നരേന്ദ്ര മോഡി ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി

September 14th, 2013

Modi-epathram

ന്യൂഡല്‍ഹി: 2014-ലെ ലോൿസഭാ തിരഞ്ഞെടുപ്പില്‍ ബി. ജെ. പി. യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പാര്‍ട്ടി പാർളിമെന്ററി ബോര്‍ഡ് തീരുമാനിച്ചു. തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങ് മോഡിയെ പ്രധാനമന്ത്രി സ്ഥാ‍നാര്‍ഥിയായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന പാര്‍ളമെന്ററി ബോര്‍ഡ് യോഗത്തില്‍ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, മുരളി മനോഹര്‍ ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു എങ്കിലും മുതിര്‍ന്ന നേതാവ് എൽ. കെ.അഡ്വാനി പങ്കെടുത്തില്ല.

നരേന്ദ്ര മോഡിയുടെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തില്‍ അഡ്വാനിയ്ക്ക് അസംതൃപ്തിയുണ്ട്. എന്നാല്‍ മോഡിയുടെ ദേശീയ നേതൃത്വത്തിലേക്കുള്ള കടന്നു വരവിന് ആർ. എസ്. എസ്. ഉള്‍പ്പെടെ സംഘപരിവാര്‍ സംഘടനകളുടെ പൂര്‍ണ്ണ പിന്തുണയുണ്ട്. “2014-ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തിനായി എല്ലാ ശ്രമങ്ങളും നടത്തും. പാര്‍ട്ടി എനിക്ക് ഒട്ടേറെ അവസരങ്ങള്‍ നല്‍കി. പുതിയ ഉത്തരവാദിത്വം പാര്‍ട്ടിയുടേയും രാജ്യത്തിന്റേയും ഉന്നമനത്തിനായി വിനിയോഗിക്കും” പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം മോഡി പറഞ്ഞു.

നവമ്പറില്‍ അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം മതി മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം എന്ന് അഡ്വാനി പക്ഷത്തെ നേതാക്കള്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആർ. എസ്. എസ്. ഇത് നിരാകരിച്ചു. നേരത്തെ പ്രഖ്യാപിച്ചാല്‍ മോഡിയ്ക്ക് പ്രവര്‍ത്തിക്കുവാന്‍ കൂടുതല്‍ സമയം ലഭിക്കും എന്നാണ് മോഡിയെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്.

ഹിന്ദുത്വ വാദികളുടെ പിന്തുണയുണ്ടെങ്കിലും കടുത്ത വെല്ലുവിളികളാണ് നരേന്ദ്ര മോഡിയെ കാത്തിരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ നിന്നും എൽ. കെ. അഡ്വാനിയെ പോലുള്ള മുതിര്‍ന്ന നേതാവിന്റെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടേയും എതിര്‍പ്പ്. ഗുജറാത്ത കലാപത്തിന്റെ പേരില്‍ മോഡിയ്ക്ക് മേല്‍ നിലനില്‍ക്കുന്ന ആരോപണങ്ങൾ, എൻ. ഡി. എ. യിലെ ചില ഘടക കക്ഷികളില്‍ നിന്നും ഇനിയും മോഡിയ്ക്ക് അനുകൂലമായ നിലപാട് ഉണ്ടായിട്ടില്ല. ബി. ജെ. ഡി., തൃണമൂല്‍ തുടങ്ങിയ കക്ഷികള്‍ ന്യൂനപക്ഷ വോട്ടുകളുടെ ബലത്തിലാണ് രാഷ്ടീയമായ അടിത്തറ കെട്ടിപ്പൊക്കിയിട്ടുള്ളത്. മോഡിയെ അംഗീകരിക്കുവാന്‍ അവര്‍ക്ക് വിമുഖതയുണ്ടാകും. തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി. ജെ. പി. ക്ക് കാര്യമായ ശക്തിയില്ല. ഏക പ്രതീക്ഷ കര്‍ണ്ണാടകയാണ്. അവിടെയാകട്ടെ തമ്മിലടി കാരണം ബി. ജെ. പി. ക്ക് ഭരണം നഷ്ടപ്പെടുകയു ചെയ്തു. യദിയൂരപ്പയുടെ നേതൃത്വത്തില്‍ കര്‍ണ്ണാടകയില്‍ ബി. ജെ. പി. ക്ക് സംഭവിച്ച പിളര്‍പ്പും തിരഞ്ഞെടുപ്പിനു മുമ്പ് പരിഹരിക്കേണ്ടതായുണ്ട്. ഹിന്ദു വികാരം ഉണര്‍ത്തിയതു കൊണ്ടു മാത്രം മോഡിക്ക് പ്രധാനമന്ത്രിയായി ജയിച്ചു കയറുവാന്‍ സാധ്യമല്ല. അഴിമതിയും, വിലക്കയറ്റവും മൂലം കോണ്‍ഗ്രസ്സിനെതിരെ രാജ്യമെങ്ങും ഉയര്‍ന്നിട്ടുള്ള ജന വികാരം വോട്ടാക്കി മാറ്റുന്നതില്‍ എത്രമാത്രം വിജയിക്കും എന്നതിനനുസരിച്ചായിരിക്കും മോഡിയുടെ പ്രധാനമന്ത്രി പദം നിശ്ചയിക്കപ്പെടുക.

