അബുദാബി : ലോകത്തെ ഏറ്റവും സമ്പന്നരുടെ റാങ്കിംഗുമായി ഈ വർഷത്തെ ഫോബ്‌സ് ആഗോള പട്ടിക പ്രസിദ്ധീകരിച്ചു. ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടികയിൽ 9 മലയാളികള്‍ ഇടം നേടി.
ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലിയാണ് ഏറ്റവും സമ്പന്നനായ ലോക മലയാളി. 5.3 ബില്യൺ ഡോളർ സമ്പത്തുള്ള അദ്ദേഹം ലോക റാങ്കിംഗിൽ 497 ആം സ്ഥാനത്താണ്.
ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാല കൃഷ്ണൻ (3.2 ബില്യൺ), ആർ. പി. ഗ്രൂപ്പ് സ്ഥാപകൻ രവി പിള്ള (3.2 ബില്യൺ), ജെംസ് എഡ്യൂക്കേഷൻ മേധാവി സണ്ണി വർക്കി (3 ബില്യൺ), ജോയ് ആലുക്കാസ് ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസ് (2.8 ബില്യൺ), ബുർജീൽ ഹോൾ ഡിംഗ്‌സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ, ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ എന്നിവരാണ് സമ്പന്ന മലയാളി കളിൽ മുൻ നിരയിൽ.
2.2 ബില്യൺ സമ്പത്തുള്ള ഡോ. ഷംഷീറാണ് ഏറ്റവും സമ്പന്നനായ യുവ മലയാളി. ബൈജു രവീന്ദ്രൻ (2.1 ബില്യൺ) രണ്ടാം സ്ഥാനത്തും. ഇൻഫോസിസ് സഹ സ്ഥാപകൻ എസ്. ഡി. ഷിബു ലാൽ (1.8 ബില്യൺ), വി- ഗാർഡ് ഗ്രൂപ്പ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (1 ബില്യൺ) എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റു മലയാളികൾ.
169 ഇന്ത്യക്കാർ ഇടം നേടിയ ശത കോടീശ്വര പട്ടിക യിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി (83.4 ബില്യൺ), അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി (47.2 ബില്യൺ) എച്ച്. സി. എൽ. സഹ സ്ഥാപകൻ ശിവ് നാടാർ (25.6 ബില്യൺ) എന്നിവ രാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
2,640 ലോക സമ്പന്നരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടിക യിൽ ഒന്നാമത് 211 ബില്യൺ ഡോളർ ആസ്തി യുമായി ലൂയി വിറ്റൻ, സെഫോറ ഫാഷൻ ആഡംബര ബ്രാൻഡു കളുടെ ഉടമ ബെർണാഡ് അർനോൾഡ്. ടെസ്‌ല, സ്‌പേസ് എക്സ്, സഹ സ്ഥാപകൻ ഇലോൺ മസ്‌ക് (180 ബില്യൺ), ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് (114 ബില്യൺ) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ലോകത്തെ പകുതിയോളം കോടീശ്വരന്മാരുടെ സമ്പത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇടിവു വന്നിട്ടുണ്ട് എന്നാണ് ഫോബ്‌സ് അധികൃതരുടെ വിലയിരുത്തൽ. 254 പേർ പട്ടികയിൽ നിന്ന് പുറത്തു പോയപ്പോൾ 150 സമ്പന്നർ പട്ടികയിൽ ആദ്യമായി ഇടം നേടി. Forbes : Billionaires List