ഷാര്‍ജ: പ്രവാസികള്‍ അനുഭവിക്കുന്ന യാത്രാ പ്രശ്നം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരോട് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി തട്ടിക്കയറി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സ്വീകരണത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രവാസികളുടെ പ്രശ്നങ്ങള്‍ എല്ലാം തനിക്കറിയാമെന്നും ഞാന്‍ നിങ്ങളുടെ പ്രിയ സുഹൃത്താണെന്നുമെല്ലാം പറഞ്ഞ മന്ത്രിയാണ് പിന്നീട് യാത്രാപ്രശ്നം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകരോട് രോഷം കോണ്ടത്.
എയര്‍ ഇന്ത്യ സ്ഥിരമായി സര്‍വ്വീസ് മുടക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ എയര്‍ ഇന്ത്യയുടെ പ്രശ്നങ്ങള്‍ ഇവിടെ വന്നതിനു ശേഷം ആരും തന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ക്സിസ്റ്റുകാരുടെ പണി എടുക്കേണ്ടെന്നും ഇത്തരത്തിലുള്ള വേല തന്റെ അടുത്ത് ചിലവാകില്ലെന്നും മന്ത്രി രോഷത്തോടെ പറഞ്ഞു. ‘പരിഹാരം ഉണ്ടാക്കി നിങ്ങള്‍ പറയൂ ഞാന്‍ അതു പോലെ ചെയ്യാം‘ എന്ന് കോപാകുലനായ മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറയുന്നുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വിവിധ മാധ്യമങ്ങള്‍ പുറത്തു വിട്ടു. പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഉള്ള മന്ത്രിയുടെ രോഷപ്രകടനം വലിയ തോതില്‍ പ്രതിഷേധങ്ങള്‍ക്ക് ഇട വരുത്തിയിട്ടുണ്ട്.
പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ച എയര്‍ ഇന്ത്യ വിമാനത്തില്‍ പ്രതിഷേധിച്ച യാത്രക്കാരെ ഭീകരന്മാരായി ചിത്രീകരിക്കുകയും ചോദ്യം ചെയ്യലിന്റെ പേരില്‍ ബുദ്ധിമുട്ടിക്കുകയും ചെയ്തപ്പോള്‍ മന്ത്രിയെന്ന നിലയി ഇടപെടല്‍ നടത്താത്തതിന്റെ പേരില്‍ പ്രവാസികള്‍ക്കിടയില്‍ വയലാര്‍ രവിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഓണ്‍ലൈനില്‍ വലിയ തോതില്‍ ഉയര്‍ന്ന പ്രതിഷേധം മന്ത്രിയുടെ ശ്രദ്ധയിലും പെട്ടിരിക്കാം. തനിക്കെതിരെ ഗള്‍ഫ് മേഖലയില്‍ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ നടക്കുന്ന സന്ദര്‍ശനം മന്ത്രി വെട്ടിച്ചുരുക്കിയതായും റിപ്പോര്‍ട്ടുണ്ട്. സൌദി, ബഹറൈന്‍ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനമാണ് മന്ത്രി ഒഴിവാക്കുന്നത്. ചൊവ്വാഴ്ച മസ്കറ്റിലെത്തുന്ന അദ്ദേഹം അന്നു രാത്രി തന്നെ ദില്ലിക്കു മടങ്ങും. ദില്ലിയില്‍ സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗത്തില്‍ പങ്കെടുക്കുവാനാണ് വയലാര്‍ രവി തന്റെ യാത്രാ പരിപാടികള്‍ വെട്ടിച്ചുരുക്കിയതെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.