
തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകൻ ആണ് സിദ്ദീഖ്. ലാലുമായി ചേർന്ന് സംവിധാനം ചെയ്ത ആദ്യ ചിത്രം റാംജി റാവ് സ്പീക്കിംഗ് മെഗാ ഹിറ്റ് ആയിരുന്നു. ഏതാണ്ട് ഒരു വർഷത്തോളം തിയേറ്ററിൽ പ്രദർശിപ്പിച്ച ഈ ചിത്ര ത്തിന് ശേഷവും മെഗാ ഹിറ്റുകളുടെ ഘോഷ യാത്രകള്‍ ആയിരുന്നു ഓരോ സിനിമകളും.
ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, കാബുളീ വാല, ഹിറ്റ്ലർ, ഫ്രണ്ട്സ്, ക്രോണിക് ബാച്ച്ലർ തുടങ്ങിയ ആദ്യ എട്ടു ചിത്രങ്ങളിൽ കാബുളീ വാല, ക്രോണിക് ബാച്ച്ലർ സൂപ്പർ ഹിറ്റ് ആയപ്പോൾ ബാക്കി ആറു ചിത്ര ങ്ങളും മെഗാ ഹിറ്റുകൾ ആയിരുന്നു.
1991 ൽ ഇറങ്ങിയ നാലാമത്തെ ചിത്രമായ ഗോഡ് ഫാദർ സ്ഥാപിച്ച റെക്കോർഡ്, ഇത്രയും വർഷങ്ങൾ കഴിഞ്ഞു ഇന്നും തകർക്കപ്പെടാതെ തങ്ക ലിപികളിൽ എഴുതപ്പെട്ടു കിടക്കുന്നു.
അങ്ങിനെ ഏതൊരു സംവിധായകനും കൊതിക്കുന്ന നിരവധി ഹിറ്റുകളുടെ ട്രാക് റെക്കോർഡ് ഉള്ള സിദ്ദീഖ് ഈയിടെ ഒരു പ്രമുഖ ചാനലിൽ കൂട്ടുകാരൻ ലാലും ചേര്‍ന്നുള്ള പഴയ കാല അനുഭവ കഥകൾ പറയുന്ന കൂട്ട ത്തില്‍ രസകരവും കൗതുക കരവുമായ ഒരു കഥ പറയുകയുണ്ടായി. ആ സംഭവ കഥയിലേക്ക് നമുക്കൊന്ന് കടക്കാം.

സിദ്ദീഖും ലാലും ചേർന്ന് സിദ്ദീഖ് – ലാൽ എന്ന ബ്രാൻഡിൽ മിമിക്രി കളിച്ചു കൊണ്ടിരുന്ന കാലം. അന്ന് എറണാകുളത്തു നിന്നും അല്പം മാറിയുള്ള പൊന്നാരി മംഗലം ദേശത്താണ് സിദ്ദീഖ് ലാലിന്‍റെ സ്റ്റേജ് ഷോ. അവിടെയുള്ള ഒരു അമ്പലത്തിൽ നടക്കുന്ന ഉത്സവവുമായി ബന്ധപ്പെട്ടുള്ള പരിപാടി ആണ്. അന്ന് എറണാ കുളത്തു നിന്നും പൊന്നാരി മംഗലത്തേക്കു പോവാൻ പാലം വന്നിട്ടില്ലായിരുന്നു. അത് കൊണ്ട് തന്നെ ബോട്ടിൽ ആയിരുന്നു യാത്ര. ഉത്സവ ത്തിനോട് അനുബന്ധിച്ചുള്ള നോട്ടീസിൽ സിദ്ധീഖ് – ലാൽ അവതരിപ്പിക്കുന്ന മിമിക്രി എന്നു അച്ചടിച്ച് വന്നു.
അവർ പരിപാടി തുടങ്ങാൻ തയ്യാറെടുക്കുമ്പോൾ ആയിരുന്നു സംഘാടകരുടെ വരവ്.
