
അബുദാബി : യു. എ. ഇ. യിലെ പൊതു അവധി ദിവസമായ ഞായറാഴ്ചയും ഇന്ത്യൻ പ്രവാസികൾക്ക് ഇനി മുതല്‍ പാസ്സ് പോർട്ട് കൈപ്പറ്റാം. സേവന ദാതാക്കളായ അൽ-ഹിന്ദ് ഗ്ലോബലിന്റെ 16 സർവ്വീസ് കേന്ദ്രങ്ങളിലും എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതല്‍ 12 മണി വരെയാണ് ഈ സേവനം ലഭ്യമാകുക.
അബുദാബി ഇന്ത്യന്‍ എംബസി, ദുബായ് ഇന്ത്യന്‍ കോണ്‍സുലെറ്റ് എന്നിവയുടെ മാർഗ്ഗ നിർദ്ദേശ പ്രകാരമാണ് അൽ-ഹിന്ദ് പുതിയ സേവനം ആരംഭിച്ചത്. പ്രവൃത്തി ദിവസങ്ങളിൽ പാസ്സ് പോർട്ട് വാങ്ങിക്കാൻ കഴിയാത്തവര്‍ക്ക് ഏറെ സൗകര്യ പ്രദമാണ് പുതിയ സേവനം.
പ്രവാസികളുടെ അടിയന്തര യാത്രകള്‍ മാത്രമല്ല വിസ, എമിറേറ്റ്സ് ഐ. ഡി. ഉള്‍പ്പെടെ ഔദ്യോഗിക രേഖ കളുടെ നടപടി ക്രമങ്ങൾ പൂർത്തീകരിക്കുവാനും കൊറിയര്‍ വഴി പാസ്സ് പോർട്ട് എത്തിക്കുവാനോ നേരിട്ട് പോയി വാങ്ങുകയോ ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുന്ന തരത്തിലുള്ള ജോലി ചെയ്യുന്ന സാധാരണ പ്രവാസി കൾക്കും പുതിയ സംവിധാനം ഏറെ പ്രയോജനപ്പെടും.
പാസ്സ് പോർട്ട് സേവനങ്ങൾക്കായി അൽ-ഹിന്ദിന്റെ വെബ് സൈറ്റിലൂടെ അപ്പോയിന്മെന്റ് ബുക്ക് ചെയ്യാം. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ ദിവസേന രാവിലെ 9 മണിക്കും രാത്രി 9 മണിക്കും പുതിയ സ്ലോട്ടുകൾ ലഭ്യമാക്കും. എല്ലാ ദിവസവും രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് അൽ-ഹിന്ദ് ഗ്ലോബലിന്റെ സർവ്വീസ് സെന്ററുകളുടെ പ്രവർത്തന സമയം.



































