
അബുദാബി : ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുന്ന പുതിയ ഫ്ലാഷ്‍ ലൈറ്റുകൾ അബുദാബി യിലെ പ്രധാന റോഡുകളില്‍ സ്ഥാപിച്ചു. റോഡ് സുരക്ഷ ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായി അബു ദാബി പൊലീസ് ഒരുക്കിയ ഈ റോഡ് അലേർട്ട് സംവിധാനം വഴി ഹൈവേകളിലെ വാഹന അപകടം, കൂടാതെ കാറ്റ്, മണല്‍ക്കാറ്റ്, മൂടല്‍ മഞ്ഞ്, മഴ തുടങ്ങിയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ നല്‍കും.
റോഡില്‍ അപകടം ഉണ്ടായാല്‍ ഡ്രൈവര്‍മാരെ അറിയിക്കാന്‍ ചുവപ്പ്, നീല നിറങ്ങളില്‍ ലൈറ്റുകള്‍ മിന്നിക്കൊണ്ടിരിക്കും.
മൂടല്‍ മഞ്ഞ്, പൊടി, മഴ തുടങ്ങിയ അസ്ഥിരമായ കാലാവസ്ഥയില്‍ മുന്നറിയിപ്പ് നല്‍കാന്‍ മഞ്ഞ നിറത്തിലാണ് ഫ്‌ളാഷ് ലൈറ്റുകള്‍ മിന്നുക.
ഇതുവഴി ഡ്രൈവര്‍മാര്‍ വേഗത കുറക്കുകയും സുരക്ഷ ഉറപ്പാക്കാൻ കഴിയുകയും ചെയ്യും. സൗരോർജ്ജവും ബാറ്ററിയും ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഓരോ 200 മീറ്ററിലും സ്ഥാപിച്ചിട്ടുള്ള ലൈറ്റുകള്‍ രാപ്പകല്‍ ഭേദമന്യേ നിറം വ്യക്തമാകുന്ന തരത്തില്‍ പ്രകാശിക്കും.