അതേയ്, വേറെ രണ്ടു പേര് മിമിക്രി അവതരിപ്പിക്കാൻ വന്നിട്ടുണ്ട്. സംഘാടകർ പറഞ്ഞത് കേട്ടു സിദ്ദീക്കും ലാലും മുഖത്തോടു മുഖം നോക്കിയ ശേഷം പരിഭവത്തോടെ പറഞ്ഞു ‘നോട്ടീസില് ഞങ്ങളുടെ പരിപാടിയെ കുറിച്ച് മാത്രമേ കണ്ടുള്ളു’ സിദ്ദീഖ് ലാലുമാരുടെ ആധി കണ്ടപ്പോൾ അവർ പറഞ്ഞു:
‘കൊഴപ്പമൊന്നുമില്ലന്നേ…. അവരങ്ങനെ പ്രൊഫഷണൽസ് ഒന്നുമല്ല. ഇവിടത്തെ പരിപാടിക്കു ഞങ്ങളുടെ അതിഥികളായി വന്ന രണ്ടു കോളേജ് പിള്ളേരാ….
“ഓഹ്.. അങ്ങനെ.. ” സംഘാടകരുടെ വിശദീകരണം കേട്ടപ്പോൾ സിദ്ദീഖിനും ലാലിനും ആശ്വാസം.!
ഉടനെ വന്നു കുഴപ്പിക്കുന്ന അടുത്ത ചോദ്യം.!
അല്ലാ… അവർ നിങ്ങൾക്ക് മുന്നേ സ്റ്റേജിൽ കയറണോ അതോ നിങ്ങൾക്കു ആദ്യം കയറണോ…?
അപ്രതീക്ഷിതമായി വന്ന ഈ ചോദ്യത്തിന് മുന്നിൽ ഒരാലോചനക്കു ശേഷം സിദ്ദീഖ് ലാൽമാർ പറഞ്ഞു, അതിഥികളല്ലേ കൊഴപ്പമില്ല, അവർ കയറിക്കോട്ടെ.
അങ്ങനെ എറണാകുളത്തെ ഒരു പ്രമുഖ കോളേജിൽ പഠിക്കുന്ന ആ വിദ്യാർത്ഥികൾ പരിപാടി അവതരിപ്പിക്കാനായി സ്റ്റേജിലേക്ക് കയറി.
അന്ന് സിദ്ദീഖ് പ്രീഡിഗ്രിക്ക് പഠിക്കുകയായിരുന്നു. പരിപാടി അവതരിപ്പിക്കാൻ എത്തിയവർ സിദ്ദീഖിന്‍റെ സൂപ്പർ സീനിയേഴ്സ് ആയിരുന്നു. അതിലൊരാൾ പരിചയക്കാരനും കൂടിയായിരുന്നു.
തങ്ങളുടെ സുഹൃത്തായ കലാഭവൻ അൻസാറിന്‍റെ ജ്യേഷ്ഠൻ ഷറഫും കൂട്ടുകാരനും കൂടിയായിരുന്നു സ്റ്റേജിലേക്ക് കയറിയ ‘അതിഥി കലാകാരന്മാർ’.
ഷറഫും കൂട്ടുകാരനും സ്റ്റേജിൽ പരിപാടി തകർക്കുന്നു. ആളുകൾ ആ മിമിക്രി കണ്ടു ആർത്തു ചിരിക്കുന്നുണ്ട് . എന്നാൽ സിദ്ദീഖിനും ലാലിനും ഒട്ടും ചിരി വന്നില്ല എന്ന് മാത്രമല്ല ആളുകളുടെ ചിരി കണ്ടു ഇരുവരും ഇരുന്നു വിയർക്കാനും തുടങ്ങി.
ഇപ്പോൾ സ്റ്റേജിൽ കളിച്ചു കൊണ്ടിരിക്കുന്നവർക്കു ആദ്യം അവസരം കൊടുത്തത് അബദ്ധമായിപ്പോയി എന്നവർക്ക് തോന്നിപ്പോയി.
എന്താണവിടെ നടന്നതെന്നോ? കൂട്ടുകാരൻ കലാഭവൻ അൻസാറിന്‍റെ സഹോദരൻ ഷറഫ്, അദ്ദേഹം സിദ്ധീഖ് ലാലിന്‍റെ മിമിക്രി സ്റ്റേജ് പരിപാടി പലവട്ടം കണ്ടിട്ടുളള ആളാണ്. അതിൽ നിന്നും പറ്റാവുന്ന സാധനങ്ങൾ എല്ലാം അടിച്ചു മാറ്റിയാണ് ഇവിടെ അവർ സ്റ്റേജിൽ കയറിയിരിക്കുന്നതു തന്നെ!!!.
അതായതു സിദ്ദീക്കും ലാലും ഇപ്പോൾ സ്റ്റേജിൽ അവതരിപ്പിക്കേണ്ട എല്ലാ ഐറ്റങ്ങളും ഷറഫും കൂട്ടുകാരനും സ്റ്റേജിൽ അവതരിപ്പിച്ചു തകർക്കുകയാണ്… !!!
യുദ്ധക്കളത്തിൽ വച്ച് ആയുധം നഷ്ടപ്പെട്ട പോരാളി കളുടെ അവസ്ഥയിൽ ആയി സിദ്ദീക്കും ലാലും.
എന്ത് ചെയ്യും..? തങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള യാതൊരു ദുരുദ്ദേശത്തോടെയും ആയിട്ടല്ല അൻസാറിന്‍റെ ചേട്ടൻ ഷറഫ് ഇക്ക തങ്ങളുടെ ഐറ്റംസ് എടുത്തു പയറ്റുന്നത് എങ്കിലും അക്ഷരാർത്ഥത്തിൽ പണി കിട്ടിയിരിക്കുന്നത് തങ്ങൾക്കാണ് എന്നവർ മനസ്സിലാക്കി.
കൂടുതൽ ചിന്തിച്ചു നിൽക്കാനും സമയമില്ല. പെട്ടെന്ന് തന്നെ ആൾക്കൂട്ടത്തിൽ നിന്നും മാറി ആലോചന തുടങ്ങി.
ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കിൽ പണി പാളും. അവതരിപ്പിക്കാൻ കൊണ്ടു വന്ന ഐറ്റം മാറ്റാതെ ഇനി സ്റ്റേജിൽ കയറിയാൽ തങ്ങൾക്കു മുന്നേ അവതരിപ്പിച്ച മിമിക്രി യുടെ കോപ്പിയടി എന്നും പറഞ്ഞു കാണികളുടെ കൂവൽ ഉറപ്പാണ്.
പരിപാടിയിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് സിദ്ദീഖ്- ലാൽ ചർച്ച തുടങ്ങി. ആദ്യത്തെ ഐറ്റം മാറ്റി എടുത്തപ്പോൾ അവർക്കു തന്നെ കൊള്ളാം എന്ന് തോന്നി. അങ്ങനെ അടുത്ത ഐറ്റവും വേണ്ട രീതിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചു.
അങ്ങനെ അങ്ങനെ അവതരിപ്പിക്കാൻ ഇരുന്ന എല്ലാ സാധനങ്ങളിലും വേണ്ട പോലെ മാറ്റം വരുത്തി ക്കഴിഞ്ഞപ്പോൾ അവർക്കു സ്റ്റേജിൽ കയറാനുള്ള ആത്മ വിശ്വാസമായി. ഷറഫും കൂട്ടുകാരനും പരിപാടി അവതരിപ്പിച്ചു കഴിഞ്ഞ പ്പോൾ കാണി കളുടെ ഭാഗത്തു നിന്നും നിറഞ്ഞ കയ്യടി ആയിരുന്നു.
ശേഷം അടുത്ത അനൗൺസ്‌മെന്‍റ് വന്നു.
“അടുത്തതായി മലയാള സിനിമയുടെ ഭാവി വാഗ്ദാനം ഉണ്ണിമേരി അവതരിപ്പിക്കുന്ന നൃത്തമാണ്.’’

അതെ നമുക്കെല്ലാം അറിയാവുന്ന സിനിമാ നടി ഉണ്ണി മേരി തന്നെ.! അക്കാലത്തു ഉണ്ണിമേരി ബാല താരമായി രണ്ടു സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞിരുന്നു. അതി സുന്ദരി കൂടിയായ ഉണ്ണിമേരി മലയാള സിനിമ കീഴടക്കും എന്ന് അക്കാലത്തു സിനിമയുമായി ബന്ധമുള്ളവരും കലാസ്വാദകരും വിശ്വസിച്ചിരുന്നു.
ഉണ്ണി മേരിയുടെ നൃത്തത്തിന് ശേഷം സ്റ്റേജിൽ നിന്നും മറ്റൊരു അനൗൺസ്‌മെന്‍റ് : ‘സഹൃദയരെ അടുത്തതായി സുപ്രസിദ്ധ മിമിക്രി താരങ്ങളായ സിദ്ദീഖ് ലാൽ അവതരിപ്പിക്കുന്ന മിമിക്രിയാണ്.’
കേട്ടപ്പോൾ തന്നെ സദസ്യരിൽ നിന്നും കയ്യടി വന്നു. കാരണം സിദ്ദീഖ് – ലാൽ എറണാകുളത്തും പുറത്തും ഇതിനോടകം പ്രശസ്തരായി തുടങ്ങിയിരുന്നു.
സ്റ്റേജിൽ കയറിയപ്പോൾ പതിവില്ലാത്ത ഒരു ഭയം.! പെട്ടെന്ന് തട്ടിക്കൂട്ടിയ മാറ്റം ആണല്ലോ. ജനം ഏതു രീതിയിൽ സ്വീകരിക്കും എന്നതിനെ കുറിച്ച് ഓർക്കുമ്പോൾ..!
പരിപാടി തുടങ്ങിആദ്യ ഐറ്റം വന്നപ്പോൾ തന്നെ ജനം ആർത്തു ചിരിച്ചു. സിദ്ദീഖിനും ലാലിനും ആത്മ വിശ്വാസം വർദ്ധിച്ചു. ഇനി ഒന്നും നോക്കാനില്ല. ഒന്നിന് പിറകെ ഒന്നായി ഐറ്റംസ് വന്നപ്പോൾ കാണികൾ നിറഞ്ഞ കയ്യടികളോടെ ആർത്തു ചിരിച്ചു. ഒടുവിൽ വമ്പൻ വിജയത്തോടെ പരിപാടി സമാപിച്ചു.
സന്തോഷം നിറഞ്ഞ മനസ്സുമായി സിദ്ദീക്കും ലാലും മടക്കമായി. എറണാകുളത്തേക്കു തിരിക്കാനായി ഇരുവരും ജെട്ടിയിൽ എത്തിയപ്പോൾ ബോട്ട് കിടപ്പുണ്ട്. കയറാനായി ബോട്ടിനടുത്ത് എത്തിയപ്പോഴാണ് ബോട്ടിനു മുന്നിൽ ഒരു തർക്കം നടക്കുന്നത് ശ്രദ്ധയിൽ പെട്ടത്.
സ്റ്റേജിൽ നൃത്തം അവതരിപ്പിച്ച നർത്തകി ഉണ്ണിമേരി ബോട്ടിൽ കയറാതെ ഉടക്കി നിൽക്കുകയാണ്.
അമ്പലപ്പറമ്പിൽ ആദ്യം മിമിക്രി അവതരിപ്പിച്ച ഷറഫുക്കയും കൂട്ടുകാരനും ബോട്ടിൽ കയറി. ബോട്ടിലേക്ക് കയറാതെ ഉണ്ണിമേരി പക്ഷെ പ്രശ്നത്തിലാണ്. താൻ യാത്ര ചെയ്യുന്ന ബോട്ടിൽ വേറെ യാത്രക്കാർ ആരും ഉണ്ടാകാൻ പാടില്ല. അത് കൊണ്ട് ബോട്ടിൽ കയറി ഇരിക്കുന്നവരെ ഇറക്കണം എന്നാലേ താൻ കയറൂ എന്നാണു ഉണ്ണിമേരിയുടെ വാദം.
‘പുറത്തു നിന്നുള്ളവർ അല്ല, നമ്മുടെ പരിപാടിക്ക് വന്നവർ തന്നെയാണ് ബോട്ടിൽ ഇരിക്കുന്നത്. അവരാ മൂല യിൽ ഇരുന്നു കൊള്ളും. കുട്ടി പേടിക്കേണ്ട ’ എന്ന് സംഘാടകർ താഴ്മയായി ഉണ്ണി മേരിയോട് പറയുന്നുണ്ട്. പക്ഷെ ഉണ്ണിമേരി വാശിയിൽ തന്നെ ആണ്.
