ദുബായ് : മെട്രോ ബ്ലൂലൈൻ പദ്ധതിക്ക് യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അംഗീകാരം നൽകി. 1800 കോടി ദിർഹം ചെലവിൽ 30 കിലോ മീറ്റർ നീളത്തിലാണ് പുതിയ ബ്ലൂ ലൈൻ റെയിൽപ്പാത ഒരുക്കുന്നത്.
നിലവിലെ റെഡ്, ഗ്രീൻ ലൈനുകളുമായി ബന്ധിപ്പിച്ച് നിർമ്മിക്കുന്ന ഇതിന്‍റെ 15.5 കിലോമീറ്റർ പാത ഭൂമിക്ക് അടിയിലും 14.5 കിലോ മീറ്റർ ഉപരി തലത്തിലും ആയിരിക്കും.
ബ്ലൂ ലൈനിലെ മൊത്തം14 സ്റ്റേഷനുകളിൽ അഞ്ചു സ്റ്റേഷനുകൾ ഭൂഗർഭ പാതകളിലൂടെ ബന്ധിപ്പിക്കും. കൂടാതെ ഒരു ഇന്‍റർ ചേഞ്ച് സ്റ്റേഷനും സെന്‍റർ പോയൻര് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന രണ്ട് എലിവേറ്റഡ് ട്രാൻസ്ഫർ സ്റ്റേഷനുകളും ഉണ്ടാവും.
പുതിയ പാതയിലൂടെ മിർദിഫ്, ഇന്‍റർ നാഷണൽ സിറ്റി, ദുബായ് ക്രീക്ക്, അൽ വർഖ, ദുബായ് ഫെസ്റ്റിവൽ സിറ്റി, അക്കാദമിക് സിറ്റി, സിലിക്കൺ ഒയാസിസ് എന്നിവിടങ്ങളിലായി പ്രതിദിനം 3,20,000 യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാ സേവനങ്ങൾ ലഭ്യമാക്കും. 2009 ൽ 10 സ്റ്റേഷനുകളോടെ ആരംഭിച്ച ദുബായ് മെട്രോ 200 കോടി യാത്രക്കാർ ഉപയോഗിച്ചു. HHShkMohd & RTA