- എസ്. കുമാര്‍

വായിക്കുക: , , , , ,

Comments Off on നരേന്ദ്ര മോഡി ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി

ഗുജറാത്തിലെ ഏറ്റുമുട്ടല്‍ വിദഗ്ദന്‍ വസാരെ രാജിവെച്ചു;കത്തില്‍ നരേന്ദ്ര മോഡിക്കെതിരെ പരാമര്‍ശങ്ങള്‍

September 4th, 2013

അഹ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ്ഥനും ഏറ്റുമുട്ടല്‍ വിദഗ്ദനുമായ മുന്‍ ഡി.ഐ.ജി ഡി.ജി. വന്‍സാരെ സര്‍വ്വീസില്‍ നിന്നും രാജിവെച്ചു. ഇസ്രത്ത് ജഹാന്‍-പ്രാണേഷ് പിള്ള ഏറ്റുമുട്ടല്‍ കൊലയുള്‍പ്പെടെ നിരവധി വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലാണ് ഇദ്ദേഹം. താന്‍ ദൈവത്തെ പോലെ കണ്ടിരുന്ന മോഡിജി പ്രതിസന്ധി ഘട്ടത്തില്‍ സഹായത്തിന് എത്തിയില്ലെന്ന് വന്‍സാരെ ആരോപികുന്നു. ഇത്രയും കാലം മിണ്ടാതിരുന്നത് അദ്ദേഹത്തോടുള്ള ബഹുമാനം മൂലമാണെന്ന് വന്‍സാരെ പറയുന്നു. മുന്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെയും കത്തില്‍ പരാമര്‍ശമുണ്ട്. താന്‍ ഗുജറത്ത് സര്‍ക്കാറിന്റെ തീരുമാനങ്ങളും നയങ്ങളും നടപ്പിലാക്കിയതാണെന്നും അമിത് ഷായുടെ ദു:സ്വാധീനത്തിനു വഴങ്ങി മോഡി തന്നെ കൈവിടുകയായിരുന്നു . തന്റെ തന്ത്രങ്ങള്‍ നടപ്പിലാക്കുവാന്‍ ഉദ്യോഗസ്ഥരെ ഉപായ്യൊഗിക്കുകയും ഒടുവില്‍ തെറ്റിദ്ധാരണ പരത്തി അവരെ ഒഴിവാക്കുകയുമാണ് അമിത്ഷായുടെ രീതിയെന്ന് ആരോപിക്കുന്ന വസാരെ തന്നെ സുധീരനായ മുഖ്യമന്ത്രിയാക്കിയ പോലീസ് ഉദ്യോഗസ്ഥരോടുള്ള ബാധ്യത തീര്‍ക്കാതെയാണ് നരേന്ദ്ര മോഡി പ്രധാന മന്ത്രിയാകുവാന്‍ ഓടിനടക്കുന്നതെന്നും 10 പേജുള്ള രാജിക്കത്തില്‍ പറയുന്നു.

മുംബൈയിലേയും സബര്‍മതിയിലേയും ജയിലുകളില്‍ മാറിമാറി കഴിയുകയ്‍ാണ് വന്‍സാരെ.2007-ല്‍ ക്രൈം ബ്രാഞ്ച് ഡി.ഐ.ജി ആയിരിക്കുമ്പോളാണ് വന്‍സാരെ ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. തുടര്‍ന്ന് വിവിധ കേസുകള്‍ അദ്ദേഹത്തിനെതിരെ ചാര്‍ജ്ജ് ചെയ്യപ്പെട്ടു. കോളിളക്കം സ്രഷ്ടിച്ച ഇസ്രത്ത് ജഹാന്‍ കേസില്‍ സി.ബി.ഐ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ കേസില്‍ പ്രതിയായ മുന്‍ എസ്.പി. ജി.എല്‍. സിംഗലും നേരത്തെ രാജിവെച്ചിരുന്നു.

