ദുബായ്: ഈ മാസം 10 മുതല്‍ 16 വരെ ഗള്‍ഫ് സന്ദര്‍ശനത്തിന് എത്തുന്ന പ്രവാസ കാര്യമന്ത്രി വയലാര്‍ രവിയ്ക്കെതിരെ
പ്രതിഷേധവുമായി പ്രവാസികള്‍. പ്രവാസികളുടെ പ്രശ്നങ്ങളില്‍ മന്ത്രി കാര്യമായി ഇടപെടുന്നില്ലെന്നതിന്റെ പേരില്‍ സോഷ്യല്‍
മീഡിയകളില്‍ വളരെ രൂക്ഷമായ രീതിയിലാണ് പ്രതിഷേധ പ്രചാരണങ്ങള്‍ നടക്കുന്നത്. അപ്രതീക്ഷിതമായി സര്‍വ്വീസ്
മുടക്കിയും, കനത്ത ചാര്‍ജ്ജ് ഈടാക്കിയും, മതിയായ സേവനം നല്‍കാതെയും വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും
കേരളത്തിലേക്കുള്ള യാത്രക്കാരോട് എയര്‍ ഇന്ത്യ തുടര്‍ച്ചയായി നടത്തുന്ന പീഢനങ്ങള്‍ ആയിരുന്നു പതിവായി പ്രവാസികള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നിരുന്ന പരാതി. എന്നാല്‍ ഇത്തവണ അത് ഒരു പടികൂടെ മുകളിലേക്ക് കയറി പാതിവഴിയില്‍
സര്‍വ്വീസ് നിര്‍ത്തിയത് ചോദ്യം ചെയ്ത യാത്രക്കാരെ ‘വിമാന റാഞ്ചികളായി’ ചിത്രീകരിച്ച് പീഢിപ്പിച്ചതാണ്
പ്രകോപനത്തിന്റെ പ്രധാന കാരണം. ഈ വിഷയത്തില്‍ വയലാര്‍ രവി മൌനം പാലിച്ചുവെന്നും പ്രതിഷേധിച്ചതിന്റെ പേരില്‍
ഗുരുതരമായ ആരോപണങ്ങള്‍ നേരിടേണ്ടി വന്ന യാത്രക്കാരെ സംരക്ഷിക്കുവാന്‍ ആവശ്യമായ നിലപാട് സ്വീകരിച്ചില്ലെന്നുമാണ്
ആരോപണം. വ്യോമയാന വകുപ്പ് കൈകാര്യം ചെയ്യുന്ന സമയത്തും എയര്‍ ഇന്ത്യയുടെ കേരളത്തിലേക്കുള്ള സര്‍വ്വീസുകളിലെ
പോരായ്മകള്‍ പരിഹരിക്കുന്നതില്‍ വയലാര്‍ രവിക്ക് കാര്യമായി ഒന്നും ചെയ്യുവാന്‍ കഴിഞ്ഞിരുന്നില്ല. പ്രവാസി വോട്ടവകാശമല്ല
വര്‍ഷത്തിലൊരിക്കല്‍ എങ്കിലും കുറഞ്ഞ ചിലവില്‍ സമാധാനപരമായി നാട്ടില്‍ എത്തി ബന്ധുക്കളെയും സുഹൃത്തുക്കളെയും
കണ്ട് തിരിച്ചു പോരുവാന്‍ ഉള്ള സാഹചര്യം ഒരുക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. അവിചാരിതമായി
ഫ്ലൈറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതു മൂലം അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരികെ വരുന്ന പലര്‍ക്കും ജോലിയില്‍
പ്രവേശിക്കുവാന്‍ സാധിക്കാതെ വരുന്നതും സമയ മാറ്റം ഉണ്ടാകുമ്പോള്‍ യാത്രക്കാര്‍ക്ക് ആവശ്യമായ
സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതും പലവിധത്തിലുള്ള അസൌകര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ കുട്ടികളുമായി ഒറ്റയ്ക്ക് യാത്രചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രിക്കെതിരെ മാത്രമല്ല മന്ത്രിയെ
അനുകൂലിക്കുന്ന പ്രവാസി സംഘടനകള്‍ വ്യക്തികള്‍ എന്നിവര്‍ക്കു നേരെയും രൂക്ഷമായ വിമര്‍ശനമാണ് ഓണ്‍ലൈന്‍
ചര്‍ച്ചകളില്‍ ഉയരുന്നത്.