അബുദാബി: കുടുംബ കൂട്ടായ്മ പയസ്വിനി അബുദാബി യുടെ ഓണാഘാഷം ‘ഓണച്ചിന്തുകൾ-2023’ വേറിട്ട കലാ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. മുസ്സഫ ഷൈനിംഗ് സ്റ്റാര്‍ സ്കൂളില്‍ വെച്ച് നടന്ന ആഘോഷ പരിപാടികള്‍ ഐ. എസ്. സി. ജനറൽ സെക്രട്ടറി പ്രദീപ് കുമാർ ഉത്ഘാടനം ചെയ്തു. അബുദാബിയിലെ സാമൂഹിക സാംസ്കാരിക സംഘടനാ സാരഥികളും പയസ്വിനി ഭാരവാഹികളും സംസാരിച്ചു.
വേണു നാദം ഗാനാലാപന മത്സരത്തിൽ യു. എ. ഇ. തലത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കിട്ടിയ അഞ്ജലി വേണു ഗോപാലിന് പയസ്വിനിയുടെ ഉപഹാരം സമ്മാനിച്ചു. പയസ്വിനി അംഗങ്ങൾ അവതരിപ്പിച്ച കോൽക്കളി ഏറെ ശ്രദ്ധിക്കപ്പെട്ടു. ശിങ്കാരി മേളത്തോടു കൂടിയുള്ള മാവേലി എഴുന്നള്ളത്ത്, തിരുവാതിര, കുട്ടികളുടെ നൃത്ത നൃത്യങ്ങൾ തുടങ്ങി വിവിധ കലാ പരിപാടികൾ അരങ്ങേറി.
പയസ്വിനി പ്രസിഡണ്ട് ശ്രീജിത്ത് കുറ്റിക്കോൽ അദ്ധ്യക്ഷത വഹിച്ചു. അനന്യ സുനിൽ പ്രാർത്ഥന ഗാനം ആലപിച്ചു. പയസ്വിനി രക്ഷാധികാരി ജയകുമാർ പെരിയ, ടി. വി. സുരേഷ് കുമാർ, ആർട്സ് സെക്രട്ടറി ഉമേഷ് കാഞ്ഞങ്ങാട് എന്നിവർ സംസാരിച്ചു. സെക്രട്ടറി ദീപ ജയകുമാർ സ്വാഗതവും ട്രഷറര്‍ വാരിജാക്ഷൻ ഒളിയത്തടുക്ക നന്ദിയും പറഞ്ഞു. ഡോക്ടർ ആതിര, സുധീഷ് എന്നിവർ അവതാരകർ ആയിരുന്നു.