അബുദാബി : പ്രവാസി മലയാളികളെ നെഞ്ചോടു ചേർത്ത് മലയാളത്തിന്‍റെ മഹാ നടൻ മെഗാ സ്റ്റാര്‍ മമ്മൂട്ടി. യു. എ. ഇ. യിലെ പ്രവാസി മലയാളികൾക്ക് സൗജന്യ മെഡിക്കൽ ഉപദേശവും നാട്ടിലെ മാതാ പിതാക്കൾക്ക് ആരോഗ്യ പരിചരണവും ലഭ്യമാക്കുന്ന ‘ഫാമിലി കണക്ട്’ പദ്ധതിയുമായി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്‍റർ നാഷണൽ ഫൌണ്ടേഷൻ രംഗത്ത്. ഫാമിലി കണക്ടിന്‍റെ ഔദ്യോഗിക ഉദ്ഘാടനം യു. എ. ഇ. യിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ നിർവ്വഹിച്ചു.
കേരളത്തിലെ മുൻനിര ഹോസ്പിറ്റലുകൾ പങ്കാളികൾ ആകുന്ന പദ്ധതി ലക്ഷക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാകും. ആലുവ രാജഗിരി ആശുപത്രിയിൽ ആണ് ആദ്യ ഘട്ടത്തിൽ പദ്ധതി ഒരുക്കിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും പദ്ധതിയിൽ പങ്കാളി ആവുന്നതിനും +971 54 289 3001 (UAE) +91 85909 65542 (INDIA) എന്നീ നമ്പറുകളിൽ വിളിക്കുകയോ വാട്സ് ആപ്പില്‍ ബന്ധപ്പെടുകയോ ചെയ്യാം.
പദ്ധതിയെ കുറിച്ചുളള വിവരങ്ങൾ നടൻ മമ്മൂട്ടി, അദ്ദേഹത്തിന്‍റെ ഫേയ്സ് ബുക്ക് പേജിലൂടെ പങ്കു വെച്ചു.
പ്രവാസിയുടെ നിലവിലെ ആരോഗ്യ പ്രശ്ന ങ്ങൾക്ക് വിദഗ്ദ ഡോക്ടർമാർ സമയ ബന്ധിതമായി മറുപടി നൽകുകയും അതോടൊപ്പം നാട്ടിലെ മാതാ പിതാ ക്കൾക്ക്, അവർ ആശുപത്രിയിൽ എത്തുമ്പോൾ കൂടെ നിന്ന് സഹായിക്കുന്ന പ്രൊഫഷണൽ വോളണ്ടിയർ ടീമിനെയും ഫാമിലി കണക്ട് പദ്ധതിയുടെ ഭാഗമായി ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്.
പ്രവാസി മലയാളികൾക്ക് ലഭിക്കാവുന്ന വലിയ സമ്മാനം എന്നായിരുന്നു പദ്ധതിയെ കുറിച്ച് ഇന്ത്യൻ സ്ഥാനപതി വിശേഷിപ്പിച്ചത്. പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച മമ്മൂട്ടിയെയും അണിയറ പ്രവർത്ത കരെയും അദ്ദേഹം പ്രശംസിച്ചു.
അന്തർദ്ദേശീയ ചികിത്സ നിലവാരത്തിനുളള J C I അംഗീകാരം ഉളളതു കൊണ്ടാണ് പദ്ധതിക്ക് രാജഗിരി ആശുപത്രി തന്നെ തെരഞ്ഞെടുത്തത് എന്ന് കെയർ ആൻഡ് ഷെയർ ചെയർമാൻ കെ. മുരളീധരൻ പറഞ്ഞു.
മാതാപിതാക്കളുടെ ആരോഗ്യ കാര്യങ്ങൾ യു. എ. ഇ. യിൽ ഇരുന്നു കൊണ്ട് ഏകോപിക്കുവാന്‍ കഴിയും എന്നതിനാൽ പദ്ധതി യു. എ. ഇ. പ്രവാസി മലയാളി കൾക്ക് ആശ്വാസം നല്‍കും എന്നും രാജഗിരി ആശു പത്രി എക്സിക്യൂട്ടീവ് ഡയറക്ടർ & സി. ഇ. ഒ. ഫാദര്‍. ജോൺസൺ വാഴപ്പിളളി പറഞ്ഞു.
കെയർ & ഷെയർ ഇന്‍റർ നാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ റോബർട്ട് കുര്യാക്കോസ്, മമ്മൂട്ടി ഫാൻസ് & വെൽ ഫെയർ അസ്സോസിയേഷൻ യു. എ. ഇ. സെക്രട്ടറി ഫിറോസ് ഷാ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
കഴിഞ്ഞ വർഷം ആസ്‌ട്രേലിയയയിൽ അവതരിപ്പിച്ച് വലിയ സ്വീകാര്യത കിട്ടിയ ‘ഫാമിലി കണക്ട്’ പദ്ധതി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുവാനും സംഘടകർക്ക് പദ്ധതിയുണ്ട്.