ദുബായ് : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ വൈദ്യുത ദീപങ്ങൾ ഒരു മണിക്കൂർ അണച്ചു കൊണ്ട് 2013ലെ ഭൌമ മണിക്കൂർ ആചരണത്തിൽ പങ്കാളിയായി. കൃത്യം 8:30ന് മിന്നിത്തിളങ്ങുന്ന അലങ്കാര ദീപങ്ങൾ ഒരു വട്ടം മിന്നിമറഞ്ഞതോടെ ബുർജ് ഖലീഫ ഇരുട്ടിലാണ്ടു. വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിലൂടെ കാർബൺ ബഹിർഗ്ഗമനവും അതു വഴി പരിസ്ഥിതി ആഘാതം കൂറയ്ക്കുക എന്ന സന്ദേശവും ആഗോള കാലാവസ്ഥാ വ്യതിയാനം ആഗോള താപനം മുതലായ പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുകയും എന്ന കാലഘട്ടത്തിന്റെ ആവശ്യത്തിൽ തങ്ങളുടെ പ്രതിബദ്ധത പ്രകടമാക്കി കൊണ്ട് ദുബായ് നഗരവും ഇത്തവണത്തെ ഭൌമ മണിക്കൂർ ആചരണത്തിൽ സജീവ പങ്കാളിത്തം വഹിച്ചു.
ബുർജ് ഖലീഫയ്ക്കൊപ്പം ബുർജ് അൽ അറബ്, ദുബായ് മോൾ, ദുബായ് മറീനാ മോൾ, സൂഖ് അൽ ബഹാർ, ഗോൾഡ് ആൻഡ് ഡയമണ്ട് പാർക്ക്, ദി അഡ്രസ് ഹോട്ടൽ, ഹിൽട്ടൺ, റാഫ്ൾസ്, ഫെയർമോണ്ട് ഹോട്ടലുകൾ, സിറ്റി സെന്റർ, മോൾ ഓഫ് ദി എമിറേറ്റ്സ്, മിർദിഫ് സിറ്റി സെന്റർ എന്നിവ അടക്കം ഒട്ടേറെ കെട്ടിടങ്ങൾ വിളക്കുകൾ അണച്ച് ഈ ഉദ്യമത്തിൽ പങ്കെടുത്തു. ദുബായ് മുൻസിപ്പാലിറ്റി തങ്ങളുടെ കെട്ടിടങ്ങൾ എല്ലാം ഇരുട്ടിലാക്കി പിന്തുണ പ്രകടിപ്പിച്ചു. ലോകത്ത് ഏറ്റവും ഉയരം കൂടിയ അവതരണ ജലധാരയായ ദുബായ് ഫൌണ്ടൻ ഭൌമ മണിക്കൂർ സമയത്ത് പ്രവർത്തനരഹിതമായി പിന്തുണ നൽകി.
- ജെ.എസ്.