തർക്കം മനസ്സിലായ സിദ്ദീഖിനും ലാലിനും ഈ ബോട്ടിൽ തങ്ങൾക്കു പോകാൻ പറ്റില്ല എന്ന കാര്യം ബോധ്യമായി.
താൻ ഒരു താരമായി മാറിക്കഴിഞ്ഞു എന്ന തോന്നലാവാം ഉണ്ണിമേരി അങ്ങനെ പറയാൻ കാരണം. നിലവിലെ പ്രശ്‌നം തീർത്തിട്ട് നിങ്ങൾക്ക് അടുത്ത ബോട്ടിൽ പോകാം എന്ന് സംഘാടകർ സിദ്ദീഖ് ലാലിനോട് പറഞ്ഞപ്പോൾ പാവങ്ങൾ സമ്മതിച്ചു ഒരു മൂലയിൽ മാറി നിന്നു.
കമ്മിറ്റിക്കാർ ബോട്ടിൽ ചെന്ന് ഷറഫിനോടും കൂട്ടുകാരനോടും വിവരം പറഞ്ഞു.
‘നിങ്ങൾ യാത്രയിൽ ഉണ്ടെങ്കിൽ ഉണ്ണിമേരി കയറില്ല എന്നാ പറയുന്നത്. അതു കൊണ്ടു ദയവു ചെയ്തു സഹകരിക്കണം നിങ്ങൾക്കുള്ള അടുത്ത ബോട്ട് ഉടനെ എത്തും. ഒന്നിറങ്ങിത്തരണം അപേക്ഷയാണ്’.
അവരുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ ഷറഫ് കൂട്ടുകാരനോട് വാടാ നമുക്ക് ഇറങ്ങാം എന്ന് പറഞ്ഞു ഇറങ്ങാൻ തയ്യാറായപ്പോൾ ആണ് കൂട്ടുകാരന്‍റെ വക ട്വിസ്റ്റ് ഡയലോഗ് !!
“നീ അവിടെ ഇരി. നമ്മൾ ആദ്യം വന്നു കയറിയതാ അവർക്കു വേണമെങ്കിൽ ഇതിൽ യാത്ര ചെയ്യാം. അല്ലെങ്കിൽ അവർ അടുത്ത ബോട്ടിനു വരട്ടെ. നമ്മൾ ഇറങ്ങാനൊന്നും പോകുന്നില്ല”.
ഷറഫിന്‍റെ കൂട്ടുകാരന്‍റെ നിലപാടിൽ സംഘാടകർ കുഴഞ്ഞു. എത്ര അപേക്ഷിച്ചിട്ടും അവർ വഴങ്ങുന്നില്ല. ഇത്ര വലിയ യാത്രാ ബോട്ടിൽ നമ്മൾ കൂടി ഇരുന്നാൽ അവർക്കെന്താണ് പ്രശ്നം എന്ന ഷറഫിന്‍റെ കൂട്ടുകാരന്‍റെ ന്യായമായ ചോദ്യത്തിന് മുന്നിൽ കമ്മിറ്റിക്കാർക്ക് ഉത്തരം മുട്ടി.
അവർ നിസ്സഹായാവസ്ഥ ഉണ്ണിമേരിയെ ധരിപ്പിച്ചു. കുട്ടീ എത്ര പറഞ്ഞിട്ടും അവർ ഇറങ്ങാൻ കൂട്ടാക്കുന്നില്ല. ഒന്നുകിൽ കുട്ടിക്ക് ഈ ബോട്ടിൽ അവരോടൊപ്പം യാത്ര ചെയ്യാം. അല്ലെങ്കിൽ കുട്ടി ഇവിടെ കാത്തിരിക്കൂ, അടുത്ത ബോട്ടിൽ പോകാം.
ആ ചെറുപ്പക്കാർക്ക് മുന്നിൽ വാശി കാണിച്ചാൽ ഈ ബോട്ടിൽ തനിക്കു പോകാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ഉണ്ണിമേരി അവരോടൊപ്പം ആ ബോട്ടിൽ കയറാൻ തീരുമാനിച്ചു. സിദ്ദീഖിന്‍റെയും ലാലിന്‍റെയും കാര്യത്തിൽ മാറ്റം ഒന്നും ഉണ്ടായില്ല. അവർ പുറത്തു തന്നെ!
