
ചലച്ചിത്ര സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ. കരുൺ (73) അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ തിരുവനന്ത പുരം വഴുതക്കാട്ടെ വസതിയായ ‘പിറവി’ യിലായിരുന്നു അന്ത്യം. ദേശീയ, അന്തർ ദേശീയ തലങ്ങളിൽ ശ്രദ്ധ നേടിയ നിരവധി മലയാള സിനിമകളുടെ ക്യാമറാ മാൻ, സംവിധായകൻ എന്നീ നിലകളിലുള്ള അതുല്യ പ്രതിഭയാണ് ഷാജി എൻ. കരുൺ.
കെ. പി. കുമാരൻ്റെ ലക്ഷ്മി വിജയം (1976) എന്ന സിനിമ യിലൂടെ ഛായാഗ്രഹകനായി രംഗ പ്രവേശം ചെയ്ത ഷാജി, പിന്നീട് ഞാവൽപ്പഴങ്ങൾ, കാഞ്ചന സീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത് എന്നിങ്ങനെ ജി. അരവിന്ദൻ സിനിമകൾ, എം. ടി. വാസുദേവൻ നായർ, ഹരിഹരൻ, ലെനിൻ രാജേന്ദ്രൻ, കെ. ജി. ജോർജ്ജ്, പദ്മരാജൻ, മോഹൻ തുടങ്ങി പ്രമുഖരുടെ സിനിമകൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ചു.
പ്രേംജിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത പിറവി (1988), സ്വം (1994), മോഹൻ ലാലിന്റെ വാനപ്രസ്ഥം (1999), മമ്മൂട്ടിയുടെ കുട്ടിസ്രാങ്ക് (2010), ജയറാം അഭിനയിച്ച സ്വപാനം (2014), ഓള് (2018) തുടങ്ങി സംവിധാനം ചെയ്ത സിനിമകൾ എല്ലാം ശ്രദ്ധിക്ക പ്പെടുകയും വിവിധ പുരസ്കാരങ്ങൾ നേടുകയും ചെയ്തു.
ആദ്യ സംവിധാന സംരംഭമായ ‘പിറവി’ ക്ക് കാൻ ഫിലിം ഫിലിം ഫെസ്റ്റിവലിൽ ഗോൾഡെൻ ക്യാമറ എന്ന പ്രത്യേക പരാമർശം അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. രണ്ടാമത്തെ ചിത്രമായ ‘സ്വം’ കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത ഏക മലയാള സിനിമ എന്നുള്ള സവിശേഷത കൂടിയുണ്ട്.
സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന പ്രസിഡണ്ട് എന്നീ പദവികൾ വഹിച്ചു.