ദുബായ് : യു.എ.ഇ. യിലെ ജെയിലുകളില്‍ കഴിയുന്ന ഇന്ത്യാക്കാരായ തടവുകാര്‍ക്ക് മോചനത്തിനുള്ള പ്രതീക്ഷയുമായി രണ്ടു പ്രവാസി സംഘടനകള്‍ ഫണ്ട് ശേഖരണം നടത്തി. ഷാര്‍ജയിലെ ഇന്‍ഡ്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൌണ്‍സില്‍ (Indian Business and Professional Council, Sharjah), ഇന്‍ഡ്യന്‍ ഗോള്‍ഫേഴ്സ് സൊസൈറ്റി യു.എ.ഇ. (Indian Golfers Society UAE) എന്നീ സംഘടനകളാണ് ഫണ്ട് ശേഖരിച്ചത്. ക്രിമിനല്‍ അല്ലാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് മോചനത്തിനുള്ള “ദിയ” പണം നല്‍കാന്‍ ആണ് ഈ ഫണ്ട് ഉപയോഗിക്കുക എന്ന് ഇന്‍ഡ്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൌണ്‍സില്‍, ഷാര്‍ജയുടെ വൈസ് പ്രസിഡണ്ട് കെ. വി. ഷംസുദ്ദീന്‍ അറിയിച്ചു. ശനിയാഴ്ച ദുബായില്‍ നടന്ന ഒരു ഗോള്‍ഫ് ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് നടന്ന അത്താഴ വിരുന്നിലാണ് 5 ലക്ഷം ദിര്‍ഹം ഈ ഫണ്ടിലേയ്ക്ക് സമാഹരിച്ചത്.
ശരിയത്ത് നിയമ പ്രകാരം കുറ്റം ചെയ്ത പ്രതി കുറ്റകൃത്യത്തിനു ഇരയായ ആളുടെ കുടുംബത്തിന് നല്‍കുന്ന പണമാണ് “ദിയ” അഥവാ “Blood Money”. കൊലപാതകത്തിനു മാത്രമല്ല, ഒരു അപകട മരണം ഉണ്ടായാലും അതിന്റെ ഉത്തരവാദിത്വം വഹിയ്ക്കേണ്ടി വരുന്ന ആള്‍ ദിയ നല്‍കണമെന്നാണ് നിയമം അനുശാസിക്കുന്നത്. 2 ലക്ഷം രൂപയാണ് യു.എ.ഇ. നിയമ പ്രകാരം ദിയ യായി നല്‍കേണ്ടത്. മനപൂര്‍വ്വമല്ലാത്ത വാഹന അപകടങ്ങളിലും മറ്റും പ്രതികളാകുന്ന പലരും ദിയ നല്‍കാനാവാതെ തടവ് അനുഭവിക്കേണ്ടി വരുന്നു.
യു.എ.ഇ. ജെയിലുകളില്‍ ഇങ്ങനെ കഴിയുന്ന തടവുകാരില്‍ നിന്നും തെരഞ്ഞെടുത്ത 13 ഇന്ത്യാക്കാരെ മോചിപ്പിക്കാനാണ് ആദ്യ ഘട്ടത്തില്‍ ശ്രമിക്കുന്നത്. ഇവരുടെ മോചനത്തിന് ഈ തുക മതിയാവില്ലെങ്കിലും, പലപ്പോഴും പ്രതികളുടെ നിരപരാധിത്വവും നിസഹായാവസ്ഥയും ഇരകളുടെ ബന്ധുക്കളെ പറഞ്ഞു മനസ്സിലാക്കിയാല്‍ ദിയ പണത്തില്‍ ഇളവ് ലഭിക്കാന്‍ സാദ്ധ്യതയുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പല സംഘടനകളും ഏറ്റെടുത്തു നടത്തുന്നുമുണ്ട്.
