അബുദാബി: യു. എ. ഇ. യിലെ തൊഴിൽ രംഗത്തെ ഏറ്റവും വലിയ പുരസ്കാരമായ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ അഞ്ചു പുരസ്കാരങ്ങളുടെ തിളക്കത്തിൽ ബുർജീൽ ഹോൾഡിംഗ്സ്. ഗ്രൂപ്പിന് കീഴിലുള്ള എൽ. എൽ. എച്ച്. ഹോസ്പിറ്റലും ബുർജീൽ ഹോസ്പിറ്റലും ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കി.
കൂടെ ഔട്ട് സ്റ്റാൻഡിംഗ് വർക്ക് ഫോഴ്സ് വിഭാഗത്തിൽ പുരസ്കാരം നേടിയത് മുസ്സഫ എൽ. എൽ. എച്ച്. ആശുപത്രിയിലെ മലയാളി നഴ്സ് മായാ ശശീന്ദ്രൻ. പതിമൂന്നു വർഷമായി യു. എ. ഇ. യിലെ ആരോഗ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന മായ, പത്തനം തിട്ടയിലെ കൂടൽ സ്വദേശിനിയാണ്. അതോടൊപ്പം അബുദാബി ബുർജീൽ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധ ഡോ. നഷ്വ ബഹാ എൽ-ദിൻ, ലൈഫ് കെയർ ഹോസ്പിറ്റൽ ബനിയാസിലെ സൂപ്പർ വൈസർ ഭരത് കുമാർ എന്നിവരും പുരസ്കാരത്തിന് അർഹരായി.
വിവിധ വിഭാഗങ്ങളിലായി ലഭിച്ച 7,700 അപേക്ഷ കളിൽ നിന്നാണ് കമ്പനികളും വ്യക്തികളും ഉൾപ്പെടുന്ന വിജയികളെ തെരഞ്ഞെടുത്തത്. തൊഴിൽ അവസരങ്ങൾ, തൊഴിൽ ശാക്തീകരണം, ജോലി സ്ഥലത്തെ ആരോഗ്യം, സുരക്ഷ, സർഗ്ഗാത്മകത, നവീകരണം, കഴിവുകൾ കണ്ടെത്തൽ, വേതനം, സാമൂഹിക ഉത്തരവാദിത്വം തുടങ്ങി സമഗ്രവും സംയോജിതവുമായ മാനദണ്ഡങ്ങൾ അനുസരിച്ചാണ് വിദഗ്ദ്ധ സമിതികൾ വിലയിരുത്തിയത്.
ബുർജീൽ ജീവനക്കാരുടെ അർപ്പണ മനോഭാവത്തിനും സുസ്ഥിരവും ആരോഗ്യ കരവുമായ തൊഴിൽ മേഖല വാർത്തെടുക്കാനുള്ള ഗ്രൂപ്പിൻ്റെ പ്രതിബദ്ധതക്കും ലഭിച്ച പുരസ്കാരം ആണ് ഇതെന്നും ബുർജീൽ ഹോൾഡിംഗ്സ് എമിറേറ്റൈസേഷൻ & അക്കാദമിക്സ് ഗ്രൂപ്പ് ഡയറക്ടർ തഹാനി അൽ ഖാദിരി പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, social-media, vps-burjeel, ആരോഗ്യം, പ്രവാസി, ബഹുമതി