അബുദാബി : ഇന്ത്യന്‍ വിദേശ കാര്യ സെക്രട്ടറി വിജയലതാ റെഡ്ഢിയും യു.എ.ഇ. വിദേശ കാര്യ സഹ മന്ത്രി ഡോ. അന്‍വര്‍ മൊഹമ്മദ് ഗര്ഗാഷും തമ്മില്‍ അബുദാബിയില്‍ നടന്ന ഉന്നത തല ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധങ്ങള്‍ അവലോകനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സൗഹൃദപരമാണെന്ന് യോഗം വിലയിരുത്തി.
2007ല്‍ അവസാനമായി ചേര്‍ന്ന ഇന്തോ യു.എ.ഇ. മന്ത്രി തല സംയുക്ത കമ്മീഷന് എത്രയും നേരത്തെ വീണ്ടും ചേരേണ്ടതിന്റെ ആവശ്യം ഇരു രാജ്യങ്ങളും ചൂണ്ടിക്കാട്ടി.
പരസ്പരമുള്ള വ്യാപാര സാമ്പത്തിക ബന്ധം ശക്തമാണെന്നും യു.എ.ഇ. കൂടുതലായി ഇന്ത്യയിലെ വിവിധ മേഖലകളില്‍ മുതല്‍ മുടക്കണമെന്നും ഇന്ത്യന്‍ സംഘം ആവശ്യപ്പെട്ടു.
തടവുകാരെ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച ഉടമ്പടിയും മറ്റു സുരക്ഷാ കരാറുകളും യോഗത്തില്‍ അവലോകനം ചെയ്തു.