ന്യൂയോര്‍ക്ക്: യുഎസ് വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന് (9/11) ശേഷം ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ അമേരിക്കയുടെ പങ്കാളിയായതാണ് പാകിസ്ഥാന്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 9/11 ആക്രമണത്തിന് ശേഷം പാകിസ്ഥാന്‍ അമേരിക്കയുടെ ഒപ്പം ചേര്‍ന്നത് രാജ്യം ചെയ്ത ഏറ്റവും വലിയ മണ്ടത്തരമായിരുന്നു. 70,000 പാകിസ്ഥാനികള്‍ക്കാണ് ഇതിലൂടെ ജീവന്‍ നഷ്ടപ്പെട്ടത്. ഏകദേശം 200 ബില്യണ്‍ നഷ്ടമാണ് പാക് സമ്പത്ത് വ്യവസ്ഥയ്ക്കുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്കില്‍ ഫോറിന്‍റിലേഷന്‍സ് കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഫ്ഗാനിസ്ഥാനില്‍ ഭീകരരെ പൂര്‍ണമായും അമര്‍ച്ച ചെയ്യാന്‍ സാധിക്കാത്തതില്‍ നാം ഇപ്പോഴും യുഎസിനെ പഴിക്കുന്നുവെന്നതാണ് മറ്റൊരു പ്രധാനകാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘1980 കളില്‍ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് യൂണിയന്‍റെ അധിനിവേശത്തെ ചെറുക്കുന്നതിന് വേണ്ടി അമേരിക്കയെ സഹായിച്ചത് പാക്കിസ്ഥാനും പരിശീലനം ലഭിച്ച അല്‍ഖ്വയിദ ഗ്രൂപ്പുമായിരുന്നു. അന്ന് പാക്കിസ്ഥാന്‍ സൈന്യവും രഹസ്യാന്വേഷണ ഏജന്‍സിയുമാണ് അല്‍ഖ്വയിദയെ പരിശീലിപ്പിച്ചത്.
പിന്നീട് അമേരിക്ക അഫ്ഗാനിസ്ഥാനിലെത്തിയപ്പോള്‍ അമേരിക്കയുടെ പ്രവര്‍ത്തനങ്ങള്‍ തീവ്രവാദത്തിനെതിരെ എന്ന നിലയിലേക്ക് വിലയിരുത്തപ്പെട്ടു.അന്ന് പരിശീലനം നേടിയ എല്ലാവരെയും പിന്നീട് ഭീകരവാദികളായി യുഎസ് മുദ്രകുത്തുകയാണ് ചെയ്തത്’. 9/11 ആക്രമണത്തിന് ശേഷം പാകിസ്ഥാന്‍ അമേരിക്കയ്ക്ക് ഒപ്പം ചേരുകയും, ഞങ്ങള്‍ പരിശീലിപ്പിച്ചവര്‍ക്കെതിരെ തന്നെ ഞങ്ങള്‍ക്ക്തിരിയേണ്ടി വന്നുവെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.