അബുദാബി : സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ് ദേവാലയം സംഘടിപ്പിച്ച ആദ്യ വിളവെടുപ്പ് മഹോത്സവമായ കൊയ്ത്തുത്സവം വിപുലമായ പരിപാടികളോടെ ദേവാലയ അങ്കണത്തിൽ നടന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ ബ്രഹ്മവാർ ഭദ്രാസന മെത്രപ്പോലീത്ത യാക്കോബ് മാര്‍ ഏലിയാസ് അദ്ധ്യത വഹിച്ച ചടങ്ങിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മേധാവി അദീബ് അഹ്മദ് വിശിഷ്ട അഥിതി ആയിരുന്നു.
ഇടവക വികാരി ഫാദർ എൽദോ എം. പോൾ, സഹ വികാരി ഫാദർ മാത്യു ജോൺ, കത്തീഡ്രൽ ട്രസ്റ്റി റോയി മോൻ ജോയി, കത്തീഡ്രൽ സെക്രട്ടറി ജോർജ്ജ് വറുഗീസ്, ഹാർവെസ്റ്റ് ഫെസ്റ്റിവൽ കൺവീനർമാരായ ഐ. തോമസ്സ്, രാഹുൽ ജോർജ്ജ്, മീഡിയാ കൺവീനർ ജേക്കബ് പുരക്കൽ, മറ്റു ഭാരവാഹികള്‍, സാമൂഹ്യ സാംസ്കാരിക സംഘടനാ സാരഥികളും ചടങ്ങില്‍ സംബന്ധിച്ചു.
കപ്പയും മീൻ കറിയും, തട്ടുകട വിഭവങ്ങള്‍, നസ്രാണി പലഹാരങ്ങൾ, പുഴുക്ക്, പായസം, സോഡ നാരങ്ങാ വെള്ളം മുതലായ നാടൻ വിഭവങ്ങളും, പച്ചക്കറികൾ, കാട മുട്ട, താറാവ് മുട്ടകൾ, ബിരിയാണികൾ, ഗ്രിൽ ഇനങ്ങൾ, ഇറ്റാലിയൻ വിഭവങ്ങൾ എന്നിവയെല്ലാം കൊയ്ത്തുത്സവ നഗരിയില്‍ ലഭ്യമായിരുന്നു.
ഇടവക അംഗങ്ങളും വനിതകളും കുഞ്ഞുങ്ങളും അവതരിപ്പിച്ച വിവിധ നൃത്ത രൂപങ്ങൾ, അസുര ബാൻഡ്, 7 ടോൺസ് ബാൻഡ് എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേള, ഫ്യൂഷൻ ശിങ്കാരി മേളം തുടങ്ങിയവ ഈ മഹോത്സവ ത്തിന്‍റെ ഭാഗമായി.
കൊയ്ത്തുത്സവ ദിനത്തിൽ അബുദാബി സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയങ്കണം കേരളീയ രുചിക്കൂട്ടുകളുടെ സമന്വയത്തോടൊപ്പം അബുദാബി മലയാളികളുടെ സംഗമ ഭൂമി കൂടിയായി.