വരാണസി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിയിലെ വരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.2.51 കോടിയുടെ ആസ്തിയുണ്ടെന്നാണ് മോദി നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 1.41 കോടിയുടെ ജംഗമസ്വത്തും 1.1 കോടിയുടെ സ്ഥാവര സ്വത്തും അടങ്ങിയതാണ് ആസ്തി.
1978-ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിഎ ബിരുദവും 1983-ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്ന് ഇന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.അവസാന സാമ്പത്തിക വര്‍ഷത്തില്‍ പ്രധാനമന്ത്രിയുടെ വരുമാനം 19.92 ലക്ഷം രൂപയായിരുന്നു. 2017- സാമ്പത്തിക വര്‍ഷത്തില്‍ 14.59 ലക്ഷം, 2016-ല്‍ 19.23 ലക്ഷം, 2015-ല്‍ 8.58 ലക്ഷം, 2014-ല്‍ 9.69 ലക്ഷം എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വരുമാനം. ശമ്പളവും നിക്ഷേപത്തില്‍ നിന്നുള്ള പലിശയുമാണ് അദ്ദേഹത്തിന്റെ പ്രധാന വരുമാന മാര്‍ഗം.