പ്രേരണ യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ജൂണ്‍ 18-ന് ഖിസൈസിലുള്ള റോയല്‍ പാലസ് അപ്പാര്റ്റ്‌മെന്റ്സ് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രശസ്ത എഴുത്തുകാരന്‍ കോവിലന്റെയും, പ്രശസ്ത ഡോക്യുമെന്ററി നിര്മ്മാതാവായ സി. ശരത് ചന്ദ്രന്റെയും അനുസ്മരണം നടത്തി. ശരത് ചന്ദ്രന്റെ അനുസ്മരണം മുന്കൂട്ടി നിശ്ചയിച്ച പരിപാടി ആയിരുന്നെങ്കിലും, ആകസ്മികമായി ഇന്ത്യന്‍ സാഹിത്യ മണ്ഡലത്തില്‍ ഒരു ശൂന്യത സൃഷിച്ചു കടന്നു പോയ കോവിലന് അനുശോചനം അര്പ്പിക്കാതെ മുന്നോട്ട് പോകാനാവില്ല എന്നതു കൊണ്ടാണ് ഈ വേദിയില്‍ വെച്ചു തന്നെ അത്തരമൊരു അനുസ്മരണം നടത്തിയത്. എന്നാല്‍ സാഹിത്യ മേഖലയിലുള്ള പരിപടിയോടു കൂടി കോവിലന്‍ അനുസ്മരണം പിന്നീട് നടത്തും എന്ന് സെക്രട്ടറി പ്രദോഷ് സൂചിപ്പിച്ചു.
സി. വി. സലാം കോവിലന്‍ അനുസ്മരണ പ്രഭാഷണം നടത്തി. e പത്രം കോളമിസ്റ്റ് ഫൈസല്‍ ബാവ ശരത് ചന്ദ്രന്‍ അനുസ്മരണം നടത്തി. സൈലെന്റ്റ് വാലി സമരം മുതല്‍ ഒരുപാട് സമരങ്ങളില്‍ അതിന്റെ ഭാഗമായി നില്ക്കുകയും, അതിനെ തന്റെ ക്യാമറ കൊണ്ടു ഒപ്പിയെടുക്കുകയും, അത് ആളുകളിലേക്ക് എത്തിക്കുന്നതിനു ശ്രമിക്കുകയും ചെയ്തിരുന്ന ഒരു നല്ല സുഹൃത്തിനെ ഫൈസല്‍ ഓര്മ്മിച്ചു.
ഫൈസല്‍ ബാവ ശരത് ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു. സി.വി. സലാം, പ്രദോഷ് എന്നിവര്‍ വേദിയില്‍
‘മൂന്നാം സിനിമയുടെ നിര്‍മ്മാണം വര്ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍’ എന്ന വിഷയത്തില്‍ വല്സലന്‍ കാനറ സംസാരിച്ചു. മുതലാളിത്ത സംസ്കാരത്തിലൂന്നി ഹോളിവുഡ് പ്രചരിപ്പിക്കുന്ന ഒന്നാം സിനിമയ്ക്കും, സര്ക്കാര്‍ നിയന്ത്രിതമായ വ്യവസ്ഥാപിത സോവിയറ്റ് സിനിമയ്ക്കും അപ്പുറത്ത്, ജനകീയമായ സംസ്കാരത്തിനും, കലയ്ക്കും പ്രാധാന്യമുള്ള മൂന്നാം സിനിമ ഉണ്ടായി വരേണ്ടതിനെ ക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഒരു സാംസ്കാരിക മുന്നേറ്റത്തിന്റെ ഭാഗമായിട്ടേ അത്തരമൊരു സിനിമാ പ്രസ്ഥാനം ഉണ്ടായി വരികയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. തുടര്ന്ന് ഈ വിഷയത്തില്‍ ചര്ച്ച യും നടന്നു.
(മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ വലുതായി കാണാം)
ശരത്തിന്റെ “യുവേഴ്സ് ട്രൂലി ജോണ്‍ (Yours truly John) , “ചാലിയാര്‍ ദി ഫൈനല്‍ സ്ട്രഗിള്‍” എന്നീ ഡോക്യുമെന്ററികളും പ്രദര്ശിപ്പിച്ചു.