
അബുദാബി : മുപ്പത്തി ഒന്നാമത് അബുദാബി ഇന്‍റര്‍ നാഷണല്‍ ബുക്ക് ഫെയറിനു നാഷണല്‍ എക്സിബിഷൻ സെന്‍ററിൽ വര്‍ണ്ണാഭമായ തുടക്കം. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ സ്റ്റാളുകൾ സന്ദർശിച്ചു.
ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. അഹ്മദ് ബെൽഹൂൽ അൽ ഫലാസി, സാംസ്‌കാരിക യുവജന വകുപ്പ് മന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കഅബി, മറ്റു വിവിധ വകുപ്പു മന്ത്രിമാരായ ഡോ. സുഹൈൽ മുഹമ്മദ് അൽ മസ്‌റൂയി, ഡോ. സാറാ മുസല്ലം, ഡോ. മുഹമ്മദ് ഖലീഫ അൽ മുബാറക്, ഡി സി ടി അബുദാബിയുടെ ചെയർമാൻ സാഊദ് അബ്ദുൽ അസീസ് അൽ ഹൊസ്നി, അണ്ടർ സെക്രട്ടറി ഡോ. അലി ബിൻ തമീം, സയീദ് ഹംദാൻ അൽ തുനൈജി നിരവധി അക്കാദമിക് വിദഗ്ധരും പുസ്തക പ്രേമികളും സംബന്ധിച്ചു.
നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സ്റ്റാൾ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഉദ്ഘാടനം ചെയ്തു. ഇംഗ്ലിഷ്, ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിലെ പുസ്തകങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ബുക്ക് ഫെയറില്‍ മലയാളത്തിന്‍റെ സാന്നിദ്ധ്യമായി പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളുമായി ഡി. സി. ബുക്സ് സ്റ്റാള്‍ ഈ വര്‍ഷവും സജീവമാണ്.