ദുബൈ: അഞ്ചാമത് ഗള്‍ഫ് ഫിലിം ഫെസ്റ്റിവലിന് (ജി.എഫ്.എഫ്) ഇന്ന് ദുബൈയില്‍ തുടങ്ങി. അറേബ്യന്‍ മേഖലയിലെ നൂതന സിനിമാ പരീക്ഷണങ്ങള്‍ അണിനിരക്കുന്ന ഈ ഫെസ്റ്റിവലില്‍ മല്‍സര വിഭാഗത്തില്‍ അഞ്ച് ലക്ഷം ദിര്‍ഹമാണ് സമ്മാനത്തുക നല്‍കുന്നത്. ഗള്‍ഫ് മത്സര വിഭാഗത്തില്‍ യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, യമന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ അണിനിരക്കുന്നത്. ഒപ്പം ഗള്‍ഫ് മേഖല പശ്ചാത്തലമാക്കി മറ്റ് രാജ്യക്കാര്‍ എടുത്ത സിനിമകളും ഈ വിഭാഗത്തില്‍ മത്സരത്തിനുണ്ട്. കുവൈത്ത് സംവിധായകന്‍ വലീദ് അല്‍ അവാദിയുടെ ‘തോറ ബോറ’ ആയിരിക്കും ഉദ്ഘാടന ചിത്രം. പ്രമുഖ ബഹ്റൈന്‍ ചലച്ചിത്രകാരനും ആദ്യ ബഹ്റൈന്‍ ഫീച്ചര്‍ ഫിലിമായ ‘ദ ബാരിയറി’ന്‍െറ സംവിധായകനുമായ ബസാം അദ്ദവാദിലെ മേളയില്‍ ആദരിക്കും.
നഗ്ഹം അബൂദ് സവിധാനം ചെയ്ത ‘ദേറിഎരെ ല ഫെനിട്രെ’ (BEHIND THE WINDOW) ലബനീസ് ചിത്രം, ഷഹന്‍ അമീന്റെ സൌദ്യ അറേബ്യന്‍ ചിത്രം ‘ലൈലസ് വിന്‍ഡോസ്’ (LEILA’S WINDOW), യന്ഗ് ചി ട്സേങ്ങിന്റെ തൈവാന്‍ ചിത്രമായ ‘ഷെന്‍ ഷെന്‍ഗ് ടെ ചിയ ജൂ’ (DIVINE INTERVENTION), കുവൈറ്റില്‍ നിന്നുള്ള സാദിഖ് ബെഹ്ബെഹനിയുടെ ‘അല്‍ സാല്‍ഹിയ’ (AL SALHIYAH), യു എ ഇ യില്‍ നിന്നും ഫ്രാന്‍സിസ്കോ കാബ്രാസ് – ആല്‍ബര്‍ട്ടോ മോളിനാരി എന്നിവര്‍ ചേര്‍ന്നൊരുക്കിയ ‘ദി അക്രം ട്രീ’, മുഹമ്മദ് ഘാനം അല്‍ മാരിയുടെ ലഹ്ത (MOMENT), ഈസ സ്വൈന്‍ സംവിധാനം ചെയ്ത ഹസ്സാദ് അല്‍ മൌത്, ലുഅയ് ഫാദിലിന്റെ ‘റെക്കോഡ്’, ഇറാഖില്‍ നിന്നുള്ള കുര്‍ദ്ദിഷ് ചിത്രമായ ബൈസിക്കിള് (സംവിധാനം: റിസ്ഗര്‍ ഹുസെന്‍), ഇറാഖില്‍ നിന്ന് തന്നെയുള്ള ഹാഷിം അല്‍ എഫാറിയുടെ ‘സ്മൈല്‍ എഗൈന്‍’ സ്വീഡിഷ് ചിത്രമായ ഐ ആം റൌണ്ട് (സംവിധാനം: മരിയോ അഡാംസന്‍), സാമിര്‍ സൈര്‍യാനിയുടെ ലബനീസ് ചിത്രമായ ‘ടു ബാല്ബെക് ‘, തുടങ്ങി നിരവധി ചിത്രങ്ങള്‍ മേളയില്‍ ഉണ്ട്.
ദുബൈ കള്‍ചര്‍ ആന്‍ഡ് ആര്‍ട്സ് അതോറിറ്റി ചെയര്‍മാന്‍ ശൈഖ് മാജിദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ രക്ഷാകര്‍തൃത്വത്തില്‍ ദുബൈ സ്റ്റുഡിയോ സിറ്റിയുടെ സഹകരണത്തോടെ ദുബൈ കള്‍ചര്‍ ആന്‍ഡ് ആര്‍ട്സ് അതോറിറ്റിയാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവല്‍ ഇന്‍റര്‍ കോണ്ടിനന്‍റല്‍ ഹോട്ടല്‍, ക്രൗണ്‍ പ്ളാസ, ദുബൈ ഫെസ്റ്റിവല്‍ സിറ്റിയിലെ ഗ്രാന്‍ഡ് ഫെസ്റ്റിവല്‍ സിനിമാസ് എന്നിവിടങ്ങളിലാണ് അരങ്ങേറുക.ഗള്‍ഫ് ചലച്ചിത്ര മേഖലയില്‍ സ്വന്തമായ സ്ഥാനം നേടിയെടുക്കാന്‍ ജി.എഫ്.എഫിന് കഴിഞ്ഞിട്ടുണ്ടെന്നും, സിനിമാ പ്രവര്‍ത്തകരില്‍ നിന്നും സന്ദര്‍ശകരില്‍ നിന്നും ഗള്‍ഫ് ഫിലിം ഫെസ്റ്റിവലിനുള്ള പിന്തുണ വര്‍ഷം തോറും വര്‍ധിച്ചുവരികയാണെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ മസ്ഊദ് അമറല്ലാഹ് അല്‍ അലി പറഞ്ഞു.