കാലങ്ങൾക്കു ശേഷം സിദ്ദീഖ് ലാൽ സംവിധാനം ചെയ്ത ഗോഡ് ഫാദർ എന്ന സിനിമയിൽ പഴയ നര്‍ത്തകി ഉണ്ണി മേരിയും ഒരു വേഷത്തിൽ അഭിനയിച്ചു എന്നത് ചരിത്രത്തിലെ കൗതുകം..!
ഗോഡ് ഫാദർ ലൊക്കേഷനിൽ വച്ച് സിദ്ദീഖ് ഉണ്ണി മേരിയോട് ആ പഴയ സംഭവം തമാശയായി പറഞ്ഞപ്പോൾ അയ്യോ തനിക്കതൊന്നും ഓർമ്മയിൽ ഇല്ല എന്നാണത്രെ ഉണ്ണിമേരി പറഞ്ഞത്. പ്രായത്തിന്‍റെ ചാപല്യ ത്തിൽ ചെയ്തു പോയതാവാം.
തങ്ങളുടെ പഴയകാല കഥകളിൽ ഒന്ന് തമാശ രൂപേണ സിദ്ദീഖ് പറഞ്ഞു പോയി എങ്കിലും ജീവിതത്തിൽ പകർത്തേണ്ടുന്ന വലിയൊരു പാഠം ഈ കഥയിൽ ഉണ്ടെന്നു ശ്രദ്ധിച്ചാൽ മനസ്സിലാകും…
അതാണ് ഞാൻ തുടക്കത്തിലേ കുറിച്ചിട്ടത് : നാം വളരെ ഉയരത്തിലാണ് എന്ന് തോന്നുന്ന സമയത്തു നമ്മുടെ മുന്നിൽ കാണുന്ന ചെറിയവർ എന്ന് തോന്നുന്നവരെ പുച്ഛിക്കാതിരിക്കുക. കാരണം നമ്മൾ പുച്ഛത്തോടെ കണ്ടവരെ നാളെ നമ്മളെക്കാൾ ഉയരത്തിൽ കൊണ്ടിരുത്തണം എന്ന് ദൈവം ഒരു പക്ഷെ തീരുമാനിച്ചിട്ടുണ്ടാകാം. അങ്ങനെ സംഭവിച്ചാൽ ഇന്ന് കാണിച്ച അഹങ്കാരത്തിനു നാളത്തെ പശ്ചാത്താപം പോരാതെ വന്നേക്കും.!!
ഇനി ചെറിയൊരു ട്വിസ്റ്റോടെ കഥയിലെ ക്ലൈമാക്സിലേക്ക് കടക്കാം.
കലാഭവൻ അൻസാറിന്‍റെ ചേട്ടൻ ഷറഫിനെയും കൂട്ടുകാരനെയും ഉണ്ണിമേരിയെയും ഒപ്പമുള്ളവരെയും വഹിച്ചു രാത്രി വൈകി പൊന്നാരി മംഗലത്ത് നിന്നും ബോട്ട് എറണാകുളത്തേക്കു പുറപ്പെടുമ്പോൾ സിദ്ദീക്കും ലാലും ഇരുട്ട് നിറഞ്ഞ ബോട്ടു ജെട്ടിയുടെ ഒരു മൂലയിൽ നിസ്സഹായതയോടെ നോക്കി നിൽക്കുകയായിരുന്നു.
ഏതു വലിയ വിഷമ ഘട്ടവും തമാശയിലൂടെ മാത്രം കാണാൻ ശീലിച്ച സിദ്ദീഖ് – ലാൽ, കാരണമില്ലാതെ തങ്ങൾക്കു യാത്ര നിഷേധിച്ച ആ ബോട്ട് തങ്ങളിൽ നിന്നകന്നു പോകുന്നതും ഒരു തമാശയായി കണ്ടോ എന്നറിയില്ല. പക്ഷെ ഒരു വ്യാഴ വട്ടക്കാലത്തിനു ശേഷം, ഗോഡ് ഫാദർ ഷൂട്ട് സമയത്തു അതൊരു വലിയ തമാശയായി സിദ്ദീഖ് ലാൽ ആസ്വദിച്ചിരിക്കണം. തീർച്ച!
