
അബുദാബി : മാർത്തോമ്മാ ഇടവക സംഘടിപ്പിക്കുന്ന കൊയ്ത്തുത്സവം 2023 നവംബർ 26 ഞായറാഴ്ച മുസ്സഫ മാർത്തോമ്മാ ദേവാലയ അങ്കണത്തിൽ നടക്കും.
52 വർഷം പൂർത്തിയാക്കുന്ന ഇടവകയുടെ ഈ വർഷത്തെ ചിന്താ വിഷയം ‘ക്രിസ്തുവിൽ ഒന്നായി’ എന്ന പ്രമേയത്തിലാണ് പരിപാടികൾ നടക്കുക എന്ന് ഇടവക വികാരി റവ. ജിജു ജോസഫ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാപ്പിളപ്പാട്ടുകളിലൂടെ സോഷ്യൽ മീഡിയകളിൽ താരമായ ഫാദർ സേവേറിയോസ് തോമസ് നേതൃത്വം നൽകുന്ന ‘ഹൃദയ രാഗം’ എന്ന സംഗീത പരിപാടി ഈ വർഷത്തെ കൊയ്ത്തുത്സവത്തിന്‍റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.
ഞായറാഴ്ച രാവിലെ 8 മണിക്ക് വിശുദ്ധ കുർബാന. തുടർന്ന് കൊയ്ത്തുത്സവത്തിലേക്കുള്ള ആദ്യ ഫല പെരുന്നാൾ വിഭവങ്ങളുടെ സമർപ്പണം. വൈകുന്നേരം മൂന്നു മണിക്ക് വിളംബര ഘോഷ യാത്രയോടെ വിളവെടുപ്പ് ഉത്സവത്തിനു തുടക്കമാകും.
യു. എ. ഇ. ദേശീയ ദിനത്തോട് അനുബന്ധിച്ച് നിശ്ചല ദൃശ്യങ്ങളും ദൃശ്യ ആവിഷ്ക്കാരങ്ങളും വിളംബര യാത്രയിൽ ഉൾപ്പെടുത്തി യിട്ടുണ്ട്. കാർഷിക ഗ്രാമ പശ്ചാത്തലത്തിൽ ഒരുക്കുന്ന കൊയ്ത്തുത്സവ നഗരി യിൽ കേരള ത്തനിമയുള്ള ഭക്ഷണ വിഭവങ്ങൾ ലഭ്യമാകുന്ന 55 സ്റ്റാളുകളുണ്ടാകും.
മാർത്തോമാ യുവജന സഖ്യം നേതൃത്വം നൽകുന്ന തനി നാടൻ തട്ടുകട, വിവിധ ഭക്ഷണ സ്റ്റാളുകൾ, നിത്യോപയോഗ സാധനങ്ങൾ, അലങ്കാര ചെടികൾ എന്നിവ ലഭ്യമാവും. സ്റ്റാളുകളിൽ ഒരുക്കുന്ന വിനോദ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിലപ്പെട്ട സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.
ഹൃദയ രാഗം സംഗീത പരിപാടിയുടെ ഭാഗമായി ഇടവകാംഗങ്ങൾ ഒരുക്കുന്ന വിവിധ കലാ പരിപാടി കളും അരങ്ങേറും.
കൊയ്ത്തുത്സവത്തിലൂടെ ലഭിക്കുന്ന വരുമാനം ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കും എന്ന് വികാരി റവ. ജിജു ജോസഫ് പറഞ്ഞു.
സഹ വികാരി റവ. അജിത് ഈപ്പൻ തോമസ്, ജനറൽ കൺവീനർ ബിജു പാപ്പച്ചൻ, ട്രസ്റ്റിമാരായ ബിജു ടി. മാത്യു, ബിജു ഫിലിപ്പ്, സെക്രട്ടറി ബിജു കുര്യൻ, കൺവീനർ ഷെറിൻ ജോർജ്, പബ്ലിസിറ്റി കൺവീനർ നോബിൾ സാം സൈമൺ, ലിജോ ജോൺ, ബിജു വർഗീസ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. FB Page