മൂന്നു വര്‍ഷമായി തടവില്‍ കഴിയുന്ന ഒരു മലയാളി യും ഈ കൂട്ടത്തിലുണ്ട്. ഇയാള്‍ ഓടിച്ച വാഹനമിടിച്ചു ഒരു കാല്‍ നടക്കാരന്‍ മരിച്ചതാണ് ഇയാളെ കുറ്റക്കാരനാക്കിയത്. ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചു 6 മാസത്തിനുള്ളില്‍ അപകടം നടന്നതിനാല്‍ ഇന്‍ഷൂറന്‍സ് തുകയും ലഭിച്ചില്ല. ദിയ പണം നല്‍കാന്‍ ഗതിയില്ലാതെ കഴിഞ്ഞ മൂന്നു വര്‍ഷമായി തടവില്‍ കഴിയുന്ന 28കാരനായ ഇയാള്‍ക്കും ഇപ്പോള്‍ മോചനം ലഭിയ്ക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

കെ.വി.ഷംസുദ്ദീന്‍
ഇത്തരത്തില്‍ സഹായം അര്‍ഹിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ അനേകം പേര്‍ ഇനിയും തടവില്‍ കഴിയുന്നുണ്ട്. ഇവിടത്തെ പല വ്യവസായ പ്രമുഖരും നാട്ടില്‍ പല രീതിയിലുമുള്ള സാമൂഹ്യ സേവനം നടത്തുന്നുണ്ട്. എന്നാല്‍ പ്രവാസികള്‍ക്കിടയില്‍ തന്നെ ഇത്തരം സഹായം ആവശ്യമുള്ളപ്പോള്‍, എന്ത് കൊണ്ട് ഇവിടെ തന്നെ ഈ സഹായം ലഭ്യമാക്കിക്കൂടാ എന്ന ചിന്തയാണ് തങ്ങളെ നയിച്ചത് എന്ന് ഗള്‍ഫ് മേഖലയില്‍ ഒട്ടേറെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന, ഇന്‍ഡ്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൌണ്‍സില്‍, ഷാര്‍ജയുടെ വൈസ് പ്രസിഡണ്ടും, ഹ്യുമാനിറ്റെറിയന്‍ ഫണ്ട് മാനേജ്മെന്റ് കമ്മിറ്റി അംഗവുമായ കെ. വി. ഷംസുദ്ദീന്‍ പറയുന്നു. ഇപ്പോള്‍ സമാഹരിച്ച തുക ഒരു തുടക്കം മാത്രമാണ്. ഇനിയും കൂടുതല്‍ ബിസിനസുകളുടെയും വ്യക്തികളുടെയും പങ്കാളിത്തം ഈ ഉദ്യമത്തില്‍ കൊണ്ട് വരാനുള്ള പരിപാടികള്‍ തങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ആദ്യ പടിയായി ഒരു മില്യണ്‍ ദിര്‍ഹം സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു.



പ്രേരണ യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ജൂണ്‍ 18-ന് ഖിസൈസിലുള്ള റോയല്‍ പാലസ് അപ്പാര്റ്റ്‌മെന്റ്സ് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രശസ്ത എഴുത്തുകാരന്‍ കോവിലന്റെയും, പ്രശസ്ത ഡോക്യുമെന്ററി നിര്മ്മാതാവായ സി. ശരത് ചന്ദ്രന്റെയും അനുസ്മരണം നടത്തി. ശരത് ചന്ദ്രന്റെ അനുസ്മരണം മുന്കൂട്ടി നിശ്ചയിച്ച പരിപാടി ആയിരുന്നെങ്കിലും, ആകസ്മികമായി ഇന്ത്യന്‍ സാഹിത്യ മണ്ഡലത്തില്‍ ഒരു ശൂന്യത സൃഷിച്ചു കടന്നു പോയ കോവിലന് അനുശോചനം അര്പ്പിക്കാതെ മുന്നോട്ട് പോകാനാവില്ല എന്നതു കൊണ്ടാണ് ഈ വേദിയില്‍ വെച്ചു തന്നെ അത്തരമൊരു അനുസ്മരണം നടത്തിയത്. എന്നാല്‍ സാഹിത്യ മേഖലയിലുള്ള പരിപടിയോടു കൂടി കോവിലന്‍ അനുസ്മരണം പിന്നീട് നടത്തും എന്ന് സെക്രട്ടറി പ്രദോഷ് സൂചിപ്പിച്ചു.
മനാമ : കുവൈറ്റ് രാജകുമാരന്‍ ശൈഖ് ബാസല്‍ സലിം സബാ അല്‍ സലിം അല്‍ സബാ (52) വെടിയേറ്റു മരിച്ചു. രാജകുമാരന്‍റെ ശരീരത്തില്‍ ഒട്ടേറെ ത്തവണ വെടിയുണ്ട തറച്ചതായി പറയപ്പെടുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയൊന്നും ഇറക്കിയിട്ടില്ല. കൊലപാതകിയെ പോലീസ് പിടി കൂടി യിട്ടുണ്ട്. സംഭവത്തെ ക്കുറിച്ച് അന്വേഷണം തുടങ്ങി.
അബുദാബി : യു. എ. ഇ. ഭരണാധികാരി കളുടെ പ്രത്യേക ക്ഷണ പ്രകാരം ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഈ വര്‍ഷം യു. എ. ഇ. സന്ദര്‍ശിക്കും. ഇരു രാജ്യങ്ങളുടെയും ഓഫീസുകള്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. 1984 – ല്‍ മുന്‍ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി യാണ് ഏറ്റവും ഒടുവിലായി യു. എ. ഇ. സന്ദര്‍ശിച്ചത്. 26 വര്‍ഷ ങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ യു. എ. ഇ. സന്ദര്‍ശനം ചരിത്ര സംഭവമാകും. മാത്രമല്ല ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളും കൂടുതല്‍ ശക്തമാവും. 

