പ്രധാമനമന്ത്രി പദം സ്വപ്നം കണ്ട് പ്രചാരണം നടത്തുന്ന നരേന്ദ്ര മോഡിക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് വന്‍സാരെയുടെ രാജിയും വെളിപ്പെടുത്തലും എന്ന് രാഷ്ടീയ നിരീക്ഷകര്‍ കരുതുന്നു. ഗുജറാത്ത് കലാപവും വ്യാജ ഏറ്റുമുട്ടലുകളും രാഷ്ടീയമായി മോഡിയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പിയിലും മോഡി വിരുദ്ധ ക്യാമ്പ് സജീവമാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

Comments Off on ഗുജറാത്തിലെ ഏറ്റുമുട്ടല്‍ വിദഗ്ദന്‍ വസാരെ രാജിവെച്ചു;കത്തില്‍ നരേന്ദ്ര മോഡിക്കെതിരെ പരാമര്‍ശങ്ങള്‍

പടയൊരുക്കം

August 10th, 2013

police-brutality-epathram

തിരുവനന്തപുരം : സോളാർ അഴിമതി കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്താൻ ഒരുങ്ങുന്ന ഉപരോധ സമരത്തെ അടിച്ചൊതുക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ പടയൊരുക്കം നടത്തുന്നു. ഓഗസ്റ്റ് 12ന് തുടങ്ങുന്ന സമരം കേരളം ഇതു വരെ കണ്ടിട്ടില്ലാത്ത അത്രയും വലിയ ജനകീയ പ്രക്ഷോഭമായിരിക്കും എന്നാണ് പ്രതിപക്ഷ നേതാക്കൾ അവകാശപ്പെടുന്നത്. എന്നാൽ തങ്ങൾ സമരത്തെ നേരിടാൻ സന്നദ്ധമാണ് എന്ന് സർക്കാരും പറയുന്നു.

ഇന്നേ വരെ ഒരു ജനകീയ മുന്നേറ്റത്തേയും നേരിടാത്ത അത്രയും കനത്ത സന്നാഹങ്ങളാണ് സർക്കാർ ഈ സമരത്തെ നേരിടാനായി ഒരുക്കുന്നത്.

തിരുവനന്തപുരത്തേക്കുള്ള കെ. എസ്. ആർ. ടി. സി. ബസുകളുടെ സർവീസ് വെട്ടിക്കുറക്കാൻ നീക്കമുണ്ട്. വിവിധ ജില്ലകളിൽ നിന്നും സമരത്തിൽ പങ്കെടുക്കാനായി പുറപ്പെടുന്നവരെ അതത് ജില്ലകളിൽ തന്നെ തടയാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

കേന്ദ്ര സേന ഇതിനോടകം തന്നെ തിരുവനന്തപുരത്ത് എത്തി തുടങ്ങി. തിരുവനന്തപുരത്തെ വിദ്യാലയങ്ങളിൽ കേന്ദ്ര സൈനികരെ താമസിപ്പിക്കാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. കേരളാ പോലീസിനെ പോലെ സംയമനം പാലിക്കാൻ കേന്ദ്ര സേന തയ്യാറാവില്ല എന്നതാണ് സർക്കാരിന്റെ കണക്ക്കൂട്ടൽ. സമരക്കാരെ ഒരു ദയാ ദാക്ഷിണ്യവുമില്ലാതെ കേന്ദ്ര സേന കൈകാര്യം ചെയ്യുന്നതോടെ തിരുവനന്തപുരത്തെ തെരുവുകൾ രക്തരൂഷിതമാകും എന്നുറപ്പാണ്.

തീവ്രവാദികളെ നേരിടുന്നതിന് സമാനമായ ഒരുക്കുങ്ങളാണ് സർക്കാർ നടത്തുന്നത്. തിരുവനന്തപുരത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. തിരുവനന്തപുരത്തെ ഹോട്ടലുകളിൽ സമരക്കാരെ താമസിപ്പിക്കരുത് എന്നാണ് പോലീസ് ഹോട്ടൽ ഉടമകൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം. സമരക്കാരെ താമസിപ്പിച്ചാൽ ഹോട്ടലുകൾ നിയമ നടപടികൾ നേരിടേണ്ടി വരും എന്നാണ് പോലീസിന്റെ ഭീഷണി. വിറളി പിടിച്ച ഒരു ഭരണകൂടം നടത്തുന്ന സ്വേച്ഛാധിപത്യപരമായ നീക്കങ്ങളാവും വരും ദിവസങ്ങളിൽ കാണാനാവുക എന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , , ,

