അബുദാബി : റോഡിൽ ചുവപ്പ് ട്രാഫിക് ലൈറ്റ് മുറിച്ചു കടന്നാൽ ഡ്രൈവർമാർക്ക് 1,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിൻ്റുകളും ശിക്ഷ ലഭിക്കും. നിയമ ലംഘകരുടെ വാഹനം 30 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ ആയിരിക്കും. ചുവപ്പു സിഗ്നൽ മറി കടക്കുന്നതിൻ്റെ അപകട ദൃശ്യങ്ങൾ പങ്കു വെച്ച് കൊണ്ടാണ് അബുദാബി പോലീസ് വീണ്ടും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അബുദാബി എമിറേറ്റിലെ നിയമം അനുസരിച്ച് (2022ലെ Law No.5), അശ്രദ്ധമായി വാഹനം ഓടിച്ച് അപകടങ്ങൾ ഉണ്ടാക്കുന്നവരുടെ കാറുകൾ പോലീസിൽ നിന്ന് മോചിപ്പിക്കുന്നതിന് 50,000 ദിർഹം വരെ പിഴ നൽകേണ്ടി വരും. പിടിച്ചെടുത്ത തീയ്യതി മുതൽ മൂന്നു മാസത്തിനകം പിഴയടച്ച് വാഹനം ഉടമ തിരിച്ചെടുത്തില്ല എങ്കിൽ അവ പൊതു ലേലത്തിൽ വിൽക്കും.
നിയമ ലംഘനം മൂലം സംഭവിക്കുന്ന ഗുരുതരമായ രണ്ട് അപകടങ്ങളുടെ 49 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് പോലീസിൻ്റെ സോഷ്യൽ മീഡിയ ചാനലുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡ്രൈവ് ചെയ്യുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗം മൂലം ശ്രദ്ധ തിരിക്കുന്നതിൻ്റെ അപകടങ്ങളെ ക്കുറിച്ച് ഡ്രൈവർമാരെ ബോധവൽക്കരിക്കുന്നു.