ദുബായ് : ഒരു മില്യണ്‍ ദിര്‍ഹം യു.എ.എ. യിലെ ദേശീയ സമ്പാദ്യ പദ്ധതിയുടെ ഭാഗ്യക്കുറിയില്‍ സമ്മാനമായി ലഭിച്ചതായി പ്രഖ്യാപിച്ചിട്ടും അത് കയ്യില്‍ ലഭിക്കാതെ ഉള്ള ജോലിയും രാജി വെച്ച് മാസങ്ങളോളം കാത്തിരുന്ന മലയാളിക്ക് ഒടുവില്‍ സമ്മാന തുക ലഭിച്ചു.
ദുബായില്‍ ഹോട്ടലില്‍ പാത്രം കഴുകുന്ന ജോലി ചെയ്തു വന്ന പൊട്ടെങ്ങല്‍ അഹമ്മദിനെയാണ് നാല് മാസം മുന്‍പ് ഭാഗ്യ ദേവത കടാക്ഷിച്ചത്. യു.എ.ഇ. യുടെ ദേശീയ സമ്പാദ്യ പദ്ധതിയായ നാഷണല്‍ ബോണ്ട്സില്‍ അഹമ്മദ് 3000 ദിര്‍ഹം നിക്ഷേപിച്ചിരുന്നു. പ്രതിമാസം നറുക്കെടുപ്പ് നടത്തി നിക്ഷേപകര്‍ക്ക് വന്‍ തുകകള്‍ സമ്മാനമായി നല്‍കുന്ന പദ്ധതിയാണ് നാഷണല്‍ ബോണ്ട്സ്. ഇത്തരമൊരു നറുക്കെടുപ്പിലാണ് അഹമ്മദിന് സമ്മാനം ലഭിച്ചത്. ഒരു മില്യണ്‍ ദിര്‍ഹാമായിരുന്നു (1.3 കോടി രൂപ) സമ്മാനത്തുക.
എന്നാല്‍ വിവരം എസ്. എം. എസ്. സന്ദേശമായി ലഭിച്ച ഇദ്ദേഹത്തിന് തുടര്‍ന്ന് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയായിരുന്നു. മലയാളം മാത്രം അറിയുന്ന അഹമ്മദ് സമ്മാന തുക ലഭിക്കുവാന്‍ എന്ത് ചെയ്യണം എന്നറിയാത്തതിനാല്‍ മൊബൈല്‍ ഫോണില്‍ വന്ന സന്ദേശവുമായി ബാങ്കുകളിലും മറ്റും സമീപിക്കുകയാണ് ചെയ്തത്. ഭാഗ്യക്കുറി ലഭിച്ച ആവേശത്തില്‍ ജോലി രാജി വെയ്ക്കുകയും ചെയ്തു. നാല് മാസത്തോളം ഇങ്ങനെ പല വാതിലുകളും മുട്ടിയ ഇദ്ദേഹത്തിന് നിരാശയായിരുന്നു ഫലം.
ഒടുവില്‍ ഒരു പ്രാദേശിക ദിനപത്രമായ ഗള്‍ഫ് ന്യൂസ് ഈ കാര്യം അറിയുകയും ഇത് നാഷണല്‍ ബോണ്ട്സ് മേധാവി ഖാസിം അലിയുടെ ശ്രദ്ധയില്‍ കൊണ്ട് വരികയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഞായറാഴ്ച ഇദ്ദേഹത്തെ നാഷണല്‍ ബോണ്ട്സ് അധികൃതര്‍ ഓഫീസില്‍ വിളിച്ചു വരുത്തി സമ്മാനത്തുകയുടെ ചെക്ക് കൈമാറുകയും ചെയ്തത്.
അടുത്ത ആഴ്ച നാട്ടില്‍ പോകുന്ന അഹമ്മദ് തിരികെ ദുബായില്‍ വന്ന് ഒരു പലചരക്ക് കട തുടങ്ങണം എന്നാണ് തന്റെ ആഗ്രഹം എന്ന് പറയുന്നു.