Comments Off on പടയൊരുക്കം

കാതികൂടം പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍

July 22nd, 2013

ചാലക്കുടി: കാതികൂടത്തെ നീറ്റാ ജലാറ്റിന്‍ കമ്പനിയിലെ മലിനീകരണത്തിനെതിരെ നടക്കുന്ന സമരത്തിനു നേരെ പോലീസ് നടത്തിയ അക്രമത്തില്‍
പ്രതിഷേധിച്ച് തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍. സമര സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ഇന്നലെ നടന്ന പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ സ്തീകള്‍ ഉള്‍പ്പെടെ അറുപതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ചിലരുടെ പരിക്ക് സാരമാണ്. പരിക്കേറ്റവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും, അങ്കമാലി എല്‍.എഫ് ആശുപത്രി, ചാലക്കുടിതാലൂക്ക് ആശുപത്രി എന്നിവടങ്ങളില്‍ പ്രവേശിപ്പിച്ചു. നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയും സമരാനുകൂലികളെ വീടുകളില്‍ കയറി അക്രമിക്കുകയും ചെയ്തിരുന്നു. ഒരു വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

രാവിലെ 11 മണീയോടെ ടി.എന്‍.പ്രതാപന്‍ എം.എല്‍.എ, പ്രൊഫ. സാറാജോസഫ്, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍
തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറുകണക്കിനു ആളുകള്‍ പങ്കെടുത്തുകൊണ്ട് സമര സമിതി മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് പോലീസ് തടഞ്ഞു. ഇതേ തുടര്‍ന്ന്
കുത്തിയിരിപ്പ് സമരം നടത്തിയ സമരക്കാരില്‍ നിന്നും സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പോലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷം
ഉണ്ടായി. ഇതിനിടയില്‍ ആരോ പോലീസിനു നേരെ കല്ലെറിഞ്ഞു തുടര്‍ന്ന് പോലീസ് കനത്ത ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനമേറ്റ
പലരും സമീപത്തെ വീടുകളിലേക്ക് ഓടിക്കയറിയെങ്കിലും പിന്‍ തുടര്‍ന്നെത്തിയ പോലീസുകാര്‍ ഇവരെ വീടുകളില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on കാതികൂടം പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍

പ്രതിപക്ഷ എം.എല്‍.എ മാര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

July 9th, 2013

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിപക്ഷ പ്രക്ഷോഭത്തിനിടെ എം.എല്‍.എ മാര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. മുന്‍ മന്ത്രി സി.ദിവാകരന്‍ എം.എല്‍.എ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്‍.ഡി.എഫ് സംഘടിപ്പിച്ച കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ ആയിരുന്നു പോലീസിന്റെ ഗ്രനേഡ് പ്രയോഗം. വി.എസിന്റെ സമീപത്തായിരുന്നു ഗ്രനേഡുകളില്‍ ഒന്ന് വന്ന് വീണ് പൊട്ടിയത്. ഇതേ തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വി.എസിനെ സുരക്ഷിതമായ സ്ഥാനത്തേക്ക് നീക്കിയെങ്കിലും പ്രതിപക്ഷ എം.എല്‍.എമാര്‍ ഇപ്പോളും കുത്തിയിരിപ്പ് സമരം നടത്തുന്നുണ്ട്. രാവിലെ നിയമ സഭ സമ്മേളിച്ചപ്പോള്‍ മുതല്‍ ഭരണ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ നിയമ സഭ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധവുമായി സഭാകവാടത്തില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.

തലസ്ഥാന നഗരിയില്‍ ഇന്നലെ രാത്രി മുതല്‍ പ്രതിഷേധക്കാര്‍ പലയിടത്തും തമ്പടിച്ചിട്ടുണ്ട്. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഇടത് യുവജന സംഘടനകളുടേയും യുവമോര്‍ച്ചയുടേയും നേതൃത്വത്തില്‍ ശക്തമായ സമരമാണ് തലസ്ഥാനത്ത് നടക്കുന്നത്. പലയിടങ്ങളിലും പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റു മുട്ടി. ലാത്തിച്ചാര്‍ജ്ജും, കണ്ണീര്‍വാതക പ്രയോഗവും, ജലപീരങ്കിയും പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ഉപയോഗിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

Comments Off on പ്രതിപക്ഷ എം.എല്‍.എ മാര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Page 3 of 3123

« Previous Page « സ്വരുമ രചനാ മത്സരം : പുരസ്കാരങ്ങള്‍ സമ്മാനിച്ചു
Next » ബോള്‍ഗാട്ടി പദ്ധതി പൂര്‍ത്തിയാക്കിയ ശേഷം കേരള ത്തില്‍ മറ്റു പദ്ധതികള്‍ : എം. എ. യൂസുഫലി »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha