
തിരുവനന്തപുരം : നിയമം അനുശാസിക്കുന്ന സാഹചര്യങ്ങളില്‍ അല്ലാതെ ഒരു കാരണ വശാലും ബല പ്രയോഗം പാടില്ല എന്ന് പോലീസുകാർക്ക് ഡി. ജി. പി. അനിൽ കാന്തിന്‍റെ കർശ്ശന നിർദ്ദേശം. ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന്‍റെ ഭാഗമായി ബല പ്രയോഗം വേണ്ടി വന്നാല്‍ അത് നിയമാനുസൃതം മാത്രമേ ആകാവൂ. വ്യക്തികളെ പോലീസ് സ്റ്റേഷനുകളില്‍ എത്തിക്കുമ്പോള്‍ നിയമ പരമായ നടപടികള്‍ ഉറപ്പാക്കണം.
വൈദ്യ പരിശോധന ഉൾപ്പെടെയുള്ളവ കൃത്യമായി നടക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ട ചുമതല സബ് ഡിവിഷണൽ പൊലീസ് ഓഫീസർമാർ, സ്റ്റേഷൻ ഹൗസ് ഓഫീസർമാർ എന്നിവര്‍ക്ക് ആയിരിക്കും. കസ്റ്റഡി മർദ്ദനം ഉൾപ്പെടെയുള്ള ആക്ഷേപങ്ങൾ പൊലീസിന് നേരെ ഉയരുന്ന സാഹചര്യത്തിലാണ് ഡി. ജി. പി.യുടെ നിർദ്ദേശം.
ജില്ലാ പോലീസ് മേധാവിമാര്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശനം നടത്തണം. പോലീസ് സ്റ്റേഷനുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍ വിലയിരുത്തണം.
വിവിധ പോലീസ് സ്റ്റേഷനുകളുടെ അധികാര പരിധിയില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് എത്രയും വേഗം കൃത്യവും സമഗ്രവുമായ വിവരങ്ങള്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗം ശക്തി പ്പെടുത്തണം. ജില്ലാ പൊലീസ് മേധാവികളുടേയും റേഞ്ച് ഡി. ഐ. ജി. മാരുടെയും സോൺ ഐ. ജി. മാരുടെയും ഓൺ ലൈൻ യോഗത്തിലാണ് ഡി. ജി. പി. ഈ നിർദ്ദേശങ്ങൾ നൽകിയത്.