായ ജോണിന്റെ പത്നി മോണ തലേന്ന് രാവിലെ തന്നെ അണ്ണാ ഹസാരേയ്ക്ക് പിന്തുണ നല്‍കാന്‍ ജന്തര്‍ മന്തറിലേക്ക് പോയിരുന്നു. മോണയുടെ പ്രതിനിധിയായാണ് ജോണും മകനും ഇന്നലെ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ എത്തിയത്. മോണയാണ് ഫേസ്ബുക്കില്‍ India Against Corruption – Dubai Solidarity Forum എന്ന പേജ് ആരംഭിച്ചത്.