ബോട്ട് എറണാകുളം എത്തിയപ്പോൾ ഷറഫും കൂട്ടു കാരനും ഉണ്ണി മേരിയും ബോട്ടിറങ്ങി. ഉണ്ണി മേരി അവരുടെ വീട്ടിലേക്ക് മടങ്ങി. ഷറഫും കൂട്ടുകാരനും അവരുടെ വഴിക്കും പോയി.
താമസിയാതെ സിനിമാ പണ്ഡിറ്റുകളുടെ പ്രവചനം പോലെ ഉണ്ണിമേരി സിനിമയിൽ എത്തി. അക്കാലത്തു സൂപ്പർ താരമായിരുന്ന പ്രേംനസീറിന്‍റെ കൂടെയും അഭിനയിക്കുവാൻ വരെ അവസരം ലഭിച്ചു . പല സിനിമ കളിലും നായികയായി തിളങ്ങി.
ഇതിനിടെ മറ്റൊരു പുതുമുഖ നടനും ചലച്ചിത്ര രംഗത്ത് എത്തി. ചെറു വേഷങ്ങളിലൂടെയും പ്രതി നായകന്‍ ആയും നായകന്‍ ആയും ആ നടൻ മുന്നേറി. ഇതിനിടെ എപ്പോഴോ ഉണ്ണിമേരിയുടെ നായകനുമായി അയാൾ ജൈത്ര യാത്ര തുടർന്നു. നായികാ സ്ഥാനത്ത് നിന്നും മാറി സഹ നടിയായി എങ്കിലും ഫീൽഡിൽ നില നിൽക്കാൻ ഉണ്ണി മേരി പെടാ പാട് പെടുമ്പോൾ സിനിമയിൽ തിളങ്ങാൻ അവസരം കിട്ടിയ ആ നടൻ കത്തിക്കയറുകയായിരുന്നു.
ആരായിരുന്നു ആ നടൻ ? ഉണ്ണിമേരി ബോട്ടിൽ നിന്നിറങ്ങാൻ പറഞ്ഞിട്ടും സൗകര്യമില്ല വേണമെങ്കിൽ ഇതിൽ യാത്ര ചെയ്യാം അല്ലെങ്കിൽ ഇയാൾ അടുത്ത ബോട്ടിൽ വന്നോളൂ എന്ന് നിലപാട് എടുത്ത ആ പഴയ മിമിക്രിക്കാരൻ തന്നെ!!
നായകനിൽ നിന്നും സൂപ്പർ താരമായും സൂപ്പർ നടനായും ഇന്ത്യ മുഴുവൻ എന്നല്ല ലോകം മുഴുവൻ തന്നെ അറിയുന്ന അഭിനേതാവായി മെഗാ താരമായി ആ പഴയ മിമിക്രിക്കാരൻ വൻ വൃക്ഷമായി വളർന്നു. എഴുപത്തി ഒന്നിന്‍റെ നിറവിൽ ഇന്നും മമ്മൂട്ടി എന്ന ആ പഴയ മിമിക്രിക്കാരൻ മഹാനടനായി പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു. അതെ, മലയാള ത്തിന്‍റെ സ്വന്തം മമ്മൂക്ക തന്നെ .!
നേരത്തേ എഴുതിയ വാചകങ്ങൾ ഒരിക്കൽ കൂടി ഒന്നു വായിക്കാം. നാം വളരെ ഉയരത്തിലാണ് എന്ന് തോന്നുന്ന സമയത്തു നമ്മുടെ മുന്നിൽ കാണുന്ന ചെറിയവർ എന്ന് തോന്നുന്നവരെ പുച്ഛിക്കാതിരിക്കുക. കാരണം നമ്മൾ പുച്ഛത്തോടെ കണ്ടവരെ നാളെ നമ്മളെക്കാൾ ഉയരത്തിൽ കൊണ്ടിരുത്തണം എന്ന് ദൈവം ഒരു പക്ഷെ തീരുമാനിച്ചിട്ടുണ്ടാകാം. അങ്ങനെ സംഭവിച്ചാൽ ഇന്ന് കാണിച്ച അഹങ്കാരത്തിനു നാളത്തെ പശ്ചാത്താപം പോരാതെ വന്നേക്കും.!!!
-തയ്യാറാക്കിയത് : ആരിഫ് പി. കെ. വി. അബുദാബി.