ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ഇതിഹാസ ഗായിക ലതാ മങ്കേഷ്കര്‍ (92) അന്തരിച്ചു. കൊവിഡ് ബാധിച്ച് 2022 ജനുവരി 8 മുതൽ ചികില്‍സയില്‍ ആയിരുന്നു. ഫെബ്രുവരി 6 ഞായറാഴ്ച രാവിലെ 8 മണിയോടെ ആയിരുന്നു അന്ത്യം. വൈകുന്നേരം 6 മണി യോടെ മുംബൈ ദാദറിലെ ശിവജി പാർക്കില്‍ സംസ്കാരം നടക്കും. ലതാജിയോടുള്ള ബഹുമാന സൂചകമായി രാജ്യത്ത് രണ്ടു ദിവസം ദു:ഖാചരണം ഉണ്ടാവും.
സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും അഞ്ചു മക്കളില്‍ മൂത്ത മകളാണ് ലതാ മങ്കേഷ്കര്‍. മധ്യ പ്രദേശിലെ ഇന്ദോറിൽ 1929 സെപ്റ്റംബർ 28 നാണ് ലത ജനിച്ചത്. 5 വയസ്സു മുതൽ പിതാവിന്റെ സംഗീത നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി.
1942 ൽ മറാത്തി, ഹിന്ദി സിനിമകളിൽ അഭിനയിച്ചു കൊണ്ടാണ് ചലച്ചിത്ര രംഗത്ത് എത്തുന്നത്. പിന്നീട് ആലാപന രംഗത്തെ നിറ സാന്നിദ്ധ്യം ആവുക യായിരുന്നു.
മറാത്തി, മലയാളം, തമിഴ് തുടങ്ങി 36 പ്രാദേശിക ഭാഷ കളിലും ഹിന്ദിയിലുമായി 40,000 ത്തില്‍ അധികം ഗാന ങ്ങള്‍ക്ക് ഏഴു പതിറ്റാണ്ടില്‍ ഏറെ നീണ്ട സംഗീത ജീവിതത്തില്‍ ലതാജി ശബ്ദം നല്‍കി.
രാമു കാര്യാട്ട് സംവിധാനം ചെയ്‌ത നെല്ല് (1974) എന്ന ചിത്രത്തിൽ വയലാർ എഴുതി സലിൽ ചൗധരി ഈണം പകർന്ന ‘കദളി കൺ കദളി ചെങ്കദളി പൂ വേണോ’ എന്ന സർവ്വ കാല ഹിറ്റ് ഗാനം മലയാള സിനിമക്കും ലതാജിയുടെ ശബ്ദ സാന്നിദ്ധ്യം നൽകി.
രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ പുരസ്കാരം ‘ഭാരതരത്നം’ നൽകി 2001 ൽ ലതാജിയെ ആദരിച്ചു. പത്മഭൂഷണ്‍ (1969), പത്മവിഭൂഷണ്‍ (1999), ദാദാസാഹബ് ഫാല്‍ക്കെ അവാര്‍ഡ് (1989) ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെൻറ് (1993) അവാര്‍ഡ് എന്നിവ നല്‍കി ആദരിച്ചു.