ക്ലീന്‍ അപ് ദി വേള്‍ഡില്‍ ആയിരങ്ങള്‍ പങ്കെടുത്തു

November 1st, 2010

clean-up-the-world-epathram

ദുബായ്‌ : ശുചിത്വവും പാരിസ്ഥിതിക അവബോധവും ഉയര്‍ത്തി പ്പിടിച്ച്‌ ലോക വ്യാപകമായി നടക്കുന്ന ക്ലീന്‍ അപ്‌ ദി വേള്‍ഡ്‌ കാമ്പയിന്റെ ഭാഗമായി ദുബായ്‌ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

ദുബായിലെ ജദ്ദാഫില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബായ്‌ സോണിലെ നൂറു കണക്കിനു പ്രവര്‍ത്തകര്‍ പങ്കാളികളായി. പ്രവര്‍ത്തങ്ങള്‍ക്ക്‌ മുനിസിപ്പാലിറ്റി ഏരിയ കോര്‍ഡിനേറ്റര്‍ മുഹമ്മദ്‌ ഹബീബ്‌ അല്‍ സജുവാനി, മുഹമ്മദ്‌ സഅദി കൊച്ചി, എന്‍ജിനീയര്‍ ശമീം, നജീം തിരുവനന്തപുരം, നാസര്‍ തൂണേരി, മുഹമ്മദലി പരപ്പന്‍പൊയില്‍, ഇ. കെ. മുസ്തഫ, സലീം ആര്‍. ഇ. സി., മന്‍സൂര്‍ ചേരാപുരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നവംബര്‍ 5നു മംസര്‍ അല്‍ ഇത്തിഹാദ്‌ സ്കൂളില്‍ നടക്കുന്ന ആര്‍. എസ്‌. സി. സോണ്‍ സാഹിത്യോ ത്സവിനോട നുബന്ധിച്ച്‌ പരിസ്ഥിതി മലിനീകരണ ത്തിനെതിരെ സമൂഹ ചിത്ര രചനയും സംഘടിപ്പിക്കുന്നുണ്ട്‌. പരിസ്ഥിതി പ്രവര്‍ത്തകരും ചിത്രകാരന്മാരും, മത – സാമൂഹ്യ – സാംസ്കാരിക പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിക്കും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ക്രിമിനല്‍ കേസില്‍ കുടുക്കിയ തൊഴിലാളിയെ കുറ്റവിമുക്തനാക്കി

October 31st, 2010

salam-pappinisseri-epathram

ഷാര്‍ജ : ശമ്പളം ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് തൊഴില്‍ വകുപ്പിന് പരാതി നല്‍കിയ തൊഴിലാളിയെ ക്രിമിനല്‍ കേസ് നല്‍കി കുടുക്കിയ കേസില്‍ ഷാര്‍ജ കോടതി തൊഴിലാളിയെ കുറ്റവിമുക്തനാക്കി. “സത്യ വിശ്വാസികളെ, അധിക ഊഹങ്ങള്‍ പാപമാണ്, അത് നിങ്ങള്‍ ഉപേക്ഷിക്കുക” എന്ന വിശുദ്ധ ഖുര്‍ആന്‍ വചനം ആധാരമാക്കി കോടതി പുറപ്പെടുവിച്ച ഉത്തരവ്‌ ലഭിച്ചത് യുനൈറ്റഡ്‌ അഡ്വക്കേറ്റ്സിലെ നിയമ പ്രതിനിധിയും, സാമൂഹ്യ പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരി യുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ്.

