ദുബായ് : യു. എ. ഇ. യിലെ വടകര എൻ. ആർ. ഐ. ഫോറം കൂട്ടായ്മയുടെ ഇരുപതാം വാർഷിക ആഘോഷ ങ്ങളുടെ ഭാഗമായി ഒരുക്കുന്ന ‘പ്രവാസോത്സവം-2022’ നവംബര്‍ 27 ഞായറാഴ്ച 3 മണി മുതല്‍ ദുബായ് ഖിസൈസിലെ ക്രസൻ്റ് സ്കൂൾ അങ്കണത്തിൽ നടക്കും.
വടകരയുടെ ദേശമുദ്രയായ ‘അഞ്ചു വിളക്കി’ന് സമീപം ആരംഭിക്കുന്ന ചിര പുരാതനമായ വടകര ആഴ്ച ചന്തയുടെ പുനഃസൃഷ്ടിയാണ് പ്രവാസോത്സവത്തിന്‍റെ പ്രധാന ആകർഷണീയത.
വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഘോഷ യാത്രയിൽ വടകരയുടെ തനതു ശില്പങ്ങൾ, മുത്തുക്കുട, ചെണ്ട മേളം, മയിലാട്ടം, കരകാട്ടം എന്നിവ അണി നിരക്കും. ഇതോടൊപ്പം കുട്ടികൾക്കായി ചിത്ര രചന മത്സരവും കുടുംബിനികൾക്കായി പായസ മത്സരവും നടക്കും.
തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഗ്ലോബൽ പീസ് അംബാസഡർ ഹുസയ്‌ഫ ഇബ്രാഹിം ഉത്ഘാടനം ചെയ്യും. സാമൂഹ്യ സാംസ്‌കാരിക രംഗ ങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. വിവിധ മേഖല കളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവരെ ആദരിക്കും.
ഒപ്പം കടത്തനാടിൻ്റെ തനതു കലാ പരിപാടികൾ കളരിപ്പയറ്റ്, കോൽക്കളി, വടക്കൻ പാട്ട്, തച്ചോളി പാട്ടുകൾ, നൃത്ത നൃത്യങ്ങൾ അവതരിപ്പിക്കും. പ്രശസ്ത ഗായകർ താജുദ്ധീൻ വടകര, അജയ് ഗോപാൽ, മുനവ്വർ, ഹർഷ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഗാന മേളയും അരങ്ങേറും.