കൊച്ചി : സംസ്ഥാനത്ത് ആന എഴുന്നെള്ളിപ്പിന്നു കർശ്ശന നിയന്ത്രണങ്ങൾ ശുപാർശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോർട്ട്. മതപരമായ ആചാരങ്ങൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ. ഉദ്ഘാടനങ്ങൾ അടക്കമുള്ള സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്. എഴുന്നെള്ളിപ്പിന്നു ആനകളും ജനങ്ങളും തമ്മില്‍ 10 മീറ്റർ ദൂരം ഉറപ്പാക്കണം.
രണ്ട് എഴുന്നെള്ളിപ്പിന്നു ഇടയിൽ 24 മണിക്കൂര്‍ വിശ്രമം നല്‍കണം. തലപ്പൊക്ക മത്സരം, വണങ്ങല്‍, പുഷ്പവൃഷ്ടി എന്നിവക്ക് ആനകളെ ഉപയോഗിക്കാന്‍ പാടില്ല. കാഴ്ചക്കുറവ് ഉള്ളതും ഏതെങ്കിലും രോഗത്തിന് ചികിത്സയിൽ കഴിയുന്നതുമായ ആനകളെ എഴുന്നെള്ളിപ്പിന് ഉപയോഗിക്കരുത്.
അഞ്ചില്‍ കൂടുതല്‍ ആനകളെ എഴുന്നെള്ളിക്കുന്ന ഉത്സവം ആണെങ്കിൽ പ്രത്യേക അനുമതി വേണം. ഉത്സവങ്ങളിൽ ആനകൾ തമ്മിലുള്ള ദൂരം, ആനകളും വാദ്യക്കാരും തമ്മിലുള്ള ദൂരം, തീവെട്ടി, കരിമരുന്ന് പോലുള്ള ഉപയോഗങ്ങൾ തുടങ്ങിയവക്ക് പ്രത്യേക നിർദ്ദേശങ്ങൾ അമിക്കസ് ക്യൂറി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു ദിവസം 100 കിലോ മീറ്ററിൽ അധികം ദൂരം വാഹനത്തിലോ 30 കിലോ മീറ്ററിൽ അധികം ദൂരം നടത്തിക്കൊണ്ടോ പോകരുത്.
രാവിലെ 11 മണി മുതൽ 4 മണി വരെയുള്ള സമയത്തു ആനകളെ വാഹനങ്ങളിൽ കൊണ്ടു പോകരുത്. രാത്രി 10 നും പുലർച്ചെ 4 നും ഇടയിൽ യാത്ര ഒഴിവാക്കണം എന്നും നിർദ്ദേശം ഉണ്ട്. ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകുമ്പോൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബ്ബന്ധമാണ്.