hakeem-sheikh-hamsa-epathram

ഹക്കീം ശൈഖ് ഹംസ

ഷാര്‍ജയിലെ ഒരു പ്രിന്റിംഗ് പ്രസില്‍ ജോലി ചെയ്തു വന്ന പാലക്കാട്‌ ഒലവക്കോട്‌ സ്വദേശി ഹക്കീം ശൈഖ് ഹംസയാണ് മാസങ്ങളോളം ശമ്പളം കിട്ടാതായപ്പോഴാണ് തൊഴില്‍ വകുപ്പില്‍ പരാതിപ്പെട്ടത്. മലയാളികളായ കമ്പനി ഉടമകള്‍ ഹാജരാവാഞ്ഞതിനെ തുടര്‍ന്ന് തൊഴില്‍ വകുപ്പ്‌ കേസ് കോടതിയുടെ പരിഗണനയ്ക്ക് വിട്ടു. എന്നാല്‍ കോടതിയില്‍ കേസ്‌ തങ്ങള്‍ക്ക് പ്രതികൂലമാവും എന്ന് മനസിലാക്കിയ കമ്പനി ഉടമകള്‍ ഹക്കീമിനെതിരെ വഞ്ചന, പണം തിരിമറി, മോഷണം എന്നീ കുറ്റങ്ങള്‍ ആരോപിച്ച് കേസ് കൊടുത്തു. ആറു ലക്ഷത്തിലേറെ രൂപയുടെ തിരിമറി നടത്തി എന്നായിരുന്നു കേസ്‌.

കേസിന്റെ നടത്തിപ്പില്‍ ഉടനീളം ഹക്കീമിന് തുണയായി നിന്ന സലാം പാപ്പിനിശേരിയുടെ ശ്രമഫലമായി ഒടുവില്‍ ഹക്കീമിന് അനുകൂലമായി കോടതി വിധി പ്രസ്താവിച്ചു. വെറും ഊഹത്തിന്റെ പേരില്‍ ഒരാളുടെ പേരില്‍ കുറ്റം ചുമത്താന്‍ നിയമം അനുവദിക്കുന്നില്ലെന്ന് ഖുര്‍ആന്‍ വചനം ഉദ്ധരിച്ചു കൊണ്ട് കോടതി വ്യക്തമാക്കി.

കമ്പനി ഉടമകളും തൊഴിലാളികളും തമ്മില്‍ കോടതിക്ക് വെളിയില്‍ വെച്ച് തന്നെ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ അടുത്ത കാലത്തായി കോടതിയില്‍ എത്തുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി സലാം പാപ്പിനിശ്ശേരി പറഞ്ഞു. തൊഴിലാളികളും തൊഴില്‍ ഉടമകളും എടുക്കുന്ന നിലപാടുകളും കടുംപിടുത്തവും ഇവിടത്തെ കോടതികള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഭാവിയില്‍ പ്രവാസികളായ മലയാളികള്‍ക്ക്‌ തന്നെ ഇത് ദോഷം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

“നിലവിളികള്‍ക്ക്‌ കാതോര്‍ക്കാം” ദുബായില്‍ പ്രകാശനം ചെയ്തു

October 30th, 2010

thomas-cheriyan-book-release

ദുബായ്‌ : തോമസ്‌ ചെറിയാന്റെ നിലവിളികള്‍ക്ക് കാതോര്‍ക്കാം എന്ന കഥാ സമാഹാരത്തിന്റെ പ്രകാശനം ദുബായില്‍ നടന്നു. ഇന്നലെ വൈകീട്ട് ഖിസൈസ്‌ റോയല്‍ പാലസ് ഹോട്ടലില്‍ നടന്ന പ്രകാശന ചടങ്ങില്‍ കവി സുറാബ് മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള ഈ വര്‍ഷത്തെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ പുരസ്കാര ജേതാവായ പി. മണികണ്ഠനു പുസ്തകം നല്‍കി കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

