ഷാർജ : മുതലാളിത്തം, അതിൽ തന്നെ ഉള്ളടങ്ങിയിരിക്കുന്ന സ്ഥാപനങ്ങളും സംവിധാനങ്ങളും വഴി അനിവാര്യമായ തകർച്ചയെ നേരിടുമെന്ന മാർക്സിന്റെ ഉൾകാഴ്ച്ച ശരിയായിരുന്നു എന്ന് തെളിയിച്ചു കൊണ്ട് ആഗോള സമ്പദ് വ്യവസ്ഥ ഭീമമായ ഒരു പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുകയാണ് ഇന്ന്. ഇന്നലെയുടെ സാമ്പത്തിക ഭീമന്മാരെല്ലാം ഒരു ചീട്ടു കൊട്ടാരം പോലെ അതിവേഗത്തില്‍ തകർന്നു വീഴുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. നിരപരാധികളായ ദശ ലക്ഷ ക്കണക്കിന് ആളുകളെയാണ് ഈ സാമ്പത്തിക ചുഴലി അപഹരിക്കാന്‍ പോകുന്നത്.
ചർച്ചകൾ കൊണ്ടു മാത്രം ഇതിനെ തടയാന്‍ നമുക്കാവില്ല. ജനാധിപത്യത്തിലും സോഷ്യലിസത്തിലും അടിയുറച്ച രാഷ്ട്രീയ – സാമ്പത്തിക പ്രയോഗങ്ങൾ കൊണ്ട് മാത്രമേ മാനവ രാശിക്ക് രക്ഷയുള്ളു. ചർച്ചകള്‍ അതിലേക്ക് നയിക്കുന്നതാവണം എന്ന് പ്രേരണ വിശ്വസിക്കുന്നു.
അതിന്റെ ആരംഭമെന്നോണം, ഈ വരുന്ന മെയ് 18ന് ഷാർജ ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ ഹാളില്‍ വെച്ച്, പ്രേരണയുടെ ആഭിമുഖ്യത്തില്‍ വിപുലമായ സംവാദം സംഘടിപ്പിക്കുന്നു. ചടങ്ങിൽ പ്രശസ്ത രാഷ്ട്രീയ – സാമ്പത്തിക വിദഗ്ദ്ധന് ഡോ. പി. ജെ. ജെയിംസ് “ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ചരിത്ര പശ്ചാത്തലം” എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുന്നു. തുടർന്ന് “ആഗോള സാമ്പത്തിക പ്രതിസന്ധിയും പരിസ്ഥിതിയും’, ‘നവ ഉദാര വത്ക്കരണ അവസ്ഥയുടെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യന്‍ ഉയിർത്തെഴുന്നേൽപ്പുകളും അതിന്റെ ബാക്കിപത്രവും, ആഗോള സാമ്പത്തിക പ്രതിസന്ധി, ഗൾഫിന്റെ പശ്ചാത്തലത്തില്‍ പാഠങ്ങളും മുന്നറിയിപ്പുകളും എന്നീ വിഷയങ്ങള്‍ ഡോ. അബ്ദുള്‍ ഖാദറും, ഷാജഹാന് മാടമ്പാട്ടും, ഭാസ്ക്കര്‍ രാജും യഥാക്രമം അവതരിപ്പിക്കുന്നു.
കൂടുതല്‍ വിവരങ്ങൾക്ക് ബന്ധപ്പെടുക : അനൂപ് (050 5595790), കബീർ (050 6538072)
– കബീർ