e പത്രം പരിസ്ഥിതി ക്ലബ് സംഘടിപ്പിച്ച ഒരു ഡോക്യുമെന്ററി പ്രദര്‍ശനത്തോടെ ആയിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. കാസര്‍ക്കോട്ടെ ജനങ്ങള്‍ അനുഭവിക്കുന്ന രോഗങ്ങളുടെയും വൈകല്യങ്ങളുടെയും കാരണം പ്ലാന്റേഷന്‍ കൊര്‍പ്പൊറെയ്ഷന്‍ തങ്ങളുടെ കശുമാവിന്‍ തോട്ടത്തില്‍ തളിക്കുന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനി അല്ല എന്ന കേന്ദ്ര മന്ത്രി കെ. വി. തോമസിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട്ടെ ജനത്തിന്റെ ദുരിതം വെളിപ്പെടുത്തുന്ന സി-ഡിറ്റ്‌ നിര്‍മ്മിച്ച “പുനര്‍ജനി” എന്ന ഹ്രസ്വ ചിത്രമാണ് e പത്രം പരിസ്ഥിതി ക്ലബ്‌ പ്രവര്‍ത്തകര്‍ പ്രദര്‍ശിപ്പിച്ചത്. ഏതാനും മല നിരകളിലായി പരന്നു കിടക്കുന്ന പ്ലാന്റേഷന്‍ കൊര്‍പ്പൊറെയ്ഷന്റെ കശുമാവിന്‍ തോട്ടങ്ങളുടെ ഇടയില്‍ ജനവാസമുള്ള പ്രദേശങ്ങളുമുണ്ട്. എന്നാല്‍ ഹെലികോപ്റ്റര്‍ ഇവിടെയെല്ലാം എന്‍ഡോസള്‍ഫാന്‍ തളിക്കുന്നു. ഇത് മനുഷ്യരുടെ മുകളിലും പതിക്കുന്നു. ഇവിടത്തെ വായുവിലും ജലത്തിലും കലരുന്നു. അങ്ങനെ ദൂര വ്യാപകമായ അനന്തര ഫലങ്ങളും ഉളവാക്കുന്നു. ചര്‍മ്മ രോഗങ്ങളും ക്യാന്‍സറും പോലുള്ള രോഗങ്ങളും ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ജനന വൈകല്യങ്ങളും സമ്മാനിക്കുന്നു. ഈ പശ്ചാത്തലത്തില്‍ മന്ത്രി നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനയ്ക്കെതിരെ സമൂഹ മനസാക്ഷിയെ ഉണര്‍ത്തുവാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിച്ചത് എന്ന് e പത്രം പരിസ്ഥിതി ക്ലബ്‌ പ്രവര്‍ത്തകര്‍ അറിയിച്ചു.

sindhu-manoharan

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ക്ലിക്ക്‌ ചെയ്യുക

ഇസ്മായീല്‍ മേലടി സ്വാഗതവും ജ്യോതി കുമാര്‍ മോഡറേറ്ററും ആയിരുന്നു. കവി മുളക്കുളം മുരളീധരന്‍ പുസ്തക പരിചയം നടത്തി. പുസ്തക വിചാരത്തില്‍ ഉപഭോഗ സംസ്കാരം (കഥകള്‍ – വെര്‍ച്വല്‍ വേള്‍ഡ്‌, സ്ക്രീനില്‍ ശേഷിക്കുന്നതെന്ത്‌, ബമ്പര്‍ പ്രൈസ്‌) – നാസര്‍ ബേപ്പൂര്‍, അണു കുടുംബങ്ങളിലെ ആണ്‍ – പെണ്‍ വ്യവഹാരങ്ങള്‍ (കഥകള്‍ – യാത്ര, നിലവിളികള്‍ക്ക് കാതോര്‍ക്കാം, ഓട്ടത്തിനൊടുവില്‍) – സിന്ധു മനോഹരന്‍, തലമുറകളുടെ മുറിവും നീതിബോധവും, വര്‍ത്തമാന കാലത്ത്‌ (കഥകള്‍ – തിരുമുറിവുകള്‍, ചരിത്ര പ്പുട്ടില്‍ സോളമന്‍) – രവി പുന്നക്കല്‍, തൊഴില്‍ രാഹിത്യ സങ്കീര്‍ണ്ണതകള്‍ (കഥകള്‍ – സമയ സന്ധ്യകള്‍, കൊണ്ക്രീറ്റ്‌) – സി. വി. സലാം, യുദ്ധം, അധിനിവേശം, സാമ്രാജ്യത്വം (കഥകള്‍ – ഫണ്‍ റേസ്‌, ആശങ്കകള്‍ക്ക് വിരുന്നു പാര്‍ക്കാന്‍ ഒരു ജീവിതം) – റാം മോഹന്‍ പാലിയത്ത്, ആഗോളീകരണ കാലത്തെ ധനാസക്തികള്‍ (കഥകള്‍ – ജനിതകം, ഹോള്‍ഡര്‍ ഓഫ് ഇന്ത്യന്‍ പാസ്പോര്‍ട്ട് നമ്പര്‍ K010…) – ലത്തീഫ്‌ മമ്മിയൂര്‍ എന്നിവര്‍ പങ്കെടുത്തു.

എ. എം. മുഹമ്മദ്‌, സൂസന്‍ കോരുത്ത്, കമറുദ്ദീന്‍ ആമയം, പി. കെ. മുഹമ്മദ്‌, കബീര്‍, പി. ആന്റണി, സുരേഷ് പാടൂര്‍, മനാഫ്‌ കേച്ചേരി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാര്‍ക്ക്‌ കുറഞ്ഞതിനു ശകാരം – വിദ്യാര്‍ത്ഥിനി വീട്ടില്‍ നിന്നും ഒളിച്ചോടി

October 29th, 2010

girl-child-crying-epathram

ദുബായ്‌ : പരീക്ഷയില്‍ മാര്‍ക്ക്‌ കുറഞ്ഞതിനു ഇന്നലെ രാത്രി അച്ഛനും അമ്മയും മാറി മാറി ശകാരിച്ചപ്പോള്‍ പത്തു വയസുകാരി അഞ്ജലിക്ക് വിഷമം സഹിക്കാനായില്ല. രാത്രി മുഴുവന്‍ കരഞ്ഞ അവള്‍ വെളുപ്പിന് ആരും കാണാതെ വീട് വിട്ടു ഇറങ്ങി. സ്ക്കൂള്‍ ബസ്‌ പോകുന്ന വഴിയിലൂടെ നടന്നു. രാവിലെ കുഞ്ഞിനെ കാണാതായ അച്ഛനും അമ്മയും നെട്ടോട്ടമായി. ഹിറ്റ്‌ എഫ്. എം. റേഡിയോയില്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് റേഡിയോയിലും അറിയിപ്പ്‌ നല്‍കി. പോലീസും സി. ഐ. ഡി. യുമെല്ലാം അന്വേഷണം ആരംഭിച്ചു. ഒടുവില്‍ ഒരു കൂട്ടുകാരിയുടെ ഫോണിലേക്ക് കുട്ടിയുടെ ഫോണ്‍ വന്നു. താന്‍ ദുബായ്‌ ക്രീക്ക് പാര്‍ക്കിനടുത്തുണ്ട് എന്നായിരുന്നു സന്ദേശം. ഹിറ്റ്‌ എഫ്. എം. പ്രവര്‍ത്തകരും പോലീസും ബന്ധുക്കളും ഉടന്‍ തന്നെ ക്രീക്ക് പാര്‍ക്കിലേക്ക്‌ കുതിച്ചു. പാര്‍ക്കിലെ ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ അടുത്ത് സുരക്ഷിതയായി കുട്ടിയെ കണ്ടതോടെയാണ് എല്ലാവര്ക്കും ആശ്വാസമായത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നായിരുന്നു കുട്ടി തന്റെ കൂട്ടുകാരിയെ വിളിച്ചത്.

അച്ഛനും അമ്മയും മാത്രമടങ്ങുന്ന ഗള്‍ഫിലെ കുട്ടികള്‍ക്ക് അച്ഛനമ്മമാര്‍ നല്‍കുന്ന മാനസിക പിന്തുണയും ആത്മ ധൈര്യവും ഏറെ ആവശ്യമാണ്‌ എന്ന് പ്രമുഖ മനശാസ്ത്ര വിദഗ്ദ്ധന്‍ ഡോ. ജിതേഷ് മോഹന്‍ അഭിപ്രായപ്പെടുന്നു. മുതിര്‍ന്ന ബന്ധുക്കളോ, നാട്ടുകാരോ ഒന്നും സഹായത്തിനില്ലാത്ത പ്രവാസ ജീവിതത്തില്‍ കുട്ടികളെ നേരാംവണ്ണം ശ്രദ്ധിക്കാനോ അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പെരുമാറാനോ ജോലി തിരക്കിനിടയില്‍ അച്ഛനമ്മമാര്‍ക്ക് കഴിയാറില്ല. തങ്ങളുടെ തൊഴില്‍ അഭിവൃദ്ധിക്കു പുറകെ പായുന്നതിനിടയില്‍ കുഞ്ഞുങ്ങളുടെ ജീവിതത്തിലെ നഷ്ടങ്ങള്‍ ആരും ഗൌനിക്കാറുമില്ല. എന്നാല്‍ പെട്ടെന്ന് ഒരു നാള്‍, പരീക്ഷയില്‍ മാര്‍ക്ക്‌ കുറഞ്ഞതിന്റെ പേരില്‍ അച്ഛനും അമ്മയും മാതാപിതാക്കള്‍ എന്ന നിലയില്‍ കുട്ടികളുടെ പഠനത്തില്‍ തങ്ങളുടെ ഭാഗം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതോടെ കുട്ടികള്‍ ആശയ കുഴപ്പത്തില്‍ ആകുന്നു. ഇത്രയും നാള്‍ തന്നെ ശ്രദ്ധിക്കാഞ്ഞവര്‍ പൊടുന്നനെ തന്നെ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതോടെ കുട്ടി പൂര്‍ണ്ണമായും ഒറ്റപ്പെടുന്നു. ഒരു സാന്ത്വനത്തിന് പോലും എവിടെയ്ക്കും തിരിയാന്‍ ഇല്ലാത്ത കുട്ടിക്ക്‌ വീട് വിട്ടു എവിടേയ്ക്കെങ്കിലും കടന്നു കളയാനുള്ള തോന്നല്‍ സ്വാഭാവികമാണ് എന്നും ഡോ. ജിതേഷ് വിശദീകരിച്ചു.

പ്രവാസികള്‍ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ സ്വീകരിച്ചേ മതിയാവൂ എന്നും ഡോക്ടര്‍ പറയുന്നു. നിര്‍ബന്ധമായും ദിവസേന അല്‍പ്പ നേരം കുട്ടികളുമായി സരസ സംഭാഷണം നടത്താന്‍ അച്ഛനും അമ്മയും സമയം കണ്ടെത്തണം. കുട്ടികളുടെ സാമൂഹ്യ ബന്ധങ്ങളും കൂട്ടുകാരെ പറ്റിയും ചോദിച്ചു മനസിലാക്കണം. ആരോഗ്യകരമായ ബന്ധങ്ങള്‍ മറ്റു കുട്ടികളുമായി വളര്‍ത്തി എടുക്കുന്നതില്‍ അവരെ പ്രോത്സാഹിപ്പിക്കണം. വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും മറ്റു കുട്ടികളുമായി ഇടപഴകാനും കളിക്കുവാനും ഉള്ള അവസരങ്ങള്‍ ഒരുക്കി കൊടുക്കണം. ഗള്‍ഫിലെ പ്രതികൂല സാഹചര്യത്തില്‍ ഇങ്ങനെയുള്ള പ്രത്യേക ശ്രദ്ധ കുട്ടികളുടെ കാര്യത്തില്‍ എടുക്കേണ്ടത്‌ ഇത്തരം ദൌര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഒഴിവാക്കുന്നതിനു അത്യാവശ്യമാണ് എന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി.

*പേര് സാങ്കല്‍പ്പികം

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

മയ്യില്‍ എന്‍. ആര്‍. ഐ. കുടുംബ സംഗമം

October 28th, 2010

mayyil-nri-family-meet-epathram

ദുബായ്‌ : കണ്ണൂര്‍ ജില്ലയിലെ കുടുംബ കൂട്ടായ്മ യായ മയ്യില്‍ എന്‍. ആര്‍. ഐ. ഓണം – ഈദ്‌ ആഘോഷങ്ങളുടെ ഭാഗമായി ദുബായ്‌ ക്രീക്ക് പാര്‍ക്കില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. വിവിധ കലാ കായിക മല്‍സരങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »


« Previous Page« Previous « “കൈരളി മുത്തിന്റെ നാട്ടില്‍” പ്രകാശനം
Next »Next Page » മാര്‍ക്ക്‌ കുറഞ്ഞതിനു ശകാരം – വിദ്യാര്‍ത്ഥിനി വീട്ടില്‍ നിന്നും ഒളിച